തൃശൂര്‍: മലപ്പുറം കളക്‌ട്രേറ്റ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും ഭീകരസംഘടനയായ ബേസ്മൂവ്‌മെന്റ് അംഗവുമായ മധുര ഇസ്മായില്‍പുരം സ്വദേശി അബ്ബാസ് അലി (27) ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍. വിയ്യൂര്‍ ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
രണ്ട് ദിവസമായി ജയിലില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ ഹൈദരബാദ് യൂണിറ്റ് മേധാവി പ്രദീപ് അംബേദ്കറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിന്റെ നിരന്തര ചോദ്യം ചെയ്യലിലായിരുന്നു അബ്ബാസ്. രാവിലെയും വൈകീട്ടുമെല്ലാം ചോദ്യം ചെയ്യലിന് വിധേയമാക്കിയ അബ്ബാസിനെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത് കണ്ടെത്തി മെഡിക്കല്‍ കോളേജിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാണെന്നും, തൂങ്ങിമരിക്കാന്‍ശ്രമിച്ചതിന്റെ മുറിവുകളുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
2016 കേരളപ്പിറവി ദിനത്തിലാണ് മലപ്പുറം കളക്ട്രേറ്റ് വളപ്പിലെ കോടതിക്കു മുന്നില്‍ നിറുത്തിയിട്ടിരുന്ന ഹോമിയോ ഡി.എം.ഒയുടെ കാറില്‍ സ്‌ഫോടനമുണ്ടായത്.
നവംബര്‍ 27നാണ് അബ്ബാസ് അലിയടക്കമുള്ള നാല് പേരെ ചെന്നെയില്‍ നിന്നും ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ വിശ്വാസമില്ലെന്ന് ഉദ്‌ഘോഷിക്കുന്ന തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് അഞ്ചോളം സ്ഥലങ്ങളില്‍ തുടരെ ബോംബ് സ്‌ഫോടനം നടത്തിയെന്നാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം. നിയമ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിന്റെ (യു.എ.പി.എ) വിവിധ വകുപ്പുകളായ 310, 15, 16, 18, 20 എന്നിവയും ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി, 120,121 എ, 427, സ്‌ഫോടക വസ്തു ഉപയോഗിക്കുന്നതിനെതിരെയുള്ള നിയമത്തില്‍ 3(എ) എന്നിവയും ചേര്‍ത്താണ് ഇവര്‍ക്കെതിരെയുള്ള കേസ്.
2016 ജൂണ്‍ 15ന് കൊല്ലം കളക്ട്രേറ്റ് വളപ്പിലെ സമാനമായ സ്‌ഫോടനത്തിന് പിന്നിലും അബ്ബാസ് അലിയടക്കമുള്ളവരാണെന്ന് കണ്ടെത്തിയിരുന്നു. അബ്ബാസ് അലി ഉള്‍പ്പെടെ നാലുപ്രതികളാണ് കേരളത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏപ്രില്‍ 10ന് കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പിടിയിലായിരുന്നു. മലപ്പുറം സ്‌ഫോടന കേസിനെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ആസൂത്രണം ചെയ്തതായും കസ്റ്റഡിയിലുള്ള അബ്ബാസ് അലിയാണ് ബേസ്മൂവ്‌മെന്റിന്റെ തലവനെന്നും മൊഴിലഭിച്ചത്. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാളാണ് ബോംബ് നിര്‍മ്മിച്ച് രണ്ടാം പ്രതിയായ കരീം രാജയെ മലപ്പുറത്തേക്ക് വിട്ടത്.
സ്‌ഫോടനം നടത്തുന്നതിന്റെ പത്ത് ദിവസം മുമ്പ് കരീംരാജ മലപ്പുറത്തെത്തി കളക്‌ട്രേറ്റ് കോടതിയും പരിസരവും വീഡിയോ പകര്‍ത്തി കൊണ്ടുപോയിരുന്നു. കൊമേഴ്‌സ് ബിരുദദാരിയായ കരീംരാജ തന്നെയാണ് നവംബര്‍ ഒന്നിന് കോടതി വളപ്പില്‍ ബോംബ് സ്ഥാപിച്ചതും. അല്‍ഖാഇദയുടെ ആശയം പിന്‍പറ്റുന്ന ഇന്ത്യയിലെ സംഘടനയാണ് ബേസ് മൂവ്‌മെന്റ്. കോയമ്പത്തൂര്‍ ആസ്ഥാനമായി മുമ്പ് പ്രവര്‍ത്തിച്ചിരുന്ന അല്‍ ഉമ്മ എന്ന തീവ്രവാദ സംഘടനയുമായും ഇവര്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. മലപ്പുറം, കൊല്ലം കലക്ട്രേറ്റുകള്‍ക്ക് പുറമെ കര്‍ണാടകയിലെ മൈസൂര്‍, ആന്ധ്രയിലെ നെല്ലൂര്‍, ചിറ്റൂര്‍ കോടതികള്‍ക്കു മുന്നിലും ഈ സംഘം സ്‌ഫോടനം നടത്തിയിരുന്നു. അബ്ബാസ് അലിയെ മുമ്പും എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.
















