കോയമ്പത്തൂരില്‍ ആരംഭിച്ച ദക്ഷിണ ക്ഷേത്ര വാനനിരീക്ഷണ ദൂരദര്‍ശിനി ശില്‍പ്പശാലയില്‍ പങ്കെടുക്കുന്ന കേരളത്തില്‍നിന്നുള്ള അദ്ധ്യാപകര്‍
കോയമ്പത്തൂര്‍: ദക്ഷിണ ക്ഷേത്ര വാനനിരീക്ഷണ ദൂരദര്‍ശിനി ശില്‍പ്പശാല കോയമ്പത്തൂരില്‍ തുടങ്ങി. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴില്‍ ശാസ്ത്രാഭിമുഖ്യം സാധാരണ ജനങ്ങളില്‍ എത്തിക്കാന്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍ പ്രധാന്‍ തെരഞ്ഞെടുത്ത 25 ക്ലബ്ബ് കോര്‍ഡിനേറ്റര്‍മാരാണ് റീജിണല്‍ സയന്‍സ് സെന്ററിലെ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്.
കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക ധനസഹായത്തോടെ സംഘടിപ്പിച്ചിരിക്കുന്ന ശില്‍പ്പശാല പതിനാലിന് സമാപിക്കും. 20,000 രൂപ വിലവരുന്ന ദൂരദര്‍ശിനികള്‍ സ്വയം നിര്‍മ്മിച്ച് ക്ലബ്ബ് കോര്‍ഡിനേറ്റര്‍മാര്‍ക്ക് സ്വന്തമാക്കാം. കോയമ്പത്തൂര്‍ റീജിയണല്‍ സയന്‍സ് സെന്റര്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ.ടി.എം. അളഗിരിസ്വാമിയാണ് മേല്‍നോട്ടം വഹിക്കുന്നത്. ഇ സയന്റിസ്റ്റായ ഡോ. അരവിന്ദ് റാനഡയാണ് കോര്‍ഡിനേറ്റര്‍. ശാസ്ത്രജ്ഞനായ വിതിന്‍സിംങ് റാവത്ത്, സാങ്കേതിക വിദഗ്ധരായ തുഷാര്‍പുരോഹിത്, അനില്‍ ദിമാന്‍, മുകേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.
നാല് മേഖലകളിലായിട്ടാണ് ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ആര്‍.ചന്ദ്രശേഖരന്‍ നായര്‍ (കണ്ണകി അമ്മന്‍ എച്ച്എസ്എസ് പാലക്കാട്) ജോസ് ഡാനിയല്‍ (എച്ച്എംജിഎച്ച്എസ് തേനാരി), എന്‍.സി.റ്റി. വിവേകാനന്ദന്‍ (കര്യാട് നമ്പ്യാര്‍ യുപിഎസ് കണ്ണൂര്‍), സി.കെ. ബിജു(എസ്എന്‍വി സംസ്‌കൃത എച്ച്എസ്എസ് പറവൂര്‍) പി. മനോജ്കുമാര്‍ (എസ്‌വിഎച്ച്എസ് കായംകുളം), ആര്‍.എസ്.പ്രിയദര്‍ശിനി, വി.ബിനി (ഭാരതീയ വിദ്യാനികേതന്‍ പാറശാല) എന്നീ അദ്ധ്യാപകരാണ് കേരളത്തില്‍ നിന്ന് പങ്കെടുക്കുന്നത്.















