തിരുവനന്തപുരം: നന്തന്‍കോട് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കേദലുമായി തെളിവെടുപ്പിന് പോലീസ് ചെന്നൈയിലേക്ക്. സംഭവശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട ഇയാള്‍ അവിടെ താമസിച്ച ഹോട്ടലില്‍ തെളിവെടുക്കാനാണ് പോലീസ് നീക്കം.
ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഇയാളെ തിരിച്ചറിയാനും മുറിയെടുക്കാന്‍ ഇയാള്‍ നല്‍കിയ രേഖകളും വിവരങ്ങളും ശേഖരിക്കാനുമാണ് ചെന്നൈയിലേക്ക് പോയത്. ഇയാള്‍ അവിടെ ഉപേക്ഷിച്ച ബാഗ് കണ്ടെടുക്കാനും പോലീസ് ശ്രമിക്കും.
തിരുവനന്തപുരത്ത് പെട്രോള്‍ വാങ്ങിയ പമ്പിലെ ജീവനക്കാരനും സഞ്ചരിച്ച ഓട്ടോയിലെ ഡ്രൈവറും കേദലിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ വീട്ടില്‍ ഷവര്‍മയും ബിരിയാണിയും പാഴ്‌സലായി എത്തിച്ച റെസ്റ്റോറന്റ് ജീവനക്കാരനും തിരിച്ചറിഞ്ഞു. കൊലകള്‍ക്കു ശേഷമാണ് പ്രമുഖ റെസ്റ്റോറന്റില്‍ വിളിച്ച് കേദല്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തത്. റിമാന്‍ഡില്‍ കഴിയുമ്പോഴും കേദല്‍ ഷവര്‍മയും ബിരിയാണിയും വേണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നുണ്ട്.
കൊല്ലാനുപയോഗിച്ച മഴുവില്‍ കേദലിന്റെ വിരലടയാളം പതിഞ്ഞത് ഫോറന്‍സിക് വിദഗ്ധര്‍ ശേഖരിച്ചിട്ടുണ്ട്. ആഹാരത്തില്‍ വിഷം കലര്‍ത്തി നല്‍കി കുടുംബാംഗങ്ങളെ കൊല്ലാന്‍ ശ്രമിച്ചതിന്റെ തെളിവുകളും പോലീസ് ശേഖരിച്ചു. വിഷക്കുപ്പി കണ്ടെടുത്തു. മറ്റു തെളിവുകള്‍ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനാണ് ശ്രമം. തുടക്കത്തില്‍ നിരന്തരം മൊഴിമാറ്റി പോലീസിനെ വട്ടംചുറ്റിച്ച കേദല്‍ ഇപ്പോള്‍ ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നാണ് വിവരം.
















