ശ്രീപദ്മനാഭന്റെ മണ്ണിലെ എന്റെ സഹോദരീസഹോദരന്മാരേ,
കേരളത്തിന്റെ ഭാവി എന്തായിരിക്കുമെന്നതിനെ സംബന്ധിച്ചുള്ള ദൃശ്യമാണ്, ഇവിടുത്തെ കർഷകരുടെയും, മത്സ്യത്തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാരന്റെ ഭാവിയെന്തെന്ന ദൃശ്യമാണ് ഈ ജനാവലി തെളിയിക്കുന്നത്.
ഒരു കാലത്ത് പേരു കേട്ട കാർഷിക സംസ്കാരമുണ്ടായിരുന്ന ഇവിടുത്തെ കാർഷിക വ്യവസ്ഥ സ്വാതന്ത്ര്യാനന്തരം ഭരണം കയ്യാളിയവരുടെ കരങ്ങളിൽ പെട്ട് താറുമാറായി. ഒരു കാലഘട്ടത്തിലെ കേരളത്തിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾ ആഗോളപ്രശസ്തിയാർജ്ജിച്ചതായിരുന്നെങ്കിൽ, ഇന്ന് ഈ രംഗങ്ങളെല്ലാം പിന്നോട്ടു പോവുകയാണ്. ഇന്ന് ഒന്നര ലക്ഷം കോടിയുടെ കടമാണ് ജനങ്ങളുടെ തലയിൽ വന്നു വീണിരിക്കുന്നത്. 128ഓളം പൊതു മേഖലാസ്ഥാപനങ്ങൾ അടച്ചു പൂട്ടപ്പെട്ടിരിക്കുന്നു. 52 സ്ഥാപനങ്ങൾ അടച്ചു പൂട്ടലിന്റെ വക്കിലെത്തി നിൽക്കുന്നു. ഇവിടുത്തെ ഭരണപ്രതിപക്ഷങ്ങളുടെ ഉത്തരവാദിത്യശൂന്യതയുടെ ഫലമായാണിതെല്ലാം സംഭവിക്കുന്നത്.
ദേശീയ തലത്തിലെ തൊഴിലില്ലായ്മ നിരക്കിന്റെ മൂന്നിരട്ടിയാണ് കേരളത്തിലെ തൊഴിലില്ലായ്മ. ഇവിടുത്തെ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളിലെ ശിശുമരണനിരക്ക്, സൊമാലിയയിലേക്കാൾ പരിതാപകരമാണ്.
ഏതാനും ആഴ്ചകൾക്കു മുൻപ് അത്യന്തം വേദനാജനകമായ ഒരു ചിത്രം കാണാനിടയായി. കമ്യൂണിസ്റ്റു പാർട്ടി സ്ഥിരമായി ജയിച്ചു കൊണ്ടിരിക്കുന്ന അവരുടെ ശക്തി കേന്ദ്രമായ കണ്ണൂർ ജില്ലയിലെ പേരാവൂരിൽ മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദളിത് ബാലന്റെ ചിത്രം. അതിന്ന് കേരളത്തിന് അപമാനമായി ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്നു.
കഴിഞ്ഞ ഒരു പത്തു വർഷങ്ങളിൽ 7 വർഷം കേരളത്തിന്റെ കാർഷിക വളർച്ചാനിരക്ക് പിറകിലോട്ടായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 70 വർഷങ്ങൾക്കു ശേഷം നമ്മുടെ വൈദ്യുതി ഉപയോഗത്തിന്റെ 70 ശതമാനം സംസ്ഥാനത്തിനു പുറത്തു നിന്നു കൊണ്ട് വരേണ്ട അവസ്ഥ ഇവിടം ഭരിച്ചവരുടെ സംഭാവനയാണ്.
