കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ അരങ്ങേറ്റക്കാരായ ഗോകുലം എഫ്‌സിക്ക് തകര്‍പ്പന്‍ വിജയം. ഇന്നലെ കൊച്ചി അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനെ തകര്‍ത്തു.
ഗോകുലം എഫ്‌സിക്കുവേണ്ടി ഷിഹാദ്, പ്രീതം സര്‍ക്കാര്‍, പകരക്കാരനായി ഇറങ്ങിയ ആഫിര്‍ ജാവേദ്, സുഹൈര്‍. വി.പി എന്നിവര്‍ ഗോളുകള്‍ നേടി. പോര്‍ട്ട് ട്രസ്റ്റിന്റെ ആശ്വാസഗോള്‍ സില സുലൈമാന്‍ സ്വന്തമാക്കി. ആദ്യ പകുതിയില്‍ ഗോകുലം എഫ്‌സി 2–0ന് മുന്നിട്ടുനിന്നു.
മത്സരത്തില്‍ ഗോകുലം എഫ്‌സിയുടെ ആധിപത്യമായിരുന്നു.
മധ്യ-മുന്നേറ്റ നിര മികച്ച ഒത്തിണക്കം പ്രകടിപ്പിച്ചതോടെ അവരെ തടുത്തുനിര്‍ത്താന്‍ പോര്‍ട്ട് ട്രസ്റ്റ് താരങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവന്നു.
















