കൊച്ചി: വിശ്വപ്രസിദ്ധമായ എറണാകുളം തിരുമല ദേവസ്വം ക്ഷേത്രം ഇടതുപക്ഷ സര്‍ക്കാര്‍ പിടിച്ചെടുക്കുന്നു. ക്ഷേത്ര ഭരണം കയ്യടക്കാന്‍ ചട്ടം ലംഘിച്ചുള്ള നടപടികളും തുടങ്ങി. ക്ഷേത്രം ഏറ്റെടുക്കാന്‍ ഫെബ്രുവരി 16ന് ചേര്‍ന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. തുടര്‍ നടപടിയുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥനേയും നിയോഗിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ചിലര്‍ അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
രാഷ്‌ട്രീയ ലക്ഷ്യം വച്ചുള്ള നടപടി എല്ലാ ചട്ടങ്ങളും ലംഘിച്ചാണെന്ന് വ്യക്തം. തിരുവിതാംകൂര്‍ – കൊച്ചി ഹിന്ദു മതസ്ഥാപന നിയമത്തിലെ 98, 99 വകുപ്പുകള്‍ പ്രകാരമാണ് ഏറ്റെടുക്കല്‍ നടപടി. സ്ഥാപനഭരണത്തില്‍ ക്രമക്കേടുണ്ടോ എന്ന് ബോര്‍ഡ് ഉദ്യോഗസ്ഥന്‍ അന്വേഷിച്ച്, ബോധ്യപ്പെട്ട്, ഭരണ സമിതിക്ക് പറയാനുള്ളതു കേട്ട് തയാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗസറ്റ് വിജ്ഞാപനം നടത്തി വേണം ഏറ്റെടുക്കണമോ എന്നു തീരുമാനിക്കാന്‍. എന്നാല്‍, ഇതൊന്നും ഇല്ലാതെ, ടിഡി ക്ഷേത്രം ഏറ്റെടുക്കാന്‍ തീരുമാനിച്ചെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥനായി ഡെപ്യൂട്ടി സെക്രട്ടറി പി. രാജേന്ദ്ര പ്രസാദിനെ നിയോഗിച്ചെന്നുമാണ് കൊച്ചി ദേവസ്വം ബോര്‍ഡിന്റെ അറിയിപ്പ്. എറണാകുളം നഗര മദ്ധ്യത്തിലുളള ക്ഷേത്രത്തിന് മുന്നൂറു വര്‍ഷം പഴക്കമുണ്ട്.
സ്വര്‍ണ്ണപ്പല്ലക്കു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 1996-2000 കാലത്തുണ്ടായ വിവാദത്തിന്റെ പേരില്‍ ഒരു വിഭാഗം അയച്ച പരാതിയിലാണ് ഈ തിരക്കിട്ട നടപടി. മുഖ്യമന്ത്രിക്ക് സെപ്തംബര്‍ 12-നാണ് പരാതി നല്‍കിയത്. ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന സമിതിയോട്, 2015 സെപ്തംബറിലെ തെരഞ്ഞെടുപ്പില്‍ തോറ്റവരാണ് പരാതിക്കാര്‍. ഗൗഡസാരസ്വത സംഘം പ്രസിഡന്റ് എന്‍.കെ. പ്രഭാകര നായ്‌ക്, എറണാകുളം തിരുമല ദേവസ്വം മുന്‍ കമ്മിറ്റിയംഗങ്ങളായ വി. രാജ്കുമാര്‍ കമ്മത്ത്, വി. ശിവാനന്ദ ഭട്ട് തുടങ്ങിയവരാണ് പരാതി നല്‍കിയത്. പ്രഭാകര നായ്‌ക് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ സിപിഎം സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ സിപിഎം മുന്‍ എറണാകുളം എരിയാ സെക്രട്ടറിയാണ്.
ബോര്‍ഡ് നിര്‍ദ്ദേശ പ്രകാരം അന്വേഷണത്തിനെത്തിയ രാജേന്ദ്ര പ്രസാദ് ക്ഷേത്രം സന്ദര്‍ശിച്ച് രേഖകളും മറ്റും കൈക്കലാക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഇങ്ങനൊരു അന്വേഷണത്തിന്റെ ആവശ്യകത ചോദ്യം ചെയ്തു. രേഖകള്‍ വേണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെടണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വ്യവസ്ഥയും വച്ചു. അപ്പോഴാണ് ക്ഷേത്രം ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി ഉദ്യോഗസ്ഥന്‍ അറിയിച്ചതെന്ന് ക്ഷേത്രം രണ്ടാം അധികാരി രാധാകൃഷ്ണ കമ്മത്ത് ബെംഗളൂരുവില്‍നിന്ന് ‘ജന്മഭൂമി’യോട് പറഞ്ഞു.
പല്ലക്ക് വിവാദത്തിന് ഭരണസമിതിയുമായി ബന്ധമൊന്നുമില്ല. പ്രത്യേക സമിതിക്കായിരുന്നു മേല്‍നോട്ടം. ക്ഷേത്രത്തിന് സ്വര്‍ണ്ണപ്പല്ലക്കു നിര്‍മ്മിക്കാന്‍ 1996 ല്‍ കൊടുത്ത സ്വര്‍ണം കരാറുകാര്‍ മോഷ്ടിച്ചു. ഇക്കാര്യം പുറത്തുവന്നതിനെ തുടര്‍ന്ന് ക്ഷേത്ര സമിതിയുടെ പരാതിയില്‍ ആന്റി ടെമ്പിള്‍ തെഫ്റ്റ് സ്‌ക്വാഡ് അന്വേഷണം നടത്തി. പല്ലക്കുപണി കരാറുകാരന്‍ സ്വര്‍ണം മോഷ്ടിച്ചത് സമ്മതിച്ചു. ഇയാള്‍ ജയിലിലാണ്.
ഹൈക്കോടതി, ദേവസ്വം ഓംബുഡ്‌സ്മാന്‍ തുടങ്ങി വിവിധ വേദികളിലെത്തിയ കേസ് ഇപ്പോഴും നടക്കുകയാണ്. അതിനിടെ കേസില്‍ ചിലര്‍ തിരിമറി നടത്തിയെന്ന് ആരോപിച്ച്, പുതിയ ഭരണസമിതി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇത് പരിഗണനയിലാണ്. ഇങ്ങനെ പല തലത്തില്‍ കേസ് കോടതി പരിഗണിക്കവെയാണ് കോടതിയലക്ഷ്യം പോലുമാകാവുന്ന തരത്തില്‍, ക്ഷേത്ര ഭരണ ത്തില്‍ അപാകത ഉണ്ടെന്നു വരുത്തി ക്ഷേത്രഭരണം പിടിക്കാന്‍ സിപിഎമ്മും പിണറായി സര്‍ക്കാരും തീരുമാനം എടുത്ത് നടപ്പാക്കുന്നത്.
















