ന്യൂദല്‍ഹി: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ കേരള സംസ്ഥാന ഘടകവും പതിനാലു ജില്ലാ ഘടകങ്ങളും പിരിച്ചുവിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാനം നല്‍കിയ അപ്പീലാണ് സുപ്രീംകോടതി വിധി.
കഴിഞ്ഞവര്‍ഷം ജൂലൈ 15നാണ് റെഡ്‌ക്രോസ് സൊസൈറ്റിയുടെ ജില്ലാ-സംസ്ഥാന ഘടകങ്ങളെ പിരിച്ചുവിട്ട് സര്‍ക്കാര്‍ ഭരണം ഏറ്റെടുത്തത്. ഇതിനെതിരെ റെഡ്‌ക്രോസ് സൊസൈറ്റിയുടെ സംസ്ഥാന ചെയര്‍മാന്‍ സുനില്‍ സി. കുര്യന്‍ ചെയര്‍മാനായ കമ്മറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി, റെഡ്‌ക്രോസ് സൊസൈറ്റി ഭരണസമിതികള്‍ പിരിച്ചു വിടാന്‍ സംസ്ഥാന സര്‍ക്കാരിനോ ഗവര്‍ണ്ണര്‍ക്കോ അധികാരമില്ലെന്ന് വ്യക്തമാക്കി. രാഷ്‌ട്രപതിക്കു മാത്രമാണ് ഇതിന് അധികാരമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളിക്കളഞ്ഞത്.
തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍ നേതൃത്വത്തില്‍ ഇരിക്കുന്ന സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുവാനും രാഷ്‌ട്രീയവല്‍ക്കരിക്കുവാനും സര്‍ക്കാര്‍ ഒത്താശയോടെ സിപിഎം നടത്തിയ ശ്രമത്തിന് കിട്ടിയ ശക്തമായ തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന് റെഡ്‌ക്രോസ് സൊസൈറ്റി ചെയര്‍മാന്‍ വി.പി. മുരളീധരനും വൈസ് ചെയര്‍മാന്‍ സുനില്‍ സി. കുര്യനും പ്രതികരിച്ചു.
















