ന്യൂയോര്‍ക്ക്: അന്ധതയൊന്നും തടസമായില്ല സാഗര്‍ ബഹേതിക്ക്. കാഴ്ചക്കാരെയും സഹതാരങ്ങളെയും അത്ഭുതപ്പെടുത്തി യുഎസിലെ ബോസ്റ്റണ്‍ ട്രാക്കില്‍ വിസ്മയം തീര്‍ത്തു ഈ ഇന്ത്യാക്കാരന്‍. വിഖ്യാതമായ ബോസ്റ്റണ്‍ മാരത്തണില്‍ പങ്കെടുക്കുന്ന കാഴ്ചാവൈകല്യമുള്ള ആദ്യ ഇന്ത്യാക്കാരന്‍ എന്ന ബഹുമതിയും സ്വന്തമാക്കി ഈ ബെംഗളൂരു സ്വദേശി.
മസാച്യുസെറ്റ്‌സ് അന്ധ അസോസിയേഷന്റെ സഹായത്തോടെയാണ് മുപ്പത്തൊന്നുകാരനായ ബഹേതി മാരത്തണിനെത്തിയത്. ഇപ്പോള്‍ ബോസ്റ്റണില്‍ താമസിക്കുന്ന പഴയ കോളേജ് സുഹൃത്ത് ദേവിക നരെയ്ന്‍ അയെട്‌സാണ് നൂറ്റിയിരുപതാം എഡിഷനിലെ 30,000 ഓട്ടക്കാരില്‍ ഒരാളാകാന്‍ ഇദ്ദേഹത്തെ സഹായിച്ചത്. കടുത്ത ചൂടിനെ അവഗണിച്ച് ഓട്ടം പൂര്‍ത്തിയാക്കി സാഗര്‍. നാല് മണിക്കൂറില്‍ 42.16 കിലോമീറ്റര്‍ ബഹേതി ഓടി. മകന്റെ പ്രകടനം കാണാന്‍ അമ്മ വിഷ്ണുകാന്തയും അച്ഛന്‍ നരേഷ് ബഹേതിയും എത്തിയിരുന്നു.
2013ലാണ് ബഹേതിക്ക് കാഴ്ച നഷ്ടമാകാന്‍ തുടങ്ങിയത്. എന്നാല്‍, ഇത് അദ്ദേഹത്തെ തളര്‍ത്തിയില്ല. കുട്ടിക്കാലത്ത് തന്നെ കായികമേഖലയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ബഹേതി രാജ്യത്തെ കാഴ്ച വൈകല്യമുള്ളവരെക്കുറിച്ച് കൂടുതലറിയാന്‍ ഈ സമയം ചെലവിട്ടു. ഇതാണ് അദ്ദേഹത്തെ ബോസ്റ്റണിലെത്തിച്ചത്.
കാഴ്ച വൈകല്യമുള്ളവര്‍ക്ക് ദിവസേന യാത്ര ചെയ്യാന്‍ ഭാഗികമായി കാഴ്ച നല്‍കാനുളള ഉപകരണം നിര്‍മിക്കുന്ന മാബ്വി എന്ന സംഘടനയ്‌ക്ക് 10,000 ഡോളര്‍ സമാഹരിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ മോഹം.
കുട്ടിക്കാലം മുതല്‍ തന്നെ ബഹേതിക്ക് ക്രിക്കറ്റിനോടും ആഭിമുഖ്യമുണ്ട്. തന്റെ അച്ഛനും അമ്മാവന്‍മാരും ക്രിക്കറ്റ് കളിക്കുന്നത് കണ്ടാണ് താന്‍ വളര്‍ന്നതെന്ന് ഇയാള്‍ മുന്‍പ് ഒരു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പതിനാല് വയസ് മുതല്‍ അന്ധതയെക്കുറിച്ച് അറിയും വരെ താനും ക്രിക്കറ്റ് കളിക്കുമായിരുന്നു എന്നും ബഹേതി വ്യക്തമാക്കുന്നു.
















