കൊച്ചി: സര്‍ക്കാരിനും അഴിമതിക്കാര്‍ക്കുമെതിരെ ആഞ്ഞടിച്ച് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വീണ്ടും. അഴിമതിക്കാരായ ചിലരെ തൊട്ടാല്‍ ഷോക്കടിച്ച് തെറിച്ചുവീഴുമെന്ന് ജേക്കബ് തോമസ് പറഞ്ഞു.
അഴിമതിയില്‍ പുതിയ രീതികള്‍ സ്വീകരിക്കുന്ന അവര്‍ക്ക് ഹൈ വോള്‍ട്ടേജാണ്. ഭരണത്തെ സ്വാധീനിച്ച് അനുകൂലമായി സര്‍ക്കാര്‍ ഉത്തരവുകള്‍ സാമ്പാദിച്ചാണ് അഴിമതി നടക്കുന്നത്. നിയമപരമായതിനാല്‍ നടപടിയെടുക്കാന്‍ വ്യവസ്ഥയില്ല, അദ്ദേഹം പറഞ്ഞു. ‘അഴിമതി രഹിത കേരളം ജനപങ്കാളിത്തത്തോടെ’ എന്ന വിഷയത്തില്‍ എറണാകുളത്ത് സംഘടിപ്പിച്ച സെമിനാറിലും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും മറുപടി പറയുകയായിരുന്നു അദ്ദേഹം.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു മുന്നില്‍ ജോലിക്കായി ആളുകള്‍ ക്യൂ നില്‍ക്കുമ്പോള്‍ ബന്ധു നിയമനം വേണോയെന്ന് ജനങ്ങള്‍ സര്‍ക്കാരിനോട് ചോദിക്കണം. അടിപേടിച്ച് മിണ്ടാതിരിക്കേണ്ട കാര്യമില്ല. പറയേണ്ടത് പറയുക തന്നെ വേണം. അവധി കഴിഞ്ഞ് താന്‍ തിരികെ എത്തുന്ന കാര്യം മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അഴിമതിക്കെതിരെ പോരാടാന്‍ വിജിലന്‍സിലേക്ക് വരണമെന്നില്ല. എവിടെയായാലും മതി.
കേരളത്തില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് സര്‍വകലാശാലകള്‍ ഗവേഷണം നടത്തണം. അഴിമതിയുടെ പല രീതികള്‍ അപ്പോള്‍ കണ്ടെത്താം. വിദേശ രാജ്യങ്ങളില്‍ ഇതിന് സര്‍വകലാശാലകളും സംഘടനകളുമുണ്ട്. ഇവിടെയും അത്തരം സംവിധാനങ്ങള്‍ വന്നാല്‍ അഴിമതിയില്ലാതാക്കാം. സര്‍ക്കാരിന്റെ വിജിലന്‍സ് സംവിധാനം ദുര്‍ബലമായാല്‍ ജനങ്ങളുടെ വിജിലന്‍സ് ശക്തി പ്രാപിക്കണം. അഴിമതിരഹിത കേരളമെന്ന ലക്ഷ്യം പൂര്‍ത്തിയാക്കാനാകുമെന്നും അതിന് ജനപങ്കാളിത്തം വേണമെന്നും ജേക്കബ് തോമസ് പറഞ്ഞു.
















