ന്യൂദല്‍ഹി: മലേഷ്യയില്‍ നടക്കുന്ന 26-ാമത് സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെ മലയാളി താരവും ഗോളിയുമായ പി.ആര്‍. ശ്രീജേഷ് നയിക്കും. നാല് പുതുമുഖങ്ങള്‍ക്കൊപ്പം പരിചയസമ്പന്നര്‍ക്കും പ്രധാന്യം നല്‍കിയുള്ള ടീമിനെയാണ് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചത്. മധ്യനിരതാരം മന്‍ദീപ് സിങാണ് വൈസ് ക്യാപ്റ്റന്‍.
പ്രതിരോധ താരം ഗുരീന്ദര്‍ സിങ്ങും മധ്യനിര താരങ്ങളായ സുമിതും മന്‍പ്രീതും ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കും. മൂന്നു പേരും കഴിഞ്ഞ ഡിസംബറില്‍ ജൂനിയര്‍ ലോകകപ്പ് ചാമ്പ്യന്മാരായ ടീമംഗങ്ങളാണ്. മുംബൈയില്‍ നിന്നുള്ള 21കാരനും ഗോള്‍കീപ്പറുമായ സൂരജ് കര്‍കേറയാണ് ടീമിലെ നാലാമത്തെ പുതുമുഖം. പെനാല്‍റ്റി കോര്‍ണര്‍ വിദഗ്‌ദ്ധന്‍ ഹര്‍മന്‍പ്രീത് സിങ്, ജൂനിയര്‍ ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച നായകന്‍ ഹര്‍ജീത് സിങ്, മുന്നേറ്റനിരക്കാരന്‍ മന്‍ദീപ് സിങ് എന്നിവരും ടീമിലുണ്ട്.
ഏപ്രില്‍ 29ന് തുടങ്ങുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ട്, ജപ്പാന്‍, ന്യൂസിലാന്‍ഡ്, മലേഷ്യ എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം കളിക്കുക. ഇത്തവണ പാക്കിസ്ഥാന്‍ ടൂര്‍ണമെന്റില്‍ കളിക്കില്ല. ഇതോടെ ചാമ്പ്യഷിപ്പില്‍ പങ്കെടുക്കുന്ന ടീമുകളുെട എണ്ണം ആറായി കുറഞ്ഞു. നിലവിലെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയായിരിക്കും.
















