തിരൂരങ്ങാടി: ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മാലിന്യം കുമിഞ്ഞുകൂടുന്നു. ഓടകളെല്ലാം കടുത്തവേനലിലും കറുത്ത നിറത്തില്‍ മാലിന്യം നിറഞ്ഞൊഴുകുകയാണ്. ഇതുമൂലം ഫുട്പാത്തുകളിലൂടെ മൂക്കുപൊത്താതെ നടക്കാന്‍ വയ്യാത്ത അവസ്ഥ. കണ്ണുതെറ്റിയാല്‍ ഇളകി മാറി കിടക്കുന്ന സ്ലാബുകള്‍ക്കിടയില്‍ കാല്കുടുങ്ങും. ഇത് ഭയന്ന് ജനങ്ങള്‍ തിരത്തുകളിലിറങ്ങി നടക്കുന്നത് ഗതാഗത തടസ്സത്തിനും അപകടത്തിനും കാരണമാകുന്നു.
മാലിന്യ സംസ്കരണത്തിലും നഗരപരിപാലനത്തിലും തദ്ദേശ സ്ഥാപനങ്ങള്‍ പൂര്‍ണ്ണ പരാജയമാണ്. കഷ്ടിച്ച് നാലു ബസുകള്‍ക്ക് പോലും നിര്‍ത്തിയിടാന്‍ കഴിയാത്ത ചെമ്മാട് ബസ് സ്റ്റാന്‍ഡില്‍ കയറിയിറങ്ങുന്നത് നൂറിലധികം ബസുകളാണ്. സ്റ്റാന്‍ഡിന്റെ കവാടത്തില്‍ തന്നെ ചെളിവെള്ളം കെട്ടികിടക്കുകയാണ്.
സംസ്ഥാനത്ത് പല സ്ഥലങ്ങളിലും മഴക്കാല പൂര്‍വ്വശുചീകരണം ആരംഭിച്ചെങ്കിലും ജില്ലയില്‍ മാത്രം ഒരുങ്ങള്‍ പോലും തുടങ്ങിയിട്ടില്ല. പൊതുനിരത്തുകളില്‍ ഉപേക്ഷിക്കപ്പെട്ട മാലിന്യചാക്കുകള്‍ നിറയുന്നു. ചെമ്മാട് പരപ്പനങ്ങാടി റൂട്ടിലും കോഴിക്കോട് റോഡില്‍ പാറക്കടവ് പുഴയിലും റോഡിന്റെ ഇരുവശങ്ങളിലും അറവുമാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ചാക്കില്‍ക്കെട്ടി തള്ളുകയാണ്.
അനധികൃത അറവുശാലകളിലെ മാലിന്യങ്ങളാണ് കൂടുതലായും രാത്രിയുടെ മറവില്‍ ജലസ്രോതസ്സുകളില്‍ തള്ളപ്പെടുന്നത്. ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്ന ബോര്‍ഡുണ്ട്. എന്നാല്‍ ഇതിന്റെ ചുവട്ടിലാണ് ഏറ്റവും കൂടുതല്‍ മാലിന്യങ്ങളുള്ളത്.
വ്യാപര സ്ഥാപനങ്ങള്‍, ആരാധാനാലയങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങളാണ് കൂടുതലായും ഓടകളിലേക്ക് ഒഴുക്കുന്നത്.
കഴിഞ്ഞ വര്‍ഷം കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ മഞ്ഞപ്പിത്തം പിടിപെട്ടിരുന്നു. കടലുണ്ടിപ്പുഴയില്‍ നിന്നും പമ്പ് ചെയ്ത വെള്ളം ഉപയോഗിച്ചതാണ് മഞ്ഞപ്പിത്തം പടരാന്‍ കാരണം.
ചെമ്മാടും പരിസരത്തും ആരോഗ്യവകുപ്പ് ഓടകളുടെ സ്ലാബ് മാറ്റി പരിശോധന നടത്തിയതില്‍ വന്‍കിട സ്ഥാപനങ്ങള്‍ മാലിന്യം നേരിട്ട് ഓടകളിലേക്ക് ഒഴുക്കുന്നത് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈകാര്യത്തില്‍ നടപടിയൊന്നുമുണ്ടായില്ല. ഉന്നതര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ തന്നെയാണ് ഇത്തരക്കാര്‍ക്ക് പ്രോത്സാഹനമേകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: