പേരും പെരുമയും മാത്രമുള്ളവരെ ഓര്‍മകളില്‍ ആഘോഷിക്കുന്നവരാണ് നമ്മള്‍. ചിലപ്പോഴതു കാതലില്ലാതെ വല്ലപ്പോഴുമുള്ള നിലാവെട്ടമായും പിന്നീട് അധികമിരുട്ടായും നാളെയത് മറവിച്ചുഴിയില്‍ അമര്‍ന്നുപോകാം. കാമ്പുള്ളതിനെ കാലം തിരിച്ചറിയുമെന്ന ആത്മവിശ്വാസത്തില്‍ കര്‍മംചെയ്ത് ബഹളമില്ലാതെ അകന്നു നില്‍ക്കുന്നവരുമുണ്ടാകാം. ഇങ്ങനെ സ്വയം മാറിനിന്നിട്ടും വായനക്കാരില്‍ നിറവായി മാറിത്തീര്‍ന്നവരാണ് കവയിത്രി കടത്തനാട്ട് മാധവി അമ്മ. ജൂണ്‍ 15 മാധവി അമ്മയുടെ ജന്മനാള്‍.
കവിതകളും ഗദ്യങ്ങളും കഥകളുമായി ആത്മസ്പര്‍ശം ചാര്‍ത്തിയ കടത്തനാട്ട് മാധവിയമ്മയുടെ എഴുത്തുലോകം ധാര്‍മികതയുടെ പരിവേഷമണിഞ്ഞ ആത്മനൈര്‍മല്യത്തിന്റെ അടയാളമാണ്. നാട്ടിന്‍പുറത്തിന്റെ നന്മയും ജീവിതത്തിന്റെ പൊരുളുംകൊണ്ട് ശുഭാപ്തി വിശ്വാസം മുഖമുദ്രയാക്കിയ കവിതകളാണ് മാധവിക്കുട്ടി അമ്മയുടേത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ വലിപ്പം ഇല്ലാതിരുന്നിട്ടും ചുറ്റുമുള്ള ജീവിതത്തിന്റെ വലിപ്പം കണ്ടവയാണ് അവരുടെ കവിതകള്‍. കുടുംബ സുഹൃത്തായ മൊയ്യാരത്തു ശങ്കരനില്‍ നിന്നും കിട്ടിയ നവ ചിന്തകള്‍ എഴുതുന്ന വിഷയത്തിലും നവോന്മേഷം പകര്‍ത്തി. എന്നിട്ടും ഒച്ചയുണ്ടാക്കാതെയും തകര്‍ത്തൊഴുകാതെയും അടിയൊഴുക്കുള്ളിലൊതുക്കുന്ന മാധവി അമ്മയുടെ കവിതാപ്പുഴയൊഴുകി. വായനക്കാര്‍ പക്ഷേ, ആ ഒഴുക്കും ശക്തിയും കണ്ടറിഞ്ഞു.
മനുഷ്യനോടുള്ള കാരുണ്യം, നാട്ടിന്‍പുറത്തോടുള്ള സ്‌നേഹം, പ്രകൃതിച്ചേര്‍ച്ച എന്നിങ്ങനെ മാനവികതയുടെ നിലനില്‍പ്പിനോടുള്ള ധാര്‍മികമായ ആഭിമുഖ്യം കവിതയിലൂടെ അവര്‍ ആവിഷ്‌ക്കരിച്ചു. ബാലാമണിയമ്മയിലും മേരി ബനീഞ്ജയിലും മറ്റുമുള്ള മാതൃഭാവം മാധവി അമ്മക്കവിതയുടെ ഹൃദയ ധാരയായിരുന്നു.
ആശാന്‍ കവിതകളോടായിരുന്നു കവയിത്രിക്കു പ്രണയമെങ്കിലും വള്ളത്തോള്‍ സ്‌ക്കൂളിലാണ് മാധവി അമ്മയുടെ കവിതകള്‍ അഭ്യസിച്ചത്. ചങ്ങമ്പുഴ വലിയ വസന്തമായിപ്പൂത്ത് ആരവമായിനിന്ന കാലത്തുപോലും അതിന്റെ അനുരണനമാകാതെ വേറിട്ടവഴി കണ്ടെത്തുകയായിരുന്നു അവര്‍. നഷ്ടസൗഭാഗ്യത്തിന്റെ വിഷാദ തന്ത്രികള്‍മീട്ടി അവരെഴുതിയ കവിതകള്‍ ആത്മാവിഷ്‌ക്കാരത്തിന്റെ തുറസുകളായി.
1909ജൂണ്‍ 15ന് വടക്കന്‍ മലബാറില്‍ ജനിച്ച കടത്തനാട്ട് മാധവി അമ്മ 1999ല്‍ അന്തരിച്ചു. ഗ്രാമശ്രീകള്‍, കണിക്കൊന്ന, ഒരുപിടി അവില്‍, പുത്രവധു, സംബന്ധക്കാരന്‍, അമ്മ, പ്രണയത്തിന്റെ പൗരുഷം എന്നിവയാണ് മാധവിഅമ്മയുടെ കൃതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: