മറവിച്ചുഴിയില്പ്പെടാതെ മലയാളി നാല്പ്പത്തഞ്ചു വര്‍ഷമായി ഓര്മയില്കൊണ്ടു നടക്കുന്ന ഒരു നടനുണ്ട്,സത്യന്. നടനത്തെക്കുറിച്ച് വ്യാഖ്യാനിച്ചു തീരാത്ത വിഷയമാണ് ഇന്നും ആ പേര്. ഭാവതീവ്രതയാല് അവകാശികളില്ലാത്ത അഭിനയത്തിന്റെ ഒറ്റപ്പെട്ട സിംഹാസനം തീര്‍ത്ത സത്യന് ഇപ്പോഴും നമ്മുടെ താരങ്ങള്‍ക്കു വിസ്മയമാണ്.
നാട്യ വിശേഷങ്ങളുടെ വ്യാകരണ ശാസ്ത്രത്തില്‍ മലയാള സിനിമ ആദ്യം തിരയുന്ന പേര് ഈ നടന്റെതായിരിക്കും. സത്യനോളം വരുമോ അഭിനയം എന്നുപറയുന്ന പഴയ പ്രേക്ഷകന് ഇപ്പോഴും ഇവിടെയുണ്ട്.
സിനിമയെക്കാളും ഒരു പക്ഷേ, നാടകീയമായിരുന്നു സത്യനേശനെന്ന സത്യന്റെ ജീവിതം. സൈനികനായി തുടങ്ങി പോലീസ് ഇന്‍സ്പെക്റ്ററായി ,നടനായി , കാന്‍സര്‍ബാധിച്ചു ഗുരുതരാവസ്ഥയിലും സ്വയംകാറോടിച്ചു ആശുപത്രിയിലെത്തി മരിക്കുകയായിരുന്നു സത്യന്. ഏതൊരു സിനിമയിലെ വഴിത്തിരിവുകളേയും ക്ളൈമാക്സിനേയും തോല്‍പ്പിക്കുന്ന അന്ത്യം.
കറുത്തു കരിവീട്ടി നിറമുള്ള ഈ കുറിയ മനുഷ്യന് സിനിമയുടെ പാരമ്പര്യവഴികളെത്തന്നെ അട്ടിമറിച്ചു. മലയാള സിനിമയിലെ ശരീരഭാഷയെക്കുറിച്ചുള്ള വ്യാകരണം തുടങ്ങുന്നതു സത്യനില്‍ നിന്നാണ്. ഇന്നും അഭിനയത്തിന്റെ വകതിരിവുകളെക്കുറിച്ചുള്ള വിചാരങ്ങളില്‍ നിറയുന്നതും സത്യന് തന്നെ.
1952ല്‍ സത്യന്റെ ആദ്യസിനിമ, ആത്മസഖി. രണ്ടാം സിനിമ നീലക്കുയില്‍ സത്യനൊപ്പം മലയാളം ദേശീയതലത്തില്‍ തിളങ്ങി. പ്രസിഡന്റിന്റെ അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് 1971ജൂണ്‍ 15ന് മരിക്കുംവരെ മലയാള സിനിമ സത്യന് സിനിമയെന്നുകൂടി അറിയപ്പെട്ടു. അങ്ങനെ 19 വര്‍ഷത്തില്‍ 145ഓളം സിനിമകള്‍.
തുലാഭാരം, കള്ളിച്ചെല്ലമ്മ, കായംകുളം കൊച്ചുണ്ണി, ശകുന്തള, മുടിയനായ പുത്രന്, ചെമ്മീന്‍, കരിനിഴല്‍ എന്നിങ്ങനെ അന്നത്തെ വന്‍ ഹിറ്റുകളും ക്ലാസിക്കുകളുമായ നിരവധി സിനിമകളിലെ നായകനായിരുന്നു സത്യന്. കെ.എസ്.സേതുമാധവന്, പി.വേണു, രാമു കാര്യാട്ട്, എ.വിന്‍സന്റ് തുടങ്ങിയ സംവിധായക പ്രതിഭകളും മലയാറ്റൂര്‍, ഉറൂബ്, തോപ്പില്‍ ഭാസി, മുട്ടത്തു വര്‍ക്കി, തകഴി മുതലായ സാഹിത്യ പ്രതിഭകളുടേയും സിനിമാകൂട്ടുകൃഷിയിലെ നല്ലകായ്ഫലമായിരുന്നു സത്യന് എന്ന നടന്. അന്നത്തെ സിനിമാക്കാലം സത്യന്റെ പേരില്‍ക്കൂടി അറിയപ്പെട്ടു.
മലയാള സിനിമയില്‍ നടനമികവിന്റെ ഭാഷ ആദ്യമായി പ്രേക്ഷകന് അനുഭവിക്കുന്നത് സത്യനില്‍ നിന്നാണ്. കണ്ണിലും പുരികത്തും ചുണ്ടിലും കൈവിരല്‍ തുമ്പില്‍പ്പോലും അത്തരം ഭാഷ ജനം കണ്ടു. കഥാപാത്രത്തിന്റെ സ്വഭാവത്തിനും പ്രായത്തിനും പോന്ന ശബ്ദ വിന്യാസങ്ങള്‍ അന്നു സത്യന്റെ മാത്രം സവിശേഷതയായിരുന്നു. താരത്തേയും അഭിനയത്തേയും മറികടന്ന് കഥാപാത്രമായി പരിണമിക്കുകയായിരുന്ന സത്യന്.
അദ്ദേഹത്തിനൊപ്പം സിനിമയിലെ കഥാപാത്രങ്ങളുടെ പേരുംകൂടി പ്രേക്ഷകന് ഓര്‍ക്കുന്നതു പുതുമയായിരുന്നു. യക്ഷിയിലെ ശ്രീനി, നീലക്കുയിലിലെ ശ്രീധരന് നായര്‍, ചെമ്മീനിലെ പളനി, കരിനിഴലിലെ കേണല്‍ എന്നിങ്ങനെ നീളുന്ന നിരവധി കഥാപാത്രങ്ങളുടെ പേരുകള്‍ ഒരുപക്ഷേ സ്വന്തം ഈ നടനുമാത്രമായിരിക്കും.
സിനിമയിലെ ചര്മനിറത്തെക്കുറിച്ചുപോലും ചര്‍ച്ച നടക്കുന്ന ഇക്കാലത്ത് കാട്ടുതേനിന്റെ നിറമുള്ള സത്യനെ വര്‍ണ്ണഭേദംകൂടാതെ സിനിമയും പ്രേക്ഷകനും ഹൃദയംകൊണ്ടു സ്വീകരിക്കുകയായിരുന്നു.
കാരിരുമ്പിന്റെ മൂര്‍ച്ചയുള്ള നടനസിദ്ധിയുണ്ടെങ്കില് കറുപ്പിന്റെയും വെളുപ്പിന്റെയും മേനി പറഞ്ഞുള്ള ഇല്ലാത്ത കാരണങ്ങളുടെ വല്ലാത്ത യുദ്ധത്തിനെന്തു പ്രസക്തി. മലയാള സിനിമ ഒത്തിരി വളര്‍ന്നെന്നു പറയുമ്പോഴും ആറു പതിറ്റാണ്ടിനു മുന്‍പ് സത്യനെന്ന മഹാനടന് സൃഷ്ടിച്ച നടനസിംഹാസനം അവകാശികളില്ലാതെ ഇന്നും ഒഴിഞ്ഞു കിടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: