മ്യൂണിക്ക്: സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിന്റെ കരുത്തില്‍ റയല്‍ മാഡ്രിഡിന് യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ മിന്നുന്ന ജയം. അഞ്ച് തവണ കിരീടത്തില്‍ മുത്തമിട്ട ബയേണ്‍ മ്യൂണിക്കിനെയാണ് അവരുടെ തട്ടകത്തില്‍ ചെന്ന് ക്രിസ്റ്റിയാനോയും കൂട്ടരും മുട്ടുകുത്തിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു റയലിന്റെ തിരിച്ചുവരവ്.
61-ാം മിനിറ്റില്‍ ബയേണിന്റെ ജാവി മാര്‍ട്ടിനസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായി കളിക്കേണ്ടിവന്നതും ആദ്യപകുതിയുടെ പരിക്കുസമയത്ത് അര്‍ട്ടുറോ വിദാല്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതും അവര്‍ക്ക് തിരിച്ചടിയായി. നാലു മിനിറ്റിനിടെ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ടാണ് മാര്‍ട്ടിനസ് പുറത്തുപോയത്. ബയണിന്റെ തട്ടകമായ മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന പോരാട്ടത്തില്‍ നേടിയ വിജയം റയലിന്റെ സെമി സാധ്യതകള്‍ സജീവമാക്കി. രണ്ട് എവേ ഗോളിന്റെ ആനുകൂല്യവും അവര്‍ക്ക് സ്വന്തമായി.
ക്രിസ്റ്റിയാനോയുടെ ഫോമില്ലായ്‌മ റയല്‍ ക്യാമ്പില്‍ ആഭ്യന്തരകലഹം രൂക്ഷമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വന്ന റോയല്‍ പോരാട്ടം തികച്ചും തന്റേതുമാത്രമാക്കി മാറ്റിയ ക്രിസ്റ്റിയാനോയെയാണ് അലയന്‍സ് അരീനയില്‍ കാണാന്‍ കഴിഞ്ഞത്. അര്‍തുറോ വിദാലിന്റെ ഗോളിലൂടെ മുന്നിലെത്തിയ ബയണിന് റൊണാള്‍ഡോയുടെ ഇരട്ടഗോളുകളിലൂടെ റയല്‍ മറുപടി നല്‍കിയപ്പോള്‍ മറ്റൊരു വ്യക്തിഗത റെക്കോര്‍ഡും ക്രിസ്റ്റിയാനോ സ്വന്തം പേരിലാക്കി. ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ് ഇന്നലെ റൊണാള്‍ഡോ സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും റയലിനുമായി കളിച്ച 143 മത്സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റിയാനോയുടെ ഗോള്‍ നേട്ടം സെഞ്ചുറിയിലെത്തിയത്. 118 മത്സരങ്ങളില്‍ നിന്ന് 97 ഗോളുകള്‍ നേടിയ ബാഴ്‌സയുടെ ലയണല്‍ മെസ്സിയാണ് രണ്ടാമത്. ചാമ്പ്യന്‍സ് ലീഗില്‍ ഏഴുമാസത്തെ ഗോള്‍ വരള്‍ച്ചക്കും ക്രിസ്റ്റിയാനോ ഇന്നലെ വിരാമമിട്ടു.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ബയേണ്‍ താരങ്ങളേക്കാള്‍ ഏറെ മുന്നിലായിരുന്നു റയല്‍. ബയേണ്‍ ഗോളി മാനുവല്‍ ന്യുയറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കനത്ത തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.
സൂപ്പര്‍താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയില്ലാതെ ഇറങ്ങിയിട്ടും ആദ്യപകുതിയുടെ തുടക്കത്തില്‍ ബയേണ്‍ താരങ്ങള്‍ റയലിനെ പലതവണ വിറപ്പിച്ചു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 25-ാം മിനിറ്റില്‍ അവര്‍ ലീഡ് നേടുകയും ചെയ്തു. തിയാഗോ എടുത്ത കോര്‍ണര്‍ കിക്കിനൊടുവില്‍ ബുള്ളറ്റ് ഹെഡ്ഡറിലൂടെ വലയിലേക്കു പറഞ്ഞയച്ച് വിദാലാണ് ബയണിന് ലീഡു നല്‍കിയത്. തുടര്‍ന്ന് ഗോള്‍ മടക്കാന്‍ റയലും ലീഡ് ഉയര്‍ത്താന്‍ ബയേണും ഉജ്ജ്വല ഫുട്‌ബോള്‍ കാഴ്ചവെച്ചു. കളി ആദ്യ പകുതിയുടെ പരിക്കു സമയത്തേക്ക് കടന്നപ്പോള്‍ ബയേണിന് അനുകൂലമായി പെനാല്‍റ്റി. ഫ്രാങ്ക് റിബറിയുടെ ഷോട്ട് ബോക്‌സിനുള്ളില്‍ തടയാനുള്ള ഡാനിയല്‍ കാര്‍വാജലിന്റെ ശ്രമം ഹാന്‍ഡ് ബോളില്‍ അവസാനിച്ചു. റയല്‍ താരങ്ങളുടെ പ്രതിഷേധങ്ങള്‍ക്കിടെ റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ചൂണ്ടി. ആദ്യ ഗോളിന്റെ ആവേശത്തില്‍ വിദാല്‍ എടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പറന്നു.
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനായി വര്‍ദ്ധിതവീര്യത്തോടെ പോരാടുന്ന റയലിനെയാണ് കളിക്കളത്തില്‍ കണ്ടത്. തുടര്‍ന്ന് രണ്ടാം മിനിറ്റില്‍ തന്നെ റയല്‍ സമനിലയും സ്വന്തമാക്കി. പന്തുമായി മുന്നേറിയ കാര്‍വാജല്‍ വലതുമൂലയില്‍ നീട്ടിനല്‍കിയ പന്ത് റൊണാള്‍ഡോയുടെ കാലുകളില്‍. അല്‍പം പോലും താമസിക്കാതെ റൊണാള്‍ഡോ തിരിച്ചുവിട്ട പന്ത് മാനുവല്‍ ന്യൂയറിന്റെ പ്രതിരോധം തകര്‍ത്ത് വലയില്‍. സ്‌കോര്‍ 1-1. സമനില നേടിയതോടെ 59-ാം മിനിറ്റില്‍ ഗരത് ബെയ്‌ലിനെ പിന്‍വലിച്ചു യുവതാരം അസന്‍സിയോയെ സിദാന്‍ ഗ്രൗണ്ടിലിറക്കി. പിന്നീട് 77-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി റൊണാള്‍ഡോ റയലിന് വിജയം സമ്മാനിച്ചു. ബോക്‌സിന് തൊട്ടുമുന്നില്‍നിന്നും അസന്‍സിയോ നീട്ടിനല്‍കിയ പന്തിനെ ന്യൂയറിന്റെ കാലുകള്‍ക്കിടയിലൂടെ റൊണാള്‍ഡോ പോസ്റ്റിലേക്ക് തട്ടിയിട്ടു. സ്‌കോര്‍ 2-1.
















