വത്തിക്കാന്‍ സിറ്റി: ലോകത്തിനാകെ ഭീഷണിയായ ഭീകരതയിലും രക്തച്ചൊരിച്ചിലിലും ആശങ്ക പ്രകടിപ്പിച്ച് പോപ് ഫ്രാന്‍സിസ്. ഈ സാഹചര്യങ്ങളെ വിശ്വാസത്തിലൂടെ നേരിടാന്‍ മാര്‍പാപ്പ തന്റെ ഈസ്റ്റര്‍ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
സിറിയയിലെ സംഘര്‍ഷത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചാണ് ആഗോള സമാധാനത്തിനായി പോപ് പ്രാര്‍ഥിച്ചത്. ഇന്നലെ നൂറിലേറെപ്പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ പോപ് അപലപിച്ചു. പലായനം ചെയ്യുന്ന അഭയാര്‍ഥികള്‍ക്കു നേരെയായിരുന്നു ഭീകരമായ ആക്രമണം എന്നോര്‍ക്കമെന്ന് പോപ് പറഞ്ഞു. അക്രമം പരത്തുന്നതില്‍ നിന്ന് ലോക നേതാക്കള്‍ വിട്ട് നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഉത്തര കൊറിയയിലും സിറിയയിലും സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പോപ്പിന്റെ വാക്കുകള്‍.
ലണ്ടന്‍, സ്റ്റോക്‌ഹോം ഭീകരാക്രമണങ്ങള്‍ കണക്കിലെടുത്ത് ഈസ്റ്റര്‍ കുര്‍ബാനയ്‌ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയത്. കര്‍ശന പരിശോധനയ്‌ക്കു ശേഷമാണ് വിശ്വാസികളെ കടത്തി വിട്ടത്.
സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ മധ്യ ബാല്‍ക്കണിയില്‍ നിന്നാണ് പോപ്പ് ലോകത്തെ അഭിസംബോധന ചെയ്തത്. യുദ്ധത്തിലും ഭീകരാക്രമണങ്ങളിലും എല്ലാം നശിച്ച്, സ്വന്തം രാജ്യത്ത് നിന്ന് ആട്ടിയിറക്കപ്പെട്ടവരോടൊപ്പം ദൈവവും പോയിക്കഴിഞ്ഞതായി ഭരണകൂടങ്ങളുടെ പേരെടുത്തു പറയാതെ പോപ് പറഞ്ഞു. ഇന്നത്തെ സംഘര്‍ഷം നിറഞ്ഞ ലോകത്ത് നീതിക്കും സമാധാനത്തിനും വേണ്ടി നിലകൊള്ളുന്നവര്‍ക്കൊപ്പമാകും ദൈവം. സിറിയ അടക്കമുള്ള രാജ്യങ്ങളിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ദൈവം കരുത്ത് പകരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
നെതര്‍ലാന്‍ഡ്‌സില്‍ നിന്നു കൊണ്ടു വന്ന മുപ്പത്തയ്യായിരം പൂക്കളാല്‍ സെന്റ് പീറ്റേഴ്‌സ് ചത്വരം അലങ്കരിച്ചിരുന്നു. പൂക്കള്‍ കൊണ്ടുള്ള ആഘോഷം മാത്രമല്ല ഈസ്റ്റര്‍ എന്ന് പോപ് പറഞ്ഞതും ശ്രദ്ധേയമായി.
















