നാദാപുരം: തിരുവന്തപുരത്ത് നിരാഹാരസമരം നടത്തിയ ജിഷ്ണു പ്രണോയിയുടെ ബന്ധുക്കളെ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍പ്പെടുത്താന്‍ നീക്കം. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ശേഷം സിപിഎം നേതാക്കളും മുഖ്യമന്ത്രിയും മഹിജയുടെ കുടുംബത്തിനെ തള്ളിപറഞ്ഞിരുന്നു. വളയത്ത് ഏപ്രില്‍ 15 ന് ചേര്‍ന്ന സിപിഎം പൊതുയോഗത്തിലും ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തിയ സമരം അനാവശ്യമാണെന്നും വിശദീകരിച്ചു.
ജിഷ്ണുവിന്റെ അമ്മാവന് കെ.കെ. ശ്രീജിത്തടക്കം പങ്കെടുത്ത യോഗത്തിലാണ് സംസ്ഥാന സെക്രട്ടറി എളമരം കരീം പ്രസംഗിച്ചത്. പാര്‍ട്ടിയുമായി ഇടഞ്ഞു നില്ക്കുന്ന ശ്രീജിത്തിനെ കേസില്‍ കുടുക്കാന്‍ നീക്കമുണ്ടെന്നാണ് അറിയുന്നത്. നേരത്തെ ദേശാഭിമാനിയുടെ ലേഖകനായിരുന്ന ശ്രീജിത്തിനെ പരസ്യവിഭാഗത്തിലേക്ക് മാറ്റിയിരുന്നു. സമരത്തിനിടയില്‍ ശ്രീജിത്ത് ദേശാഭിമാനിയിലെ ജോലി രാജിവെക്കുകയും ഉണ്ടായി.
പാമ്പാടി നെഹ്റു കോളേജില്‍ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദിയായ കോളേജ് ചെയര്മാന് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഈ മാസം അഞ്ചിനായിരുന്നു അമ്മ മഹിജയടക്കമുള്ള ബന്ധുക്കള്‍ തിരുവന്തപുരം ഡി ജി പി ഓഫിസിന് മുന്നില്‍ നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചത്. സര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നും തങ്ങള്‍ കമ്മ്യൂണിസ്റ്റ് കുടുംബമാണെന്നും ആവര്‍ത്തിച്ചിട്ടും പാര്‍ട്ടിക്ക് ഇവര്‍ വെറുക്കപ്പെട്ടവരായി.
കഴിഞ്ഞ ദിവസം വളയത്ത് നടന്ന സി പി എം പൊതുയോഗത്തില്‍ സംസാരിച്ച സംസ്ഥാന, ജില്ലാ നേതാക്കള്‍ ജിഷ്ണുവിന്റെ കുടുംബത്തെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. മഹിജയുടെയും മകള്‍ അവിഷ്ണയുടെയും നിരാഹാര സമരത്തിലൂടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായതോടെയാണ് കുടുംബം ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് സമരം ഒത്തുതീര്‍പ്പാക്കിയത്.
ഇതോടെ ജിഷ്ണുവിന്റെ കുടുംബത്തിന് മുന്നില്‍ മുട്ട് മടക്കേണ്ടി വന്ന സര്‍ക്കാറിന് മുന്നണിയ്ക്കകത്തുനിന്നും പുറത്തു നിന്നും വന്‍ വിമര്‍ശനങ്ങളെ ഏല്ക്കേണ്ടിവന്നു. ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് ഗൂഢാലോചന വാദം രംഗത്തിറക്കിയതും വിഎസ് അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഷാജഹാന്, എസ്യുഎസ്ഐ നേതാക്കള്‍ എന്നിവരെവരെ പ്രതിചേര്‍ത്ത് ഗൂഢാലോചന കേസെടുത്തതും. ഈ കേസില്‍ ജിഷ്ണുവന്റെ അമ്മാവന് ശ്രീജിത്തിനെയടക്കമുള്ളവരെ പെടുത്താനാണ് നീക്കം.
