തിരുവനന്തപുരത്തെ എന്റെ സഹോദരീസഹോദരന്മാരേ, ഞാൻ നിങ്ങളോടൊരു കാര്യം ചോദിക്കുകയാണ്, നിങ്ങൾ എനിക്കുത്തരം തരുമോ? ഞാൻ ഇതു വരെ സൂചിപ്പിച്ച ഈ വിഷമിപ്പിക്കുന്ന അവസ്ഥകൾക്കുള്ള കാരണമെന്താണ്.
പട്ടാളത്തിലും പൊലീസിലും പരേഡ് ചെയ്യുമ്പോൾ ലെഫ്റ്റ് റൈറ്റ് ചെയ്യുന്ന രീതിയുണ്ട്. അവർ മുന്നോട്ടു നടക്കാതെ ചെയ്യുന്ന ഒരു അഭ്യാസരീതിയാണ്. അതേ രീതിയിൽ നിന്നിടത്തു തന്നെ നിന്നു കൊണ്ട് കേരളം ലെഫ്റ്റ് റൈറ്റ് ചെയ്യുകയാണ്. നിന്നിടത്തു നിന്നും ഒരിഞ്ചു പോലും മുന്നോട്ടു നീങ്ങുന്നില്ല. ഇടതുപക്ഷത്തെയും, വലതു പക്ഷത്തെയും ലെഫ്റ്റ് റൈറ്റ് എന്ന് മാറി മാറി തെരഞ്ഞെടുത്തു കൊണ്ട് കേരളം നാശത്തിലേക്ക് കൂപ്പു കുത്തുകയാണ്. ഈ ഇടതും വലതിൽ നിന്നും മോചനം വേണമെങ്കിൽ അത് ഭാരതീയ ജനതാപാർട്ടിയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.
അതു കൊണ്ട് സഹോദരീ സഹോദരന്മാരെ ഈ തെരഞ്ഞെടുപ്പ് സർക്കാരുണ്ടാക്കാനുള്ളതല്ല. ഇത് കേരളത്തിന്റെ ഭാവി തെളിയിക്കാൻ വേണ്ടിയുള്ള തെരഞ്ഞെടുപ്പാണ്. അതു കൊണ്ട് ഞാൻ നിങ്ങളോടു പറയാനാഗ്രഹിക്കുന്നു, ഡൽഹിയിൽ എൻ.ഡി.എ സർക്കാർ കേരളത്തിനു വേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ കേരളത്തിന് കേന്ദ്രത്തിന്റെ ഹൃദയത്തിൽ എന്നുമൊരു സ്ഥാനമുണ്ടെന്നതിനു തെളിവാണ്.
മുൻപ് ഭാരതം ഭരിച്ചിരുന്ന യു.പി.എ സർക്കാരും ബി.ജെ.പി സർക്കാരും തമ്മിലുള്ള വ്യത്യാസം, കേന്ദ്രത്തിൽ കേരളത്തിൽ നിന്നും നിരവധി മന്ത്രിമാരുണ്ടായിരുന്ന കാലത്തു പോലും ശബരിമലയിൽ ഒരു വലിയ ദുരന്തമുണ്ടായപ്പോൾ ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ല. എന്നാൽ കൊല്ലത്ത് ഒരു ദുരന്തമുണ്ടായപ്പോൾ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ഇവിടെ ഓടിയെത്തി. ദുരിതാശ്വാസത്തിനു നേതൃത്വം നൽകി. ഏതാനും മാസങ്ങൾക്കു മുൻപ് ഇറാഖിൽ ജോലി ചെയ്തിരുന്ന കേരളത്തിലെ നേഴ്സുമാർ ഭീകരവാദികളുടെ പിടിയിലകപ്പെട്ടു. അവരെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്നതിനുള്ള എല്ലാ പദ്ധതികളും കേന്ദ്രസർക്കാർ ആസൂത്രണം ചെയ്തത് അവരുടെ ജാതിയോ മതമോ നോക്കിയല്ല. അവരെ ഈ രാജ്യത്തെത്തിക്കുകയായിരുന്നില്ല, അവരെ അവരുടെ വീടുകളിൽ സുരക്ഷിതരായി എത്തിക്കുകയായിരുന്നു കേന്ദ്രസർക്കാർ ചെയ്തത്.
