പഞ്ചായത്ത് യോഗം കൂടുന്നു, മുഹമ്മദ് ഗഫാര്‍
ലക്‌നൗ: മധുരയിലെ മഡോറ ജില്ലയില്‍ ഗോക്കളെ കശാപ്പ് ചെയ്യുന്നവര്‍ 2.5 ലക്ഷം രൂപ പിഴ അടയ്‌ക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പിഴ അടയ്‌ക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍ അവരുടെ സ്വത്തു വകകളില്‍ നിന്ന് പിഴ കണ്ടെത്തും.
മദ്യം വിതരണം ചെയ്യുന്നവര്‍ക്കെതിരെയും പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്. മുന്‍ ഗ്രാമ പ്രമുഖന്‍ മുഹമ്മദ് ഗഫാറാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഗോക്കളെ കശാപ്പു ചെയ്യുന്നതിനെതിരെയുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനങ്ങളെ മുസ്ലീം സമുദായം ഒന്നടങ്കം പിന്തുണയ്‌ക്കുന്നതായും ഗഫാര്‍ അറിയിച്ചു.
തങ്ങളും ഗോക്കളെ ബഹുമാനിക്കുന്നു, കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍ ആരെങ്കിലും ഏര്‍പ്പെടുന്നതായി വിവരം ലഭിച്ചാല്‍ പിഴ ഈടാക്കുകയും അവരെ പോലീസിലേല്‍പ്പിക്കുകയും ചെയ്യും. ഒരു പക്ഷെ അവര്‍ പിഴ അടയ്‌ക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍ അവരുടെ സ്വത്തു വകകളില്‍ നിന്ന് പിഴ കണ്ടെത്തും.
മദ്യം വിതരണം ചെയ്യുകയാണെങ്കില്‍ 1.11 ലക്ഷം രൂപയാണ് പിഴ. സാമൂഹികമായി ഇത്തരക്കാരെ ബഹിഷ്‌ക്കരിക്കുകയും ചെയ്യുമെന്ന് ഗഫാര്‍ പറയുന്നു. കൂടാതെ ഇവിടെയുള്ള പെണ്‍കുട്ടികളെ വീടിന് പുറത്ത് മൊബൈല്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.
പെണ്‍കുട്ടികള്‍ വിലക്ക് ലംഘിക്കുകയാണെങ്കില്‍ 2100 രൂപ പിഴ അടക്കേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
















