കരുവാരകുണ്ട്: യുഡിഎഫ് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ മുന്നോടിയായി കോണ്‍ഗ്രസും മുസ്ലീം ലീഗും പരസ്പരം വെടിനിര്‍ത്തലിനൊരുങ്ങുന്നു.
കരുവാരകുണ്ട് ഗ്രാമപഞ്ചായത്തില്‍ പോരടിച്ച് നില്ക്കുന്ന കോണ്‍ഗ്രസ്സും മുസ്ലിം ലീഗും ഒത്തൊരുമിച്ച് പോകുന്നതിതിനും, യുഡിഎഫ് ബന്ധം ശക്തമാക്കുന്നതിനും വേണ്ടി സ്ഥലം എംഎല്‍എയുടെ നേതൃത്വത്തിലാണ് ഐക്യശ്രമത്തിന് വേദിയൊരുക്കുന്നത്.
25ന് മലപ്പുറത്ത് വെച്ച് ഇരുകക്ഷികളും തമ്മില്‍ ചര്‍ച്ച നടത്താനും ധാരണയായി. പരസ്പരം പോരടിച്ചിരുന്ന എടപ്പറ്റ പഞ്ചായത്തിലെ പ്രശ്നം പരിഹരിച്ചതിന് പിന്നാലെയാണ് കരുവാരകുണ്ടിലും ഐക്യശ്രമം ആരംഭിച്ചത്. കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കരുവാരകുണ്ടില്‍ ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരമായിരുന്നു. ഒന്‍പതു വാര്‍ഡുകളില്‍ ലീഗ് വിജയിച്ചപ്പോള്‍ ഏഴ് സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചു. എല്‍ഡിഎഫ് അഞ്ചിടങ്ങളിലും വിജയിച്ചു. ലീഗാണ് പഞ്ചായത്ത് ഭരണം കയ്യാളുന്നത്. ഇതിനിടെ കോണ്‍ഗ്രസ് സിപിഎമ്മുമായി ചേര്‍ന്ന് ലീഗിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള ശ്രമം ആരംഭിച്ചെങ്കിലും നടന്നില്ല.
കോണ്‍ഗ്രസിലെ പ്രസിഡന്റ് മോഹികളായ ചിലരാണ് ലീഗുമായി അടുക്കുവാനുള്ള ശ്രമത്തിന് തുടക്കമിട്ടത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസിലെ പ്രബല വിഭാഗം ഈ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചതായും സൂചനയുണ്ട്. പഞ്ചായത്തില്‍ ലീഗുമായി ധാരണയിലെത്തിയാല്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയെ ബാധിച്ചേക്കാമെന്നും ഇവര്‍ വ്യക്തമാക്കുന്നു. ലീഗുമായി സഖ്യമുണ്ടാക്കിയാല്‍ കോണ്‍ഗ്രസ്സിന് വൈസ് പ്രസിഡന്റ് സ്ഥാനവും അവസാന രണ്ടുവര്‍ഷം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ലഭിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: