വരള്‍ച്ചാക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്ര സംഘം പാലക്കാട് എരിമയൂരിലെ ഗായത്രിപ്പുഴ സന്ദര്‍ശിക്കുന്നു
പാലക്കാട്: കേരളത്തിലെ വരള്‍ച്ച വിലയിരുത്താനെത്തിയ കേന്ദ്ര സംഘം പര്യടനം തുടങ്ങി. ആദ്യം പാലക്കാട് ജില്ലയിലാണ് സന്ദര്‍ശനം നടത്തിയത്. ജില്ലയിലെ വരള്‍ച്ചാക്കെടുതികള്‍ അതിരൂക്ഷമാണെന്ന് കേന്ദ്ര സംഘ തലവന്‍ അശ്വിനി കുമാര്‍ പറഞ്ഞു. മംഗലം പാലം , ചെക്ക് ഡാം, എരിമയൂരിലെ ഗായത്രിപ്പുഴ, ചെക്ക്ഡാമും ചുള്ളിയാര്‍ ഡാം, മാടമ്പാറ ക്ഷീരസഹകരണ സംഘം, മുതലമട നിലംപരിശ് പാലത്തിന് സമീപമുള്ള ഗായത്രിപ്പുഴയിലെ ജലനിരപ്പ്, കൊല്ലങ്കോട് തച്ചമ്പള്ളം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.
മുതലമടയില്‍ ആയിരത്തിലധികം അടി താഴ്ചയില്‍ കുഴല്‍കിണര്‍ കുഴിച്ചിട്ടും വെള്ളം ലഭിക്കാത്ത അവസ്ഥയും മാങ്ങ കര്‍ഷകരുടെ പ്രശ്‌നങ്ങളും , നെല്ല് -പച്ചക്കറി കൃഷി മേഖലയിലുണ്ടായ നഷ്ടവും ക്ഷീര മേഖലയിലുണ്ടായ പ്രത്യാഘാതങ്ങളും സംഘത്തിന് ബോധ്യപ്പെട്ടു.
വരള്‍ച്ചാ പ്രതിരോധത്തിനായി ജില്ലയ്‌ക്ക് 304.35 കോടി ലഭ്യമാക്കാനുളള റിപ്പോര്‍ട്ട് കേന്ദ്രസംഘത്തിന് കൈമാറി. വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം കോഴിപ്പാറ അഹല്യ കാമ്പസില്‍ യോഗവും ചേര്‍ന്നു. എം.ബി.രാജേഷ് എംപി അധ്യക്ഷതവഹിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
















