എ.വി ജോര്‍ജ് ഇടുക്കി എസ്.പിയായി ഏതാനും മാസമേ ജോലി നോക്കിയുള്ളൂ. ചുരുങ്ങിയ കാലത്തിനിടെ കയ്യേറ്റക്കാര്‍ക്കും പാറമാഫിയയ്ക്കും ഇദ്ദേഹം ഭീഷണിയായി. ഇടുക്കിയിലെ സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങളെക്കുറിച്ച് പഠിച്ച്, കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 2017 ജനുവരിയില്‍ ദേവികുളം സബ് കളക്ടര്‍ക്ക് എ.വി ജോര്‍ജ് റിപ്പോര്‍ട്ട് നല്കി.
ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്ന കയ്യേറ്റം ഒഴിപ്പിക്കലിന്റെ വഴിമരുന്ന് അന്ന് എസ്.പി നടത്തിയ പഠന റിപ്പോര്‍ട്ടായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് ഉഷ്ണക്കാറ്റ് കേരളത്തിലേക്ക് എത്തുന്ന തരത്തില്‍ ചതുരങ്കപ്പാറിലും ശാന്തന്‍പാറയിലും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന രണ്ട് കൂറ്റന്‍ പാറമടയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. പാറമട ഏലക്കാടുകളിലെ തണുപ്പ് ഇല്ലാതാക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. ഈ പാറമടകള്‍ക്ക് പൂട്ട് വീണതോടെ എസ്.പിയെ മാഫിയ സംഘം ഇടപെട്ട് ഇടുക്കിയില്‍ നിന്ന് മാറ്റുകയായിരുന്നു.
അനധികൃത നിര്‍മ്മാണങ്ങളെക്കുറിച്ച് എസ്.പി നല്കിയ റിപ്പോര്‍ട്ടിലെ പ്രധാന ഭാഗങ്ങള്‍: ചിന്നക്കനാല്‍ വില്ലേജില്‍ ലോവര്‍ സൂര്യനെല്ലിഭാഗത്ത് 20/1ല്‍പ്പെട്ട ഒരേക്കര്‍ 22 സെന്റ് വസ്തുവില്‍ റോഡിനോട് ചേര്‍ന്ന് ഒമ്പത് നിലയുള്ള കെട്ടിടം നിര്‍മ്മിക്കുന്നുണ്ട്. ഇത് അനധികൃതമാണ്. ലോവര്‍ സൂര്യനെല്ലി ഭാഗത്തുതന്നെ സര്‍വ്വെ നമ്പര്‍ 56/6ല്‍ പെട്ട 34.05 വസ്തുവില്‍ മല ഇടിച്ച് നിരത്തി ബഹുനില മന്ദിരം പണിയുന്നു.
പൂപ്പാറ വില്ലേജില്‍ ആനയിറങ്ങല്‍ ശങ്കരപാണ്ഡ്യന്‍ മെട്ട് ഭാഗത്ത് സര്‍വ്വെ നമ്പര്‍12/ല്‍പ്പെട്ട 718,719,720,721 എന്നീ തണ്ടപ്പേരുകളിലുള്ള വസ്തുവില്‍ എറണാകുളം സ്വദേശികള്‍ മലഞ്ചെരുവ് ഇടിച്ച് നിരത്തിയാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. ഇവിടെ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് എ.വി ജോര്‍ജിന്റെ റിപ്പോര്‍ട്ടിലുണ്ട്. കുന്നുകള്‍ ഇടിച്ച് നിരത്തിയുള്ള അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചിത്രം സഹിതം നല്കിയ റിപ്പോര്‍ട്ട് ജില്ലാഭരണകൂടം രഹസ്യമാക്കിവച്ചു. റിസോര്‍ട്ട് മാഫിയയുടെയും ക്വാറിമാറിയയുടെയും പ്രീതി നേടാന്‍ എസ്.പിയെ സ്ഥലം മാറ്റിക്കൊണ്ടാണ് ആഭ്യന്തരവകുപ്പ് പ്രതികാരം ചെയ്ത്.
ആറ്റുകാട് പാറപ്പുറത്ത് പത്ത് നില കെട്ടിടം
ആറ്റുകാട് വെള്ളച്ചാട്ടതിന് സമീപം നിര്‍മ്മിച്ചിരിക്കുന്ന പത്ത് നിലമാളിക കണ്ടാല്‍ പേടി തോന്നും. ചെരിഞ്ഞ് കിടക്കുന്ന പാറയിലാണ് അപകടകരമായി ഈ കെട്ടിടം കെട്ടിപ്പൊക്കിയിരിക്കുന്നത്. ആറ്റുകാട് വെള്ളച്ചാട്ടത്തില്‍ നിന്ന് 600 അടി ഉയരത്തിലാണ് ഈ റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ആറ്റുകാട് വെള്ളച്ചാട്ടത്തിന്റെ ദൃശ്യം നന്നായി കാണാന്‍ പറ്റും എന്ന ഒറ്റക്കാരണത്താലാണ് ഇവിടെ റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നാര്‍ ട്രൈബ്യൂണല്‍ പരിധിയില്‍ പണി നടത്തുന്നതിന് ജില്ലാ കളക്ടറുടെ നിരാക്ഷേപ പത്രം വേണമെന്ന നിര്‍ദ്ദേശം ഈ കെട്ടിടം പണിയില്‍ സമ്പാദിച്ചിട്ടുണ്ടോ എന്നുപോലും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. 2009ല്‍ പെര്‍മിറ്റ് ലഭിച്ചെന്നാണ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. പാറ ഇടിച്ചില്‍ എപ്പോഴും സംഭവിക്കാവുന്ന പ്രദേശമാണ് ആറ്റുകാട്. പാറയില്‍ പണി നടത്തിയിരിക്കുന്നതിനാല്‍ ചെറിയ ഭൂകമ്പം പോലും ഈ കെട്ടിടത്തിന് താങ്ങാന്‍ പറ്റില്ല.
















