പരമേശ്വരന്‍ നമ്പൂതിരിപ്പാട്, വിജയകുമാര്‍
കൊച്ചി: മൈസൂര്‍ ദത്ത പീഠം ബഹുമതി ഉദ്യോഗമണ്ഡല്‍ വിജയകുമാറിനും മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിനും മെയ് 22ന് മൈസൂര്‍ ദത്താ ആശ്രമത്തില്‍ സമ്മാനിക്കും.
സ്വാമി ഗണപതി സച്ചിദാനന്ദ സ്വാമികളുടെ 75-ാം ജന്മദിനാഘോഷവും ദത്ത പീഠത്തിന്റെ വജ്രജൂബിലിയാഘോഷങ്ങളും മൈസൂരില്‍ മെയ് 19 മുതല്‍ 28 വരെയാണ്. ഇതിനൊപ്പം ശ്രീ ദത്ത വെങ്കടേശ്വര ക്ഷേത്രത്തിലെ 18-ാം വാര്‍ഷിക ബ്രഹ്മോത്സവും 18ന്. നാദ മണ്ഡപത്തിന്റെ 19-ാം വാര്‍ഷികാഘോഷവും ദേശീയ പ്രതിഭകള്‍ പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും ഇതിന്റെ ഭാഗമായുണ്ട്.
പ്രവചന നിധി പുരസ്‌കാരമാണ് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്. ഭാഗവത പ്രഭാഷണങ്ങളുടെയും ഭഗവല്‍കീര്‍ത്തി പ്രചാരണങ്ങളുടെയും രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബഹുമതി. കോട്ടയം ജില്ലയിലെ മള്ളിയൂരാണ് സ്വദേശം. ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ മകനാണ് പരമേശ്വരന്‍ നമ്പൂതിരിപ്പാട്.
ദത്തപീഠ സംഗീത വിദ്വാനായി പ്രഖ്യാപിച്ചാണ് ഉദ്യോഗമണ്ഡല്‍ വിജയകുമാറിനെ ബഹുമാനിക്കുന്നത്. ഏലൂര്‍ സ്വദേശിയാണ്. ആലുവ സംഗീത സഭ അദ്ധ്യാപകനായും ഏലൂര്‍ സ്വാതി സംഗീത കലാലയം ഡയറ്കടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
















