യൂനുസ് ഖാനും, അഞ്ജും അരയും
ഷിംല: പാക് സൈനികര്‍ തലയറുത്ത ജവാന്റെ മകളെ ഐഎഎസ്- ഐപിഎസ് ദമ്പതികള്‍ ദത്തെടുത്തു. മെയ് ഒന്നിന് ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാക്ക് സൈന്യം തലയറുത്ത് കൊന്ന സുബേദാര്‍ പരംജീത് സിങ്ങിന്റെ മകള്‍ ഖുശ്ദീപ് കൗറിനെ (12)യാണ് ഇവര്‍ ദത്തെടുത്തത്.
കുളു ഡെപ്യൂട്ടി കമ്മീഷണര്‍ യൂനുസ് ഖാന്‍, ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയുമായ അഞ്ജും അര ദമ്പതികള്‍ കുട്ടിയുടെ വിദ്യാഭ്യാസം മുതല്‍ വിവാഹം വരെയുള്ള എല്ലാ ചെലവുകളും വഹിച്ചുകൊള്ളാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഖുശ്ദീപിന് സ്വന്തം വീട്ടില്‍ തന്നെ തുടര്‍ന്നും താമസിക്കാം. കുട്ടിയുടെ എല്ലാ ചെലവുകളും വഹിക്കും. ഇടയ്‌ക്കിടയ്‌ക്ക് തമ്മില്‍ കൂടിക്കാഴ്‌ച്ച നടത്തി എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കും. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥയാവാന്‍ താത്പ്പര്യപ്പെടുന്നുണ്ടെങ്കില്‍ അതിന് എല്ലാ സഹായവും നല്‍കുമെന്ന് സൊളാന്‍ ജില്ലാ എസ്പി കൂടിയായ അര അറിയിച്ചു.
മരിച്ചയാളുടെ കുടുംബത്തെ ആശ്വസിപ്പിക്കുക പ്രയാസമാണ്. മകള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ഭാവിയും വാഗ്ദാനം ചെയ്യുക വഴി ദുഃഖം കുറയ്‌ക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് യൂനുസും പറഞ്ഞു.
















