ചെന്നൈ: ചര്‍ച്ചകള്‍ ഐഎന്‍എസ് ചെന്നൈയില്‍, തമിഴക രാഷ്‌ട്രീയം ചൂടുപിടിക്കുമ്പോള്‍ ന്യൂസ് ചാനലുകളിലെ ഈ ഫ്‌ളാഷ് ന്യൂസ് അത്ഭുതപ്പെടുത്തുന്നതായിരുന്നു. യുദ്ധക്കപ്പലില്‍ രാഷ്‌ട്രീയ ചര്‍ച്ചയോ? എന്നാല്‍ ഐഎന്‍എസ് ചെന്നൈ രാഷ്‌ട്രത്തിനു സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാവികസേന സംഘടിപ്പിച്ച യാത്രയില്‍ പങ്കെടുക്കുകയായിരുന്നു ഇന്നു രാവിലെ തമിഴ്‌നാട്ടിലെ എംഎല്‍എമാര്‍.
തലേന്നു രാത്രി മുഴുവന്‍ തമിഴ് രാഷ്‌ട്രീയത്തിലെ നിര്‍ണായ വഴിത്തരിവുകള്‍ക്കായി കാത്തിരുന്നവരെ നിരാശരാക്കി തീരുമാനങ്ങള്‍ നീളുകയായിരുന്നു.
പാര്‍ട്ടി ചിഹ്നത്തിനായി എഐഎഡിഎംകെ ശശികല വിഭാഗത്തിന്റെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍ അമ്പതു കോടി കൈക്കൂലി നല്‍കാന്‍ ശ്രമിച്ചു എന്ന കേസിനു പിന്നാലെ ശശികല പക്ഷത്തുണ്ടായ കലാപമാണ് പെട്ടെന്നുണ്ടായ നീക്കങ്ങള്‍ക്കു പിന്നില്‍.
എഐഎഡിഎംകെ(പുരട്ച്ചിത്തലൈവി അമ്മ) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒ. പനീര്‍ശെല്‍വം വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയ നീക്കങ്ങള്‍ക്കാണ് തമിഴ്ക രാഷ്‌ട്രീയം സാക്ഷ്യം വഹിച്ചത്. പാര്‍ട്ടിയുടെ ഇരു വിഭാഗങ്ങളും ഒന്നിക്കാനുള്ള ചര്‍ച്ചകളാണ് സജ്ജീവമായത്. ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ(അമ്മ) ജനറല്‍ സെക്രട്ടറി ശശികലയേയും കുടുംബത്തേയും പാടേ നിരാകരിച്ചുകൊണ്ടുള്ള കൂടിക്കാഴ്ചകളും ചര്‍ച്ചകളും.
ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ, മുഖ്യമന്ത്രി പളനി സ്വാമി എന്നിവരുടെ നേതൃത്വത്തില്‍ യോജിപ്പിനുള്ള നിര്‍ദേശങ്ങളും സാധ്യതകളും മറുപക്ഷത്തിനു കൈമാറിക്കൊണ്ടേയിരുന്നു.
ബെംഗളൂരുവിലായിരുന്ന ദിനകരന്‍ തിരിച്ചെത്തിയതോടെ രണ്ടു മന്ത്രിമാര്‍ അദ്ദേഹത്തെക്കണ്ട് സാഹചര്യങ്ങള്‍ ധരിപ്പിച്ചു. തെരഞ്ഞെടുപ്പു കമ്മീഷനു കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലാവാം എന്ന അവസ്ഥ നേരിടുന്ന, ശശികലയുടെ മരുമകന്‍ കൂടിയായ ദിനകരന്‍ പ്രമുഖ അഭിഭാഷകരുമായി ചര്‍ച്ച നടത്തുന്നതിന്റെ തിരക്കിലായിരുന്നു. താന്‍ എഐഎഡിഎംകെ ഡ്യപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കാം, ശശികല ജനറല്‍ സെക്രട്ടറിയായി തുടരട്ടെ എന്ന ഫോര്‍മുല ദിനകരന്‍ മുന്നോട്ടു വച്ചു.
ശശികല വിഭാഗത്തില്‍ മാറിയ ചിന്തക്കു തുടക്കമിട്ട മന്ത്രി ജയകുമാറാണ് പനീര്‍ശെല്‍വത്തിന്റെ ക്യാമ്പുമായി ആശയവിനിമയം നടത്തിയത്. അണ്ണാഡിഎംകെയുടെ 172 എംഎല്‍എമാരും ഒന്നിക്കാനും ഒരു പാര്‍ട്ടിയായി മുന്നോട്ടു പോകാനും ആഗ്രഹിക്കുന്നു എന്നാണ് ജയകുമാര്‍ രാവിലെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.
ചിഹ്നം കിട്ടാന്‍ കൈക്കൂലി എന്ന ആരോപണം നിഷേധിച്ച ദിനകരന്‍ തുടക്കത്തില്‍ കടുത്ത നിലപാടിലായിരുന്നു. എന്നാല്‍ ബെംഗളൂരുവില്‍ ശശികലയെ സന്ദര്‍ശിച്ചതിനു ശേഷം ചെന്നൈയില്‍ തിരിച്ചെത്തിയ ദിനകരന് കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിന്റെ സൂചനയാണ് കിട്ടിയത്. അതോടെ ഒത്തുതീര്‍പ്പു ഫോര്‍മുലകള്‍ മുന്നോട്ടു വെച്ചു തുടങ്ങി. അതേസമയം ശശികലയുടെ കുടുംബത്തില്‍ ഭിന്നത രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ശശികലയുടെ ഭര്‍ത്താവ് നടരാജനും സഹോദരന്‍ ദിവാകരനും ഒരു ഭാഗത്തും മരുമക്കള്‍ മറുപക്ഷത്തും നിലയുറപ്പിച്ചിരിക്കുന്നു എന്നാണ് സൂചന.
















