മുട്ടാര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കാലാവസ്ഥാനുസൃത കൃഷി സമ്പ്രദായങ്ങളുടെ ദേശീയ പദ്ധതി നടത്തിപ്പ് വിലയിരുത്താന്‍ മുട്ടാറിലെത്തിയ കേന്ദ്ര കൃഷി സഹമന്ത്രി കര്‍ഷകരോട് സംസാരിക്കുന്നു. ഡോ. ശ്രീനാഥ് ദീക്ഷിത്, മാത്തുക്കുട്ടി ഈപ്പന്‍, കുമ്മനം രാജശേഖരന്‍, ഡോ. വി. കൃഷ്ണകുമാര്‍, ഡോ. പി. മുരളീധരന്‍ തുടങ്ങിയവര്‍ സമീപം.
ആലപ്പുഴ: ജൈവക്കൃഷി വ്യാപിപ്പിക്കുന്നതിന് മൂന്നുവര്‍ഷം കൊണ്ട് 597 കോടി രൂപ ചെലവഴിക്കുമെന്ന് കേന്ദ്ര കൃഷി സഹമന്ത്രി സുദര്‍ശന്‍ ഭഗത് പറഞ്ഞു. കുട്ടനാട്ടിലെ മുട്ടാര്‍ ഗ്രാമപഞ്ചായത്തില്‍ ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം നടപ്പാക്കുന്ന കാലാവസ്ഥാനുസൃത കൃഷി സമ്പ്രദായ പദ്ധതിയുടെ ഗുണഫലങ്ങള്‍ വിലയിരുത്താന്‍ സംഘടിപ്പിച്ച കര്‍ഷകക്കൂട്ടായ്‌മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കൃഷിക്കാരുടെ വരുമാനം രണ്ടിരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ സംയോജിത കൃഷി രീതികള്‍ക്ക് പ്രധാന്യം നല്‍കുന്ന പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യത്തിനു മാത്രം വളപ്രയോഗം നടത്തി മണ്ണിനെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നുണ്ട്. കൃഷി നാശമുണ്ടായാല്‍ സഹായമെത്തിക്കാന്‍ പ്രധാനമന്ത്രിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ കഴിയും, മന്ത്രി പറഞ്ഞു.
ജൈവക്കൃഷിയിലൂടെ വിളയിച്ച നെല്ലിന്റെ അരി നല്‍കിയാണ് മന്ത്രിയെ കര്‍ഷകര്‍ വരവേറ്റത്. പദ്ധതി തുടരാനുള്ള നടപടി സ്വീകരിക്കണമെന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തുക്കുട്ടി ഈപ്പന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകരുമായി മന്ത്രി സംവദിച്ചു. കാലാവസ്ഥാനുസൃത കൃഷി പദ്ധതി സംസ്ഥാനത്ത് മുട്ടാര്‍ പഞ്ചായത്തില്‍ മാത്രമാണ് നടപ്പാക്കുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഡോ. ശ്രീനാഥ് ദീക്ഷിത്, ഡോ. വി. കൃഷ്ണകുമാര്‍, ഡോ. പി. മുരളീധരന്‍, ശ്രീകുമാരപണിക്കര്‍ എന്നിവര്‍ക്കു പുറമെ ജനപ്രതിനിധികളും പങ്കെടുത്തു.
















