ആലപ്പുഴ: മലയാള നാടക ലോകത്ത് ചെപ്പു കിലുക്കിയ വാനമ്പാടി യുടെ ശബ്ദം നിലച്ചിട്ട് ഇന്ന് ഒരു വ്യാഴവട്ടം. ചെപ്പുകിലുക്കിണ ചങ്ങാതി നിന്റെ ചെപ്പുതുറന്നൊന്നു കാട്ടൂല്ലേ… മിന്നുന്നതെന്താണയ്യയ്യ മണി കുന്നിക്കുരുമണി പൊന്‍മാല… ഈ പാട്ട് പാടാത്ത ഒരു മലയാളി പോലും കാണില്ല. കെപിഎസി സുലോചനയുടെ അനുഗ്രഹീത ശബ്ദത്തില്‍ കേരളം ഒരു കാലത്ത് ഏറ്റു പാടിയ പാട്ടായിരുന്നു ഇത്. വിപ്ലവഗാനങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സിലേക്കെത്തുന്ന രണ്ടു ശബ്ദങ്ങള്‍ സുലോചനയുടേതും കെ.എസ്. ജോര്‍ജിന്റേതുമാണ്.
മാവേലിക്കര കോട്ടയ്‌ക്കകം തെരുവില്‍ കുളത്തില്‍ കിഴക്കതില്‍ പോലീസ് കോണ്‍സ്റ്റബിളായിരുന്ന എം.കെ. കുഞ്ഞുകുഞ്ഞിന്റെയും കല്യാണിയമ്മയുടെയും മകളായ സുലോചന കെപിഎസിയില്‍ എത്തിയത് യാദൃശ്ചികമായിരുന്നു. കുട്ടിക്കാലത്തുതന്നെ മകളുടെ സംഗീതത്തിലുള്ള താത്പര്യം മനസ്സിലാക്കിയ അച്ഛന്‍ നാട്ടിലുള്ള ഒരു ഭാഗവതരുടെ അടുത്ത് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കാന്‍ വിട്ടു.
തുടര്‍ന്ന് ആകാശവാണിയില്‍ ബാലലോകം പരിപാടിയില്‍ അവസരം ലഭിച്ചു. ഈ പരിപാടിയില്‍ സുലോചനയുടെ പാട്ടുകേട്ട കെപിഎസിയുടെ സംഘാടകരായ അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ്, രാജഗോപാല്‍, അഡ്വ. കെ.എസ്. രാജാമണി എന്നിവര്‍ സുലോചനയെ കെപിഎസിയിലേക്ക് വിളിക്കുകയായിരുന്നു.
1951ല്‍ എന്റെ മകനാണ് ശരി എന്ന നാടകത്തില്‍ പാടി അഭിനയിക്കാന്‍ അവസരം കിട്ടി. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യിലെ സുമാവലി എന്ന കഥാപാത്രത്തിലൂടെ സുലോചന പിന്നീടു കെപിഎസി സുലോചനയായി. സ്‌റ്റേജില്‍ പാടി അഭിനയിക്കുന്ന രീതിയായിരുന്നു അന്ന്. ഒഎന്‍വിയും വയലാറും എഴുതി ദേവരാജന്‍ ഈണമിട്ട നാടകഗാനങ്ങള്‍ ജനഹൃദയങ്ങളില്‍ പെയ്തിറങ്ങിയത് സുലോചനയിലൂടെയായിരുന്നു.
അമ്പിളിയമ്മാവാ, ചെപ്പു കിലുക്കണ ചങ്ങാതീ, എന്തമ്മേ കൊച്ചുതുമ്പീ (മുടിയനായ പുത്രന്‍), തലയ്‌ക്കുമീതേ ശൂന്യാകാശം (അശ്വമേധം), വെള്ളാരം കുന്നിലെ (നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി), വള്ളിക്കുടിലിന്നുള്ളിലിരിക്കും (സര്‍വേക്കല്ല്), മാന്‍കിടാവേ മാന്‍കിടാവേ (വിശറിക്കു കാറ്റുവേണ്ട)…. തുടങ്ങി നിരവധി ഗാനങ്ങള്‍.
കാലം മാറുന്നു, അരപ്പവന്‍, കൃഷ്ണകുചേല എന്നീ സിനിമകളില്‍ അഭിനയിച്ചു. സിനിമയില്‍ 14 പാട്ടുകള്‍ പാടിയിട്ടുണ്ട്. സുലോചന പിന്നീട് കെപിഎസിയില്‍ നിന്ന് അകന്ന് 1983ല്‍ സംസ്‌കാര എന്ന നാടകട്രൂപ്പ് രൂപീകരിച്ചു. 12 നാടകങ്ങളില്‍ അഭിനയിച്ചു. കെഎസ്ആര്‍ടിസി റിട്ട. ഉദ്യോഗസ്ഥനും കലാകാരനുമായ കലേശനാണു ഭര്‍ത്താവ്. 2005 ഏപ്രില്‍ 17നായിരുന്നു സുലോചനയുടെ അന്ത്യം.
