കുറച്ചു മാസങ്ങൾക്കു മുൻപേ യെമനിലും കേരളത്തിലെയും, തമിഴ് നാട്ടിലെയും, മറ്റു ചില സംസ്ഥാനങ്ങളിലെയും ആളുകൾ യുദ്ധത്തിലകപ്പെട്ടു. ബോംബാക്രമണത്തിൽ കുടുങ്ങിക്കിടന്ന ആയിരങ്ങളെയാണ് നാം രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചത്. രാവും പകലും പരിശ്രമിച്ചാണ് ഒരാളുടെ പോലും ജീവൻ നഷ്ടപ്പെടാതെ, മുഴുവനാളുകളെയും ഈ രാജ്യത്തേക്കു മാത്രമല്ല അവരുടെ വീടുകളിലെത്തിക്കാൻ കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾക്കു സാധിച്ചു.
പൗരന്മാരുടെ സുരക്ഷിതത്വത്തിൽ അത്യധികം ആശങ്കയോടെയാണ് ഈ വിഷയങ്ങളെയെല്ലാം കേന്ദ്രസർക്കാർ കൈകാര്യം ചെയ്തത്. എന്നാൽ കേരളത്തിൽ ഒരു ദളിത് നിയമവിദ്യാർത്ഥിനി ക്രൂരമായി കൊല ചെയ്യപ്പെട്ടപ്പോൾ സംസ്ഥാനസർക്കാർ അതിനെ എത്ര ലാഘവത്വത്തോടെയാണ് സമീപിച്ചത്?
ഈ സംഭവം നടന്നപ്പോൾ പാർലമെന്റിൽ കേവലം രണ്ടാം ദിവസമായിരുന്നിട്ടു കൂടി സുരേഷ് ഗോപി അവിടെ നിൽക്കാതെ സംഭവസ്ഥലത്ത് ഓടിയെത്തി. ജിഷയുടെ അമ്മയെ ആശ്വസിപ്പിച്ചു. തന്നോട് ഫോൺ ചെയ്ത് പൊട്ടിക്കരഞ്ഞു കൊണ്ടാണ് സുരേഷ് ഗോപി സ്ഥിതിഗതികൾ ധരിപ്പിച്ചത്. അത്രയും കരുതലുള്ളവരെയാണ് കേരളത്തിനു വേണ്ടി രാജ്യസഭയിലേക്കു നോമിനേറ്റ് ചെയ്തത്.
തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നും അഫ്ഗാനിസ്ഥാനിൽ സുവിശേഷപ്രവർത്തനത്തിലേർപ്പെട്ടിരുന്ന ഫാദർ പ്രേം അവിടെ ഭീകരവാദികളുടെ തടവിലായി. 9 മാസത്തോളം അദ്ദേഹം തടവിലായിരുന്നു, എല്ലാ വഴികളിലും അദ്ദേഹത്തെ രക്ഷിക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചു. താലിബാൻ തീവ്രവാദികളുടെ കയ്യിൽ നിന്നും ഒരു പോറൽ പോലും സംഭവിക്കാതെയാണ് ഫാദർ പ്രേമിനെ തമിഴ്നാട്ടിൽ അദ്ദേഹത്തിന്റെ കുടുംബത്തിലെത്തിച്ചത്.
