പളളുരുത്തി (കൊച്ചി): അന്താരാഷ്‌ട്ര വീല്‍ചെയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്‍ തായ്‌ലന്‍ഡില്‍ സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പിലേയ്‌ക്ക് കേരളത്തില്‍ നിന്ന് മൂന്ന് അംഗപരിമിതരായ യുവതികള്‍ പങ്കെടുക്കും. പാലക്കാടുനിന്നുള്ള നിഷ ഗോപാലകൃഷ്ണന്‍, ഇടുക്കി സ്വദേശി അല്‍ഫോന്‍സ, കൂത്താട്ടുകുളം സ്വദേശി സിനി സാജു എന്നിവരാണ് തായ്‌ലന്‍ഡിലേക്ക് പോകുന്നത്. 16ന് പുലര്‍ച്ചെ 1.15ന് ചെന്നെ എയര്‍പോര്‍ട്ടില്‍ നിന്ന് ഇവര്‍ യാത്ര തിരിക്കും.
എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വീല്‍ ചെയറില്‍ സഞ്ചരിക്കുന്നവരുടെ കൂട്ടായ്‌മയായ തണല്‍ പാരാ പ്ലീജിക്ക് അംഗങ്ങളാണ് മൂന്നു പേരും. ഇന്ത്യയില്‍ നിന്ന് പത്തു പേരെയാണ് പരിശീലനത്തിനായി തെരെഞ്ഞെടുത്തിരിക്കുന്നത്. പരിശീലനത്തിന് പുറപ്പെടുന്നവര്‍ക്ക് തോപ്പുംപടിയില്‍ നിന്ന് യാത്രയപ്പ് നല്‍കി. തണല്‍ പാരാ പ്ലീജിക്ക് കെയര്‍ ജില്ലാ കണ്‍വീനര്‍ രാജീവ് പള്ളുരുത്തി, കെ.കെ. ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















