പൂനെ: മലയാളി താരം സഞ്ജു സാംസണ് ഐപിഎല്ലില്‍ തകര്‍പ്പന്‍ സെഞ്ചുറി. ഇന്നലെ റൈസിങ് പൂനെ സൂപ്പര്‍ ജയന്റിനെതിരെയാണ് സഞ്ജു ഉജ്ജ്വല ശതകം സ്വന്തമാക്കിയത്. 63 പന്തുകള്‍ നേരിട്ട സഞ്ജു 8 ഫോറും അഞ്ച് സിക്‌സറുമടക്കം 102 റണ്‍സെടുത്തു. തുടക്കത്തിലെ തകര്‍ച്ചക്കുശേഷം സഞ്ജുവിന്റെ നിര്‍ണായക ഇന്നിങ്ങ്‌സാണ് ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഐപിഎല്‍ പത്താം പതിപ്പിലെ ആദ്യ സെഞ്ചുറിയും ട്വന്റി 20യില്‍ സഞ്ജുവിന്റെ ആദ്യ ശതകവുമാണ് ഇന്നലെ പിറന്നത്.
സെഞ്ചുറി തികച്ചതിനു പിന്നാലെ സഞ്ജു സാംബയുടെ പന്തില്‍ ബൗള്‍ഡാവുകയും ചെയ്തു. സഞ്ജുവിന്റെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 205 റണ്‍സാണ് ദല്‍ഹി ഡയര്‍ ഡെവിള്‍സ് അടിച്ചുകൂട്ടിയത്.സഞ്ജുവിന് പുറമെ റിഷഭ് പന്ത് 22 പന്തില്‍ നിന്ന് 31ഉം അവസാന ഓവറില്‍ വെടിക്കെട്ട് നടത്തിയ ക്രിസ് മോറിസ് 9 പന്തില്‍ നിന്ന് 4 ഫോറും മൂന്ന്‌സിക്‌സുമടക്കം 38 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയും ചെയ്തു. ഓപ്പണര്‍ ആദിത്യ താരെ റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോള്‍ ബില്ലിങ്‌സ് 17 പന്തില്‍ നിന്ന് 24 റണ്‍സെടുത്തു.
