ഞാനെല്ലായ്പ്പോഴും എന്റെ കേരളം, എന്റെ കേരളമെന്നു പറയുമ്പോൾ അതു വെറും വാക്കുകളല്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്നെ കേരളം വേണ്ടുവോളം അനുഗ്രഹിച്ചെങ്കിലും ഒരു സീറ്റ് പോലും തന്നില്ല. കേരളമെനിക്ക് ഒരു പാർലമെന്റംഗത്തെ പോലും തന്നില്ല. കേരളത്തിന്റെ വേദനകൾ, ഇവിടുത്തെ അദ്ധ്വാനിക്കുന്നവരുടെയും, ചെറുപ്പക്കാരുടെയും വേദനകളും ആശങ്കകളും എങ്ങനെ എനിക്കറിയാൻ സാധിക്കും? നിങ്ങൾ എനിക്ക് ഒരു പാർലമെന്റംഗത്തെപ്പോലും തന്നില്ല. പക്ഷേ ഞാൻ നിങ്ങൾക്ക് രണ്ട് പാർലമെന്റംഗങ്ങളെ തന്നു. സുരേഷ് ഗോപിയും, റിച്ചാർഡ് ഹേയും. അവർ വഴി എനിക്ക് ഈ നാടിനെക്കുറിച്ചറിയാം, ഈ നാടിന്റെ ആവശ്യങ്ങളറിയാം.
മുൻപും പ്രധാനമന്ത്രിമാർ വിദേശരാജ്യങ്ങളിൽ പോയിട്ടുണ്ട്. ഉന്നതാധികാരികളുമായി ചർച്ച നടത്തി തിരിച്ചു പോരുമായിരുന്ന അവരുടെ സ്ഥാനത്ത്, ഞാൻ അവിടങ്ങളിൽ പോയാൽ അവിടുത്തെ ഭാരതീയരായ സാധാരണ ജനങ്ങളോടൊപ്പം സമയം ചിലവഴിച്ച് അവരോടൊപ്പം ഭക്ഷണവും കഴിച്ചാണ് തിരികെയെത്താറുള്ളത്.
2013ലെ യു.പി.എ സർക്കാരിന്റെ കാലത്ത് ടു.ജി ത്രീ ജി തുടങ്ങിയ പല പല ജികൾ, കൽക്കരി കുംഭകോണം തുടങ്ങിയ നിരവധി അഴിമതികൾ… കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാരാണെങ്കിൽ കേന്ദ്രത്തിലെ കോൺഗ്രസ് നേതാക്കന്മാരെക്കാൾ വലിയ കള്ളന്മാരാണ്. കേന്ദ്രത്തിൽ ഇരുട്ടിന്റെ മറവിൽ മോഷണം നടത്തിയപ്പോൾ, കേരളത്തിലെ കോൺഗ്രസ്സുകാർ സൂര്യന്റെ വെളിച്ചത്തെ തന്നെ കൊള്ള ചെയ്യാൻ കാട്ടിയ ധൈര്യം നോക്കൂ.
ഇന്ന് എന്നോടൊരാൾ പറയുകയുണ്ടായി. കോൺഗ്രസ് നേതാക്കളൊക്കെ വലിയ സന്തോഷത്തിലാണ്. എ.കെ ആന്റണിയും വലിയ സന്തോഷത്തിലാണ്. കാരണം ഇതു വരെ നടന്ന റാലികളിൽ നരേന്ദ്രമോദി ഹെലിക്കോപ്ടർ ഇടപാടിനെക്കുറിച്ചൊന്നും മിണ്ടിയില്ല. പക്ഷേ കോൺഗ്രസ് നേതാക്കൾ പകൽ ഉറങ്ങിക്കൊള്ളൂ. ഇനിമുതൽ രാത്രി നിങ്ങൾക്കുണർന്നിരിക്കേണ്ടി വരും. ഹെലികോപ്ടർ ഇടപാടിൽ എത്ര കോടികളാണ് കോൺഗ്രസ് കമ്മീഷൻ വാങ്ങിയതെന്ന് അറിയാൻ ഈ നാട്ടിലെ ജനങ്ങൾ കാത്തിരിക്കുകയാണ്.
