തിരുവനന്തപുരം: യുഎപിഎ നടപ്പാക്കാന്‍ സാധാരണ പോലീസുകാരെ ഏല്‍പ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
യുഎപിഎ നടപ്പാക്കുന്നതില്‍ സൂക്ഷ്മത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സാധാരണ പോലീസുകാര്‍ തോന്നുംവിധം യുഎപിഎ നടപ്പാക്കുന്നത് ശരിയല്ല. യുഎപിഎയോടുള്ള രാഷ്‌ട്രീയ നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌നാഥ് ബഹ്‌റയെ ഡിജിപി സ്ഥാനത്തു നിന്നു മാറ്റണമെന്ന അഭിപ്രായമുണ്ടോയെന്ന ചോദ്യത്തിന് ഓരോ ഉദ്യോഗസ്ഥ മേധാവിയേയും നിശ്ചയിക്കുന്നത് ഇടതുമുന്നണിയോ മുന്നണിയിലെ രാഷ്‌ട്രീയ പാര്‍ട്ടികളോ അല്ലെന്നും അത് സര്‍ക്കാര്‍ എടുക്കുന്ന തീരുമാനമാണെന്നുമായിരുന്നു മറുപടി.
20ന് സിപിഎം നേതാക്കളുമായി ചര്‍ച്ചയുണ്ടോയെന്ന ചോദ്യത്തിന് അന്നേ ദിവസം എകെജി സെന്ററില്‍ ഒരു പൊതുപരിപാടിയില്‍ താനും കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയും ഒരുമിച്ച് പങ്കെടുക്കുന്നുണ്ടെന്നും അതേ തുടര്‍ന്ന് ചര്‍ച്ചയുണ്ടായേക്കാമെന്നും കാനം പറഞ്ഞു. ഓരോ വിഷയങ്ങളിലും സിപിഐയ്‌ക്കും സിപിഎമ്മിനും വ്യത്യസ്ത നിലപാടുകളുണ്ടാകാം. എന്നാല്‍ അവയൊന്നും ചര്‍ച്ചചെയ്തു പരിഹരിക്കാനാകാത്ത നിലപാടുകളല്ലെന്നും കാനം പറഞ്ഞു.
















