പുള്ളിക്കാനത്ത് കൈയേറിയ സര്‍ക്കാര്‍ ഭൂമി റവന്യൂ ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കുന്നു
മൂലമറ്റം (ഇടുക്കി): പുള്ളിക്കാനത്തിന് സമീപം ഇടികുന്നില്‍ 15 കുരിശു വച്ച് കൈയേറിയ 15 ഏക്കര്‍ റവന്യൂ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്തു. ഇവിടത്തെ ഷെഡ്ഡ് പൊളിച്ചുനീക്കി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കൈയേറ്റം ഒഴിപ്പിച്ചത്. ഉണ്ണിക്കുഞ്ഞ് ജോര്‍ജ് എന്ന ആളുടെ നേതൃത്വത്തിലാണ് കുരിശ് സ്ഥാപിച്ച് സര്‍ക്കാര്‍ ഭൂമി കൈയേറാന്‍ ശ്രമം നടത്തിയത്.
കുരിശ് സ്ഥാപിച്ചത് പുള്ളിക്കാനം സെന്റ് തോമസ് പള്ളി അധികൃതരാണ് എന്നാണ് ഇയാള്‍ പറഞ്ഞത്. കുരിശിന്റെ മറവില്‍ പ്രദേശത്ത് ഏലവും മലയിഞ്ചിയും കൃഷി ചെയ്തിട്ടുണ്ട്. 14 കുരിശ് നേരത്തേയും ഒരു വലിയ കുരിശ് കഴിഞ്ഞയാഴ്ചയുമാണ് സ്ഥാപിച്ചത്. ഉണ്ണിക്കുഞ്ഞ് ജോര്‍ജ് എന്ന വ്യക്തിയെ മുന്‍നിര്‍ത്തി പ്രദേശമാകെ കൈയടക്കാനുള്ള നീക്കമാണ് പള്ളി അധികൃതര്‍ നടത്തിയതെന്നും സംശയം.
കുരിശുകള്‍ എത്രയും വേഗം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് റവന്യൂ അധികാരികള്‍ സെന്റ് തോമസ് പള്ളി അധികൃതര്‍ക്ക് നോട്ടീസ് നല്‍കി. സമീപത്ത് കാരുണ്യഗിരി പള്ളിയുടെ പേരില്‍ നടത്തുന്ന കൈയേറ്റങ്ങളെക്കുറിച്ച് വിശദമായി അന്വേഷണം നടത്താന്‍ റവന്യൂ സംഘം തീരുമാനിച്ചു. തഹസില്‍ദാര്‍ സോമനാഥന്‍ നായര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിനു, താലൂക്ക് സര്‍വെയര്‍ സനല്‍കുമാര്‍, ഇലപ്പള്ളി സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വി.കെ. സാജന്‍ എന്നിവര്‍ നടപടികള്‍ക്കു നേതൃത്വം നല്‍കി.
















