കണ്ണൂര്‍: വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കണ്ണൂര്‍ സര്‍വ്വകലാശാല ഗണിതശാസ്ത്ര മേധാവി ഡോ.ടി.വി.രാമകൃഷ്ണന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങി ജാമ്യമെടുത്തു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വളപട്ടണം സിഐ ടി.കെ.രത്‌നകുമാര്‍ മുമ്പാകെ കീഴടങ്ങിയത്.
ഗണിത ശാസ്ത്ര സെമിനാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ച് അധ്യാപകന്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നായിരുന്നു വിദ്യാര്‍ത്ഥിനികളുടെ പരാതി. ഡിസംബര്‍ 28 നാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയെടുക്കാന്‍ വൈസ് ചാന്‍സലര്‍ തയ്യാറായില്ല. പിന്നീട് ഗവര്‍ണര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിയുടെ ഓഫീസില്‍ നിന്ന് രജിസ്ട്രാറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.
രണ്ടംഗ അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. അധ്യാപകന്‍ കുറ്റക്കാരനാണെന്ന റിപ്പോര്‍ട്ട് സര്‍വ്വകലാശാല രജിസ്ട്രാര്‍ക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍വ്വകലാശാല രജിസ്ട്രാര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി കൈമാറുകയായിരുന്നു.
















