ബെംഗളൂരു: ഐപിഎല്‍ പത്താം പതിപ്പില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ വിരാട് കോഹ്‌ലി 14ന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കളത്തിലെത്തും. ഇന്നലെ കോഹ്‌ലിതന്നെയാണ് തിരിച്ചുവരവിന്റെ തീയതി പ്രഖ്യാപിച്ചത്.
ഏപ്രില്‍ 14ന് ബെംഗളൂരു ടീമിന്റെ സ്വന്തം തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കളിക്കുമെന്നാണ് ഇന്ത്യന്‍ നായകന്‍ അറിയിച്ചിട്ടുള്ളത്. കളത്തില്‍ തിരിച്ചെത്തുന്നതിനായി കാത്തിരിക്കാനാകുന്നില്ലെന്ന അടിക്കുറിപ്പോടെ ഇന്‍സറ്റാഗ്രാമിലാണ് കോഹ്‌ലി തിരിച്ചുവരവ് പ്രഖ്യാപിച്ചത്.
ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ കോഹ്‌ലിയുടെ അഭാവം ഏറെ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. പരിക്കിന്റെ പിടിയിലായിരുന്ന ഇന്ത്യന്‍ നായകന്‍ എന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് ഏറെ ചര്‍ച്ചയാവുകയും ചെയ്തു.
120 ശതമാനം കായികക്ഷമത വീണ്ടെടുത്ത ശേഷം മാത്രമെ കളത്തിലിറങ്ങൂ എന്ന് കോഹ്‌ലി വ്യക്തമാക്കിയത് ആശങ്കകള്‍ക്ക് ആക്കം കൂട്ടി. എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ഒടുവില്‍ വിരാട് തന്നെ തിരിച്ചുവരവിന്റെ തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. കോഹ്‌ലിയുടെ അഭാവത്തില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തിരുന്നു.
