മാഡം സോണിയാജിയോടും ഒരു കാര്യം ചോദിക്കുകയാണ്. നരേന്ദ്രമോദി കോൺഗ്രസ് നേതാക്കന്മാരെക്കുറിച്ച് അപവാദപ്രചാരണം നടത്തുകയാണെന്ന് പറയാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വരുന്നു? ഞങ്ങളാരുടെയും പേരു പറഞ്ഞിട്ടില്ല. പേരു വന്നത് ഇറ്റലിയിൽ നിന്നാണ്. ഒരു കാര്യം അറിയാൻ ആഗ്രഹിക്കുകയാണ്. നിങ്ങൾ ജനങ്ങൾ മറുപടിപറയൂ. നിങ്ങൾക്ക് ഇറ്റലിയിൽ ആരെങ്കിലും ബന്ധുക്കളുണ്ടോ? നിങ്ങളാരെങ്കിലും ഇറ്റലിക്കു പോയിട്ടുണ്ടോ? നിങ്ങളാരെയെങ്കിലും ഇറ്റലിയിൽ അറിയുമോ? ഇറ്റലിയിൽ ആർക്ക് ആരൊക്കെയാണുള്ളതെന്നും, ആർക്കാണ് അവിടെ പരിചയമുള്ളതെന്നും എല്ലാവർക്കുമറിയാം.
ഇറ്റലിയുടെ ഹൈക്കോടതിയാണ് പേരു പറഞ്ഞത്. പണം കൊടുത്തവൻ അകത്തായി. ഇനി കുടുങ്ങാനുള്ളത് പണം വാങ്ങിയവരാണ്.
കോൺഗ്രസ്സുകാരെല്ലാം പരിഭ്രമത്തിലാണ്. ഹെലൊകോപ്റ്ററിന്റെ ശബ്ദം ഉയരുന്നതുവരെ ഇവിടുത്തെ ജനാധിപത്യത്തിനൊരു കുഴപ്പവുമില്ലായിരുന്നുവെന്ന മട്ടാണ്. ഈ നാട്ടിലെ ഓരോ കുട്ടിക്കുമറിയാം, കോൺഗ്രസ്സിന്റെ ഈ ചരിത്രം. 400ലധികം പാർലമെന്റംഗങ്ങളുമായി കേന്ദ്രത്തിലിരുന്ന കോൺഗ്രസ്സിനിന്ന് നാൽപ്പത് അംഗങ്ങളോളമേയുള്ളൂ.
ഒരു കാര്യം നമുക്കാലോചിക്കാം. ഈ ഇടതു പക്ഷത്തെ നമുക്കു വിശ്വസിക്കാൻ കഴിയുമോ? പശ്ചിമബംഗാളും, കേരളവും ഭാരതത്തിലുള്ളതാണോ? കോൺഗ്രസ്സും, കമ്യൂണിസ്റ്റും ഭാരതത്തിലാണോ? ബംഗാളിൽ ദോസ്തിയും, കേരളത്തിൽ ഗുസ്തിയുമെന്ന നയമല്ലേ ഇവർ തുടരുന്നത്. ഇടതുപക്ഷക്കാർ കേരളത്തിൽ പറയുന്നു കോൺഗ്രസ്സുകാർ കുഴപ്പക്കാരാണെന്നും അപകടകാരികളാനെന്നും. എന്നാൽ ബംഗാളിൽ പോകുമ്പോൾ കോൺഗ്രസ് ഏറ്റവും നല്ലവരെന്നു പുകഴ്ത്തുന്നു. അഞ്ചു വർഷം നിങ്ങൾ ഭരിച്ചോ, ബാക്കി അഞ്ചു വർഷം ഞങ്ങൾ ഭരിച്ചോളാമെന്ന നയമാണ് ഇവർ രണ്ടു കൂട്ടർക്കും. ഒത്തു തീർപ്പിന്റെയും, ഇരട്ടത്താപ്പിന്റെയും അഴിമതിയുടെയും രാഷ്ട്രീയമല്ലേയിത്. ഞങ്ങൾ ഭരിക്കുമ്പോൾ നിങ്ങളുടെ അഴിമതി ഞങ്ങൾ പറയില്ല. അതു പോലെ നിങ്ങൾ ഭരിക്കുമ്പോൾ ഞങ്ങളുടെ കാര്യവും പറയരുത് ഈ ധാരണയിലാണിവർ മുന്നോട്ടു പോകുന്നത്.
