ആ പൈശാചിക പ്രവര്ത്തിക്കെതിരായ വിധി വന്നിരിക്കുന്നു. കറ തീര്‍ന്ന വിധിയില്‍ പ്രതികള്‍ക്ക് പോകാം ശിക്ഷയുടെ കാഠിന്യതയിലേക്ക്. ആറ്റിങ്ങലിലെ ഇരട്ടക്കൊലയ്ക്ക് പിന്നിലെ പ്രതികളായ നിനോ മാത്യുവിന്റേയും അനുശാന്തിയുടേയും ചേതോവികാരം എന്തായിരുന്നു. ഒന്നിച്ചു ജീവിക്കുകയോ, അതോ…? അതിന് വേണമായിരുന്നോ ഈ നരഹത്യകള്‍…? കഴുകി കളയാനാകുമോ ഈ ക്രൂരത…?
സ്വാസ്തികയെന്ന പിഞ്ചു കുഞ്ഞിനെ പോലും ക്രൂരതയുടെ പടുകുഴിയിലാഴ്ത്തിയ പൈശാചിക വിനോദം. അതും ഒരു കുട്ടിയുടെ പിതാവു കൂടിയായ നിനോ മാത്യുവില്‍ നിന്നുമുണ്ടായപ്പോള്‍ കോടതി വാക്കുകളില്‍ പോലും ഇടര്‍ച്ച. ‘കാമപൂര്ത്തീകരണത്തിനായാണ് പ്രതികള്‍ പിഞ്ചുകുഞ്ഞിനേയും വൃദ്ധയേയും കൊലപ്പെടുത്തിയത്. സൗദി അറേബ്യയില്‍ ലഭിക്കുന്ന മുഴുവന്‍ സുഗന്ധ ദ്രവ്യങ്ങള്‍ കൊണ്ട് കഴുകിയാലും ഈ ക്രൂരത മാഞ്ഞു പോകുമോ’ എന്നായിരുന്നു കോടതിയുടെ ചോദ്യം.
രണ്ടാം പ്രതിയായ അനുശാന്തിയോടും മുള് മുനയോടെയുള്ള കോടതിയുടെ ചോദ്യങ്ങള്‍ നീണ്ടു. നാല് വയസ്സുള്ള സ്വാസ്തികയെ, കുട്ടിയെക്കാള്‍ നീളമുള്ള ആയുധം ഉപയോഗിച്ച് നിനോ കൊലപ്പെടുത്തുമ്പോള്‍ അതിന് ഒത്താശ ചെയ്ത അനുശാന്തി ‘മാതൃത്വത്തിന് തന്നെ നാണക്കേടാണ്’ എന്നായിരുന്നു കോടതിയുടെ വിമര്‍ശനം.
ക്രൂരകൃത്യത്തിന് രണ്ട് വര്‍ഷത്തിനിപ്പുറം കോടതി വിധിക്കും ചോദ്യങ്ങള്‍ക്കും മുന്നില്‍ പ്രതികള്‍ ചൂളി നിന്നു. തലകുനിച്ച് നീതിപീഠത്തിന് മുന്നില്‍ നിനോ നിലയുറപ്പിച്ചപ്പോള്‍ നിസംഗഭാവത്തിലായിരുന്നു അനുശാന്തി.
കൊലപാതകം, കൊലപാതക ശ്രമം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നിനോ മാത്യുവിനും അനുശാന്തിക്കുമെതിരെ ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. കേസില്‍ 49 സാക്ഷികളെ വിസ്തരിച്ചു. 85 രേഖകളും 41 തൊണ്ടി മുതലുകളും കോടതി തെളിവായി സ്വീകരിച്ചു.
അനുശാന്തിയുടെ കുഞ്ഞിനും ഭര്‍ത്തൃമാതാവിനും നിനോ മാത്യുവിന്റെ ക്രൂരതയ്ക്ക്
ഇരയാകേണ്ടി വന്നപ്പോള്‍ തലക്കടിയേറ്റെങ്കിലും രക്ഷപ്പെട്ട ഭര്‍ത്താവ് ലിജീഷിന്റെ മൊഴിയാണ് കേസിന്റെ വഴിത്തിരിവിനിടയാക്കിയത്. കൂടാതെ വാട്സ്ആപ്പിലൂടെ പ്രതികള്‍ നടത്തിയ സംഭാഷണങ്ങളും നിനോയുടെ പിതാവിന്റെ മൊഴിയും കോടതി വിധിക്ക് ആക്കം കൂട്ടി.
കൃത്യം നടത്തിയതിന് ശേഷം എങ്ങനെ രക്ഷപെടണമെന്ന് വരെ വാട്സ്ആപ്പിലൂടെ നിനോയ്ക്ക് ഉപദേശിച്ച അനുശാന്തിയെ എന്ത് പറഞ്ഞ് വിശേഷിപ്പിക്കണമെന്നറിയില്ല. ഒരുവേള നിനോയ്ക്ക് ഇവരെയാരേയും പരിചയം പോലുമില്ലെന്നിരിക്കെ സ്വന്തം കുഞ്ഞടക്കമുള്ളവരുടെ കഴുത്തില്‍ കത്തി വയ്ക്കാന്‍ പ്രേരണ നല്കിയ അനുശാന്തിയുടെ നടപടി പിശാചിന് തുല്യമെന്നല്ലാതെ എന്തു പറയാന്‍.
സ്വന്തം മകനെന്നിരിക്കിലും തെറ്റിനെ തെറ്റെന്ന് കണ്ട് കോടതിക്ക് സത്യസന്ധമായ മൊഴി നല്കിയ നിനോയുടെ പിതാവിന്റെ നടപടി ശ്ലാഹനീയം തന്നെ. തന്റെ മകന് പരസ്ത്രീ ബന്ധമുണ്ടെന്നറിഞ്ഞ നിനോയുടെ പിതാവ്, അത് പാടില്ലെന്നും പള്ളിയില്‍ വന്ന് നീ കുമ്പസാരിക്കണമെന്നും മകനോട് ഉപദേശിച്ചു. അത് ചെവികൊള്ളാതെ തന്റെ പ്രവര്‍ത്തിയില്‍ ഊറ്റം കൊണ്ടതിന്റെ ഫലമാണ് ഇന്ന് കോടതി വിധിയുടെ രൂപത്തില്‍ നിനോയ്ക്ക് ലഭിച്ച തിരിച്ചടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: