മൂന്നാറില്‍ സിപിഎം മാത്രമല്ല കോണ്‍ഗ്രസ് നേതാക്കളും കയ്യേറ്റക്കാരെ സഹായിക്കുന്നതില്‍ മുന്നില്‍ തന്നെയുണ്ട്. അടിമാലി സ്വദേശിയായ ഒരു കോണ്‍ഗ്രസ് നേതാവ് ഏക്കറുകണക്കിന് വസ്തുമാണ് മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധില്‍ വഴിവിട്ട് സമ്പാദിച്ചിരിക്കുന്നത്. വനവാസി വിഭാഗങ്ങളുടെ ഭൂമി പോലും ഇയാള്‍ കൈവശപ്പെടുത്തി. ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ അടുത്ത അനുയായിയാണ് അടിമാലി സ്വദേശിയായ കോണ്‍ഗ്രസ് നേതാവ്. ജില്ലയിലെ ഒരു മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കയ്യേറ്റക്കാര്‍ക്ക് വേണ്ടി പരസ്യമായി പ്രതികരിക്കാറുണ്ട്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്നാറിലെ കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് മുന്‍ എംഎല്‍എ ഇടപെട്ടാണ് കോണ്‍ഗ്രസുകാരുടെ കയ്യേറ്റ പ്രദേശങ്ങളില്‍ രമേശ് ചെന്നിത്തലയെ വിലക്കിയത്.
സിപിഎമ്മും കോണ്‍ഗ്രസും കയ്യേറ്റത്തിന്റെ കാര്യത്തില്‍ ഒന്നാണ്. കയ്യേറ്റം ഒഴിപ്പിക്കാനെത്തിയാല്‍ ഉദ്യോഗസ്ഥരെ നേരിടുന്ന കാര്യത്തില്‍ രണ്ട് രാഷ്‌ട്രീയകക്ഷിക്കാരും നിയമവിരുദ്ധനിലപാടാണ് സ്വീകരിക്കുന്നത്. മൂന്നാര്‍ എസ്.സി കോളനിയില്‍ ബിനാമി പേരില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ജില്ലാപഞ്ചായത്ത് അംഗവും കോണ്‍ഗ്രസിന്റെ മണ്ഡലം ഭാരവാഹിയും ബിനാമി പേരില്‍ വീട് കൈക്കലാക്കി ഹോംസ്റ്റേ നടത്തുണ്ട്.
ഭൂരഹിതരായ എസ്.സി വിഭാഗത്തിന് നല്‍കിയ ഭൂമിയാണ് ഇവര്‍ കൈക്കലാക്കിയത്. എസ്.സി കോളനിയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പലതവണ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞിട്ടുണ്ടെങ്കിലും നിയമം ലംഘിച്ചുള്ള കെട്ടിട നിര്‍മ്മാണങ്ങള്‍ വ്യാപകമാണ്. സ്ഥലം എംഎല്‍എയുടെ ഇടപെടലിനെത്തുടര്‍ന്ന് ഈ പ്രദേശത്തുള്ള റോഡ് കയ്യേറ്റങ്ങളും അനധികൃത കെട്ടിട നിര്‍മ്മാണവും തടയാന്‍ കഴിയുന്നില്ല.
നോക്കുകുത്തിയായി ഭൂസംരക്ഷണ നിയമം
2009ല്‍ ഭേദഗതി ചെയ്ത ഭൂസംരക്ഷണ നിയമത്തില്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കും ഇതിന് ഒത്താശ ചെയ്തവര്‍ക്കും കടുത്ത ശിക്ഷയും പിഴയും നല്‍കാന്‍ വ്യവസ്ഥയുണ്ട്. അരലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയും ഏഴ് വര്‍ഷം വരെ കഠിന തടവും ശിക്ഷ ലഭിക്കാം. കെഡിഎച്ച്, പള്ളിവാസല്‍, ചിന്നക്കനാല്‍ എന്നീ വില്ലേജുകളില്‍ ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന് റവന്യൂ വകുപ്പിന് തന്നെ അറിയാം. കയ്യേറ്റക്കാര്‍ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുത്ത് കടുത്ത ശിക്ഷ വാങ്ങി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. കയ്യേറ്റക്കാരെപ്പോലെ തന്നെ കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥരും ഭൂസംരക്ഷണ നിയമ പ്രകാരം പ്രതിക്കൂട്ടിലാണ്. കയ്യേറ്റത്തിന് സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സംസ്ഥാനത്ത് മാറി മാറി ഭരണം കയ്യാളുന്ന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല.
കര്‍ശന നടപടി അനിവാര്യം
മൂന്നാറിലെയും പരിസര പ്രദേശങ്ങളിലെയും കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് നടക്കുന്നതെന്ന് വ്യക്തം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമി കയ്യേറി നിര്‍മ്മിച്ച പല കെട്ടിടങ്ങള്‍ക്കും വസ്തുവിന്റെ ഉടമസ്ഥാവകാശം ഇല്ലാതെ പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ജില്ലയിലെ ഇടത്-വലത് മുന്നണികളാണ് നിയമ ലംഘനത്തിന് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നത്. സര്‍ക്കാരിന്റെ പക്കല്‍ ഭൂമി സംബന്ധമായ രേഖകള്‍ പലതും ഇല്ലെന്ന വിവരം കയ്യേറ്റക്കാര്‍ക്ക് ഗുണമാകുന്നു. വ്യാജ പട്ടയങ്ങള്‍ ഉപയോഗിച്ചുള്ള കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും കഴിയുന്നില്ല. എസ്.രാജേന്ദ്രന്‍ എംഎല്‍എയുടെ വീട് കയ്യേറ്റ ഭൂമിയിലാണെന്ന് വ്യക്തമാണ്. എംഎല്‍എ ഒരു പട്ടയം ഉയര്‍ത്തിക്കാണിക്കുന്നുമുണ്ട്. പട്ടയത്തില്‍ കാണിച്ചിരിക്കുന്ന കാലയളവില്‍ പട്ടയം വിതരണം സംബന്ധിച്ച രേഖ സര്‍ക്കാരിന്റെ പക്കലില്ല. ഇപ്പോള്‍ എംഎല്‍എയുടെ പട്ടയത്തെക്കുറിച്ച് ജില്ലാ കളക്ടര്‍ തന്നെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
വേണം സിബിഐ അന്വേഷണം
ജില്ലയിലെ ഭൂമി കയ്യേറ്റവും ഇതിന് ഉദ്യോഗസ്ഥതലത്തില്‍ നല്‍കിയ പിന്തുണയും സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം. സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി വന്നാല്‍ സ്വാധീനിച്ച് അന്വേഷണം എങ്ങുമെത്തുകയുമില്ല. ജോയിസ് ജോര്‍ജ് എംപി ഇടപെട്ട കൊട്ടക്കാമ്പൂര്‍ ഭൂമി കേസ് ഇഴഞ്ഞ് നീങ്ങുന്നത് ഒരു ഉദാഹരണമാണ്.
ഇടുക്കിയിലെ ഭൂമി കൊള്ളയുടെ ഉള്ളറകള്‍ തുറക്കണമെങ്കില്‍ സിബിഐ വരണം. ഇതിന് മുഖ്യമന്ത്രി ധൈര്യം കാട്ടുമോയെന്ന് കാത്തിരുന്ന് കാണാം.
(അവസാനിച്ചു)
















