ന്യൂദല്‍ഹി: ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ തോക്കുമായി ഭീകരര്‍ വിഹരിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ ഭീകരസംഘടനകളില്‍ ചേര്‍ന്ന യുവാക്കളുടെ സംഘമാണ് പ്രദേശവാസികളുടെ പിന്തുണയോടെ ആയുധങ്ങളുമായി തലങ്ങും വിലങ്ങും സഞ്ചരിക്കുന്നത്. കശ്മീരില്‍ ജിഹാദികള്‍ സംഘര്‍ഷം വ്യാപിപ്പിച്ച സാഹചര്യത്തില്‍ പുതിയ സംഭവം സുരക്ഷാ സേനകള്‍ നിരീക്ഷിച്ച് വരികയാണ്.
ഷോപ്പിയാന്‍, കുല്‍ഗാം, പുല്‍വാമ, അവന്തിപോര എന്നിവിടങ്ങളില്‍ ഭീകരര്‍ പരസ്യമായി സഞ്ചരിക്കുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മുംബൈ മിററിനോട് വ്യക്തമാക്കി. ഇത് സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും പത്രം പുറത്തു വിട്ടു. ലക്ഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകരസംഘടനകളില്‍പ്പെട്ട ഇവര്‍ക്ക് പ്രദേശവാസികള്‍ ഭക്ഷണവും താമസവും നല്‍കുന്നു. ഭീകരരുമായി ഏറ്റുമുട്ടുന്ന സുരക്ഷാ സേനകളെ ആക്രമിക്കുന്നത് ഇവിടങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ചെറിയ യോഗങ്ങള്‍ സംഘടിപ്പിച്ച് സൈന്യത്തിനും രാജ്യത്തിനുമെതിരായ പ്രവര്‍ത്തനത്തെ പിന്തുണക്കാനും ഇവര്‍ പ്രദേശവാസികളോട് ആവശ്യപ്പെടുന്നുണ്ട്. വിഘടനവാദി സംഘടനയായ ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ പരിപാടികളില്‍ സംബന്ധിക്കാനും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടറായിരുന്ന ബുര്‍ഹാന്‍ വാനിയെ ജൂലൈ എട്ടിന് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈ സമയം ഇരുനൂറോളം പേര്‍ ഭീകരസംഘടനകളില്‍ ചേര്‍ന്നതായാണ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. ഇതിനിടെ ഫോര്‍ ജി, ത്രി ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചതിന് പിന്നാലെ താഴ്‌വരയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനും സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
സൈന്യത്തിനെതിരെ വ്യാപകമായി വീഡിയോകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണിത്. വ്യാജപ്രചാരണത്തിനും കല്ലേറ് ആക്രമണത്തിന് ആള്‍ക്കൂട്ടത്തെ സംഘടിപ്പിക്കാനും ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. വിദ്യാര്‍ത്ഥികളും സുരക്ഷാ സേനയുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജുകളും സ്‌കൂളുകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു.
















