ഇടുക്കി: സംസ്ഥാനത്തെ ഡാമുകളില്‍ ഇനി അവശേഷിക്കുന്നത് 1014.54 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളം മാത്രം. 2016 ല്‍ ഇതേസമയം ഇത് 1406.635 ഉം, 2015-ല്‍ 1807.597, 2014-ല്‍ 1392.894 ഉം ദശലക്ഷം യൂണിറ്റായിരുന്നു.
2013 ന് ശേഷം ഇത്രയും ജലനിരപ്പ് താഴുന്നത് ആദ്യമായാണ്. 2013-ല്‍ ഇത് 879.246 ആയിരുന്നു. അതേസമയം സംസ്ഥാനത്തിന്റെ ചിലയിടങ്ങളില്‍ മഴപെയ്തതോടെ 2.002 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളം ഡാമുകളിലേയ്‌ക്ക് ഒഴുകിയെത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ 450.59 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് നിലവില്‍ ഉള്ളത്. അവധി ദിവസങ്ങള്‍ അടുത്തടുത്ത് വന്നതിനാല്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞിട്ടുണ്ട്. ഇന്നലെ ലഭിച്ച കണക്ക് പ്രകാരം ശനിയാഴ്ച സംസ്ഥാനത്താകെ 14.7692 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചപ്പോള്‍ മൊത്തം ഉപഭോഗം 71.9776 ആയിരുന്നു. ബാക്കി 57.2085 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും കേന്ദ്രപൂളില്‍ നിന്നുള്ളതും പുറമെ നിന്ന് പണം നല്‍കി വാങ്ങിയതുമാണ്.
















