ന്യൂദല്‍ഹി: മൂന്നരപ്പതിറ്റാണ്ട് ബംഗാള്‍ അടക്കിവാണ സിപിഎം കടുത്ത ദാരിദ്ര്യത്തില്‍. സമരത്തിനെത്തുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്കാന് പാര്‍ട്ടിക്ക് സാമ്പത്തിക ഭദ്രതയില്ലെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് സിപിഎം. സമരത്തില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ ഭക്ഷണം കരുതണമെന്നും പാര്‍ട്ടി നിര്‍ദ്ദേശം നല്കി. ആദ്യമായാണ് ഇത്തരമൊരു നിര്‍ദ്ദേശം സിപിഎം പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നത്.
മെയ് 22ന് മമത സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ കര്‍ഷക സംഘടനകളുടെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. പതിനൊന്ന് ഇടത്പക്ഷ കര്‍ഷക സംഘടനകളുടെ സംയുക്ത പ്രതിഷേധമാണ് നടക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നവരോടാണ് ഭക്ഷണവും കൊണ്ടുവരാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ പ്രതിനിധികളെ കാണാന്‍ മമത തയ്യാറാകുമെന്ന് കരുതുന്നില്ല. അതിനാല്‍ തെരുവില്‍ കിടക്കാനും സമരം നീളാനും സാധ്യതയുണ്ട്. പ്രവര്‍ത്തകരോട് ആവശ്യത്തിന് ഭക്ഷണം കരുതാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമബംഗാള്‍ പ്രാദേശിക കര്‍ഷക സഭാ നേതാവ് നൃപന് ചൗധരി പറഞ്ഞു.
സിപിഎം ഭരണത്തിലുണ്ടായിരുന്ന 33 വര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും ഇത്തരമൊരു നിര്‍ദ്ദേശം പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടില്ല. എത്ര ദിവസത്തെ സമരമായാലും പാര്‍ട്ടി സൗജന്യമായാണ് ഭക്ഷണം നല്‍കിയിരുന്നത്. ബംഗാളില്‍ ഇടതുപക്ഷത്തിന്റെ സുവര്‍ണകാലം അവസാനിച്ചതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിത്. മുഴുവന്‍ ജില്ലകളിലെയും പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് എല്ലാ വര്‍ഷവും ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ സിപിഎം റാലി സംഘടിപ്പിക്കാറുണ്ട്.
ഇവര്‍ക്ക് തലസ്ഥാനമായ കൊല്‍ക്കത്തയില്‍ വെച്ച് സൗജന്യമായി ഭക്ഷണം നല്‍കുകയാണ് ചെയ്തിരുന്നത്. തുടര്‍ച്ചയായി രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റ് ആറ് വര്‍ഷത്തോളമായി ഭരണത്തിന് പുറത്താണ് സിപിഎം. ഇതോടെ പാര്‍ട്ടിയുടെ സാമ്പത്തിക അടിത്തറയും ഇളകി. സര്‍ക്കാര്‍ ഫണ്ടുകള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുന്നതായി സിപിഎമ്മിനെതിരെ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടത്പക്ഷത്തെ മറികടന്ന് ബിജെപി രണ്ടാമതെത്തിയിരുന്നു. ഭരണത്തിന് പുറമെ മുഖ്യപ്രതിപക്ഷ സ്ഥാനവും പോകുമെന്ന ഭീതിയിലാണ് ബംഗാളിലെ സിപിഎം.
















