കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന ആദ്യ ദമ്പതിമാരായ കെ.വി. കാര്‍ത്തികേയനെയും ഭാര്യ കെ.സി. രേഖയെയും കേന്ദ്ര കൃഷി സഹമന്ത്രി സുദര്‍ശന്‍ ഭഗത് പൊന്നാടയണിയിക്കുന്നു
കൊച്ചി: കടലില്‍ മത്സ്യബന്ധനം നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ മത്സ്യത്തൊഴിലാളി ദമ്പതികള്‍ക്ക് വിവാഹ വാര്‍ഷിക ദിനത്തില്‍ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) ആദരം. തൃശൂര്‍ ജില്ലയിലെ കുണ്ടഴിയൂര്‍ സ്വദേശികളായ കരാട്ട് വീട്ടില്‍ കെ. വി കാര്‍ത്തികേയനെയും ഭാര്യ കെ.സി രേഖയെയുമാണ് സിഎംഎഫ്ആര്‍ഐയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കൃഷി സഹമന്ത്രി സുദര്‍ശന്‍ ഭഗത് ആദരിച്ചത്.
കടലില്‍ ഔട്ട്‌ബോഡ് വള്ളത്തില്‍ ഒരുമിച്ച് മത്സ്യബന്ധനം നടത്തുന്ന ദമ്പതികള്‍ക്ക് കൂടുമത്സ്യകൃഷി നടത്തുന്നതിന് കാളാഞ്ചി മീന്‍ കുഞ്ഞുങ്ങളും കൈമാറി. കടല്‍ മീന്‍പിടുത്തത്തോടൊപ്പം അധികവരുമാനം നേടുന്നതിനായി സിഎംഎഫ്ആര്‍ഐയുടെ സാമ്പത്തിക-സാങ്കേതിക സഹായത്തിലാണ് കാര്‍ത്തികേയനും രേഖയും കടലില്‍ കൂടുകൃഷി തുടങ്ങുന്നത്.
കടലില്‍ ബോട്ടുപയോഗിച്ച് മീന്‍പിടുത്തം നടത്തുന്ന ഇന്ത്യയിലെ ആദ്യ വനിതയാണ് രേഖ. പല എതിര്‍പ്പുകളും മറികടന്ന് കുടുംബം പോറ്റാന്‍ മത്സ്യബന്ധന രീതി തിരഞ്ഞെടുത്തതിനുള്ള അംഗീകാരമായാണ് ദമ്പതികളെ ആദരിച്ചത്. വിവാഹ വാര്‍ഷികദിനവും ജന്മദിനവും ഒന്നിച്ച മെയ് അഞ്ചിന് തന്നെ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് രേഖ.
















