തൃശൂര്‍: ജനതാദള്‍ യു നേതാവായിരുന്ന പെരിങ്ങോട്ടുകര പി.ജി. ദീപക് കൊലക്കേസില്‍ പ്രതികളായ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ കുറ്റക്കാരല്ലെന്നുകണ്ട് കോടതി വെറുതെവിട്ടു. പെരിങ്ങോട്ടുകര മരോട്ടിക്കല്‍ ഋഷികേശ്, മുറ്റിച്ചൂര്‍ കൂട്ടാല നിജില്‍, കാരമുക്ക് കൊച്ചത്ത് പ്രശാന്ത്, പൂക്കോട് പ്ലാക്കില്‍ രശാന്ത്, പെരിങ്ങോട്ടുകര വാലപ്പറമ്പില്‍ ബ്രഷ്‌നേവ്, തറയില്‍ ശിവദാസ്, മുറ്റിച്ചൂര്‍ മാമ്പുള്ളി രാഗേഷ്, ചാഴൂര്‍ കുരുതുരുളങ്ങര ബൈജു, പെരിങ്ങോട്ടുകര കാരയില്‍ സനന്ദ്, കാട്ടൂര്‍ വിയ്യത്ത് സരസന്‍ എന്നിവരെയാണ് തൃശൂര്‍ രണ്ടാംക്ലാസ് സെഷന്‍സ് ജഡ്ജ് നിക്‌സണ്‍ ജോസഫ് വെറുതെവിട്ടത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു മരിച്ച ദീപക്. ദീപകിനെ കൊലപ്പെടുത്തിയത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. ജില്ലയില്‍ ഏറെ രാഷ്‌ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച സംഭവമായിരുന്നു ദീപകിന്റെ കൊലപാതകം. പ്രോസിക്യൂഷന്‍ 77 സാക്ഷികളെയും മൂവായിരത്തിലധികം പേജുള്ള 106 രേഖകളും ഹാജരാക്കിയെങ്കിലും കേസ് തെളിയിക്കാനായില്ല.
2015 മാര്‍ച്ച് 24നാണ് ദീപകിന്റെ മരണം സംഭവിച്ചത്. അറസ്റ്റിലായ പ്രതികളില്‍ ഏഴുപേര്‍ അന്നുമുതല്‍ ജയിലിലാണ്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാന്‍ 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി തിരക്കിട്ട് പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ താല്പര്യപ്രകാരം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായും അഡ്വ. ജോണ്‍ പി.ജോണിനേയും നിയമിച്ചിരുന്നു. വിരലടയാളം, മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ പരിശോധനകള്‍, തിരിച്ചറിയല്‍ പരേഡ് എന്നിവയിലെല്ലാം പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.
കേസ് ചുമത്തപ്പെട്ടവരാണ് ദീപകിനെ കൊലപ്പെടുത്തിയതെന്ന് തെളിയിക്കാനുള്ള ഒരു തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ല. പ്രതിഭാഗത്തിനുവേണ്ടി അഡ്വക്കേറ്റുമാരായ പി.എസ്. ശ്രീധരന്‍പിള്ള, കെ.ജയചന്ദ്രന്‍, പി.പീതാംബരന്‍, അര്‍ജ്ജുനന്‍പിള്ള, രവികുമാര്‍ ഉപ്പത്ത് എന്നിവര്‍ ഹാജരായി.
