ഈ കമ്യൂണിസ്റ്റ്കാർ വികസനവിരോധികളാണ്, ശാസ്ത്രപുരോഗതിയുടെ വിരോധികളാണ്, രാഷ്ട്രപുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്നവരാണ്. ഇവർ ഭരിച്ച കേരളവും, ബംഗാളും നാശത്തിലേക്കു കൂപ്പു കുത്തി.ഒരു കാലത്ത് ട്രാക്ടർ ഉപയോഗിക്കാൻ അനുവദിക്കാതെ കൃഷിയെ പിന്നോട്ടടിച്ച കമ്യൂണിസ്റ്റുകൾ എങ്ങനെ കേരളത്തിന്റെ കാർഷിക വികസനത്തെ സഹായിച്ചുവെന്ന് അവകാശപ്പെടാനാവും? കമ്യൂണിസ്റ്റുകളുടെ രാഷ്ട്രീയം അക്രമത്തിന്റേതാണ്. ബോംബിന്റേയും കത്തിയുടേയും രാഷ്ട്രീയമുപയോഗിച്ച് ജനാധിപത്യത്തെ ഇല്ലാതാക്കി പാവങ്ങളെ കൊല്ലുന്നതാണ് കമ്മ്യൂണിസ്റ്റിന്റെ രാഷ്ട്രീയം.
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായ ഒറ്റമൂലിയാണ്, എല്ലാവരോടുമൊപ്പം, എല്ലാവർക്കും വികസനമെന്നത്. ഞാൻ നിങ്ങളുടെയടുത്ത് വികസനത്തിന്റെ സന്ദേശവുമായാണെത്തിയിരിക്കുന്നത്. ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഭാരതം 7 ശതമാനം സാമ്പത്തികവളർച്ചാ നിരക്കു കൈവരിച്ച് ചൈനയെക്കാൾ മുന്നിൽ നിൽക്കുന്നു. നമ്മുടെ വികസനത്തിന്റെ മന്ത്രമായിട്ട് നമ്മൾ സ്വീകരിച്ചിരിക്കുന്ന സാഗർമാല എന്ന പദ്ധതി കേരളത്തിന്റെ തീരപ്രദേശത്തിനു മുഴുവൻ പുരോഗതിയുടെ പുതുവെളിച്ചം നൽകുന്നതാണ്. നമ്മൾ ജലപാതകൾ വികസിപ്പിക്കാനും അതു വഴി പരിസ്ഥിതിയെ പരിപോഷിപ്പിക്കാനും പദ്ധതിയിടുന്നു.
ഈ ജലപാതകൾ വികസിപ്പിക്കുന്നതിലൂടെ ജലപാതകളാലും, ജലാശയങ്ങളാലും സമൃദ്ധമായ കേരളത്തിന്റെ സമഗ്ര വികസനം സാദ്ധ്യമാകും.
പല സർക്കാരുകളും പാവപ്പെട്ടവരുടെ പേരിൽ അവകാശവാദങ്ങൾ ഉന്നയിക്കുന്നു. പാവപ്പെട്ടവർക്ക് ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കും അരി നൽകുന്നത് വലിയ അവകാശമായി വാദിക്കുന്നു. എന്നാൽ ഓരോ കിലോ അരിയിലും കേന്ദ്രസർക്കാരിന്റെ 17 രൂപ സബ്സീഡി ലഭിക്കുന്നതു കൊണ്ടാണ് സംസ്ഥാനങ്ങൾക്ക് ഇതു നൽകാൻ കഴിയുന്നത്.
അതു കൊണ്ട് കേരളത്തിന്റെ ഭാവിയെ കരുതി, വികസനത്തെ കരുതി, യുവത്വത്തെ കരുതി ദേശീയ ജനാധിപത്യ സഖ്യത്തെ വോട്ടു നൽകി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.
നമുക്കു വേണ്ടി, നാളേയ്ക്കു വേണ്ടി, എൻ.ഡി.എയ്ക്കൊപ്പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: