തൃശൂര്‍: കേരളത്തില്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ആശങ്കയുണര്‍ത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ. ക്രമസമാധാനത്തകര്‍ച്ച കേരളത്തിന് തിരിച്ചടിയാകും. ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളില്‍ ബാധിക്കും. നദ്ദ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഒട്ടേറെ ജനക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇവയൊന്നും നടപ്പാവുന്നില്ല. രാഷ്‌ട്രീയവിരോധം മൂലം സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന്റെ ജനക്ഷേമപരിപാടികള്‍ അട്ടിമറിക്കുകയാണ്.
പ്രധാനമന്ത്രി ഡയാലിസിസ് യോജന വഴി ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ഡയാലിസിസ് സൗകര്യം ലഭിക്കും. ദാരിദ്ര്യരേഖക്ക് മുകളിലുള്ളവര്‍ക്ക് കുറഞ്ഞനിരക്കില്‍ ഡയാലിസിസ് സൗകര്യമൊരുക്കും. 900കോടിരൂപ പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്. രാജ്യവ്യാപകമായി സൗജന്യ രോഗനിര്‍ണയകേന്ദ്രങ്ങളും ലബോറട്ടറികളും സ്ഥാപിക്കുന്ന പദ്ധതി പുരോഗമിച്ചുവരികയാണ്. കേരളസര്‍ക്കാര്‍ ഈ പദ്ധതികളെല്ലാം പ്രയോജനപ്പെടുത്തണം. നദ്ദ ചൂണ്ടിക്കാട്ടി. കേരളത്തിന് എയിംസ് അനുവദിക്കുന്നകാര്യത്തില്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും നദ്ദപറഞ്ഞു.
















