തിരുവനന്തപുരം: പോലീസ് രജിസ്റ്റര്‍ ചെയ്ത 162 യുഎപിഎ കേസുകളില്‍ 42 എണ്ണം നിലനില്‍ക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ അധ്യക്ഷനായ സമിതി കണ്ടെത്തി. ചില കേസുകളില്‍ അനാവശ്യമായാണ് യുഎപിഎ ചുമത്തിയതെന്നാണ് സമിതി വിലയിരുത്തല്‍. 42 കേസുകളില്‍ യുഎപിഎ ഒഴിവാക്കാനായി കോടതികളില്‍ അപേക്ഷ സമര്‍പ്പിക്കും.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള യുഎപിഎ നിയമം പോലീസ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ തന്നെ രംഗത്തെത്തിയിരുന്നു. മാവോവാദി ഭീഷണിയുള്ള മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലായിരുന്നു ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 2012 മുതല്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്ന കേസുകളാണ് ഇവ. കേസുകളില്‍ അറസ്റ്റ് നടന്നിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ജില്ലാ പോലീസ് മേധാവിമാരോട് ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ടു ലഭ്യമാകുമ്പോഴാണ് കോടതിയെ സമീപിക്കുക.
ജില്ലാ പോലീസ് മേധാവിമാരുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ സ്‌റ്റേഷന്‍ തലത്തില്‍ യുഎപിഎ ചുമത്തരുതെന്ന കര്‍ശനനിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കി. സിപിഐ സെക്രട്ടറി കാനവും പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് കേസുകള്‍ വിശദമായി പരിശോധിച്ചത്. കമല്‍ സി. ചവറയ്‌ക്കെതിരായ യുഎപിഎ കേസ് ഒഴിവാക്കും. എന്നാല്‍ മാവോയിസ്റ്റ് നോട്ടീസ് വിതരണം ചെയ്ത നദീര്‍ ഉള്‍പ്പെടെയുള്ളവരുടെ കേസ് ഒഴിവാക്കേണ്ടതില്ലെന്നാണ് പോലീസ് നിലപാട്. അതേസമയം ഈ തീരുമാനത്തിന്റെ മറവില്‍ തീവ്രമതനിലപാടുകള്‍ പുലര്‍ത്തുകയും കേസില്‍പ്പെടുകയും ചെയ്ത ചിലരെ ഒഴിവാക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
















