വെസ്റ്റ് വാന്‍കോവര്‍: വനിതാ ഹോക്കി ലോക ലീഗ് റൗണ്ട് രണ്ടില്‍ ഇന്ത്യ ചാമ്പ്യന്മാരായി.ഷൂട്ടൗട്ടില്‍ വിധി നിര്‍ണയിച്ച കാലാശപോരാട്ടത്തില്‍ ഇന്ത്യ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ചിലിയെ തകര്‍ത്തു.ഈ വിജയത്തോടെ ഇന്ത്യ ലോക ഹോക്കി ലീഗിന്റെ സെമിയില്‍ കടന്നു.
ഗോള്‍ കീപ്പര്‍ സവിതയുടെ മിന്നുന്ന പ്രകടനമാണ് ഫൈനലില്‍ ഇന്ത്യക്ക് കിരീട വിജയമൊരുക്കിയത്.നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പിടിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ടില്‍ വിജയികളെ നിശ്ചയിച്ചത്.
ഷൂട്ടൗട്ടില്‍ ഇന്ത്യയുടെ ക്യാപറ്റന്‍ റാണിയും മോണിക്കയും ആദ്യ രണ്ടു കിക്കുകള്‍ ഗോളാക്കിയതോടെ ഇന്ത്യ 2- 0 ന് മുന്നിലായി. അതേസമയം ചിലിയുടെ ആദ്യ രണ്ടു ഷോട്ടുകളും പാഴായി. മൂന്നാമത്തെ ഷോട്ട് കരോലിന ഗാര്‍ഷ്യ ഗോളാക്കി. എന്നാല്‍ ഇന്ത്യയുടെ മൂന്നാം ഷോട്ട് ഗോളാക്കി ദീപിക ഇന്ത്യയ്‌ക്ക്് വിജയം സമ്മാനിച്ചു.
തുടക്കത്തില്‍ ചിലിയാണ് തകര്‍ത്തു കളിച്ചത്.അഞ്ചാം മിനിറ്റില്‍ അവര്‍ മുന്നിലെത്തി.മറിയ മല്‍ഡോണാഡോയാണ് സ്‌കോര്‍ ചെയ്തത്.ഗോള്‍ വീണതോടെ ഇന്ത്യ പ്രതിരോധം ശക്തമാക്കി. 41-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി അനുപമ ബാര്‍ല ഇന്ത്യയ്‌ക്ക് സമനില നേടിക്കൊടുത്തു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഒരോള്‍ ഗോള്‍ നേടി ഒപ്പത്തിനൊപ്പം നിന്നു.
ബെലോറസിനെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക്് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ കടന്നത.ചിലി സെമിയില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് യുറുഗ്വായെ തോല്‍പ്പിച്ചു.
ഈ ടൂര്‍ണമെന്റ് ഒരുവെല്ലുവിളിയായിരുന്നു.കലാവസ്ഥ വല്ലാതെ ബാധിച്ചു.എന്നിരുന്നാലും വിജയത്തിലൂടെ ലോക ലീഗ് സെമിയില്‍ കടക്കാനായതില്‍ ടീം സന്തോഷത്തിലാണെന്ന് ക്യാപറ്റന്‍ റാണി മത്സര ശേഷം പറഞ്ഞു.
















