സ്‌നേഹസ്പര്‍ശം… കോട്ടയം വാഴൂര്‍ തീര്‍ത്ഥപാദപുരം പുണ്യം ബാലഭവന്റെ ഭാഗമായി നിര്‍മ്മിക്കുന്ന വാനപ്രസ്ഥകേന്ദ്രത്തിന്റെ ശിലാന്യാസത്തിനെത്തിയ കേന്ദ്ര സാമൂഹിക നീതി വകുപ്പ് സഹമന്ത്രി കൃഷ്ണപാല്‍ ഗുര്‍ജ്ജാര്‍ ബാലഭവനിലെ കുട്ടികളോടൊപ്പം
വാഴൂര്‍: മുതിര്‍ന്നവര്‍ക്ക് പരിഗണന നല്‍കണമെന്ന് കേന്ദ്രസാമൂഹ്യ നീതി മന്ത്രി കൃഷ്ണപാല്‍ ഗുര്‍ജ്ജാര്‍. സമൂഹം മുതിര്‍ന്നവരോട് കടപ്പെട്ടിരിക്കുന്നു, അവര്‍ ശാരീരികമായി ദുര്‍ബലരാണെങ്കിലും അനുഭവസമ്പത്തുള്ളവരാണ്, അവരുടെ ജീവിതാനുഭവങ്ങള്‍ പുതിയ തലമുറയ്‌ക്ക് ഉണ്ടാകുന്നില്ല, അതുകൊണ്ട് സമൂഹത്തിന് അവരുടെ അനുഗ്രഹം ആവശ്യമാണ്. അദ്ദേഹം പറഞ്ഞു.
വാഴൂര്‍ പുണ്യം ട്രസ്റ്റിന്റെ 14-ാം വാര്‍ഷികത്തോടനുബന്ധിച്ച് വാനപ്രസ്ഥ കേന്ദ്രത്തിന് തറക്കല്ലിടുകയായിരുന്നു അദ്ദേഹം. ഇത്തരം സംരംഭങ്ങള്‍ക്ക് മോദി സര്‍ക്കാരിന്റെ പദ്ധതിയനുസരിച്ചുള്ള സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
വാനപ്രസ്ഥകേന്ദ്രത്തിന്റെ ശിലാഫലക അനാച്ഛാദനം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് കമ്മറ്റി ചെയര്‍മാന്‍ ബി.രാധാകൃഷ്ണമേനോന്‍ നിര്‍വ്വഹിച്ചു. മംഗല്യസഹായ നിധി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.
















