കോണ്‍ഗ്രസ് അറ്റകൈ പ്രയോഗത്തിലേക്ക്. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തിനുശേഷം ഇനിയും തലയുയര്ത്തിനില്ക്കാന് പോലും കഴിയാത്ത കോണ്‍ഗ്രസ് ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി നടക്കുന്ന വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിനെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം യുപി നിയസഭാ തെരഞ്ഞെടുപ്പാണ്.
ഒരുകാലത്ത് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനമല്ലാതെ മറ്റൊരു പാര്‍ട്ടിയുടേയും പേരുപോലും പറയാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിന്നും വിഭിന്നമാണ് ഇന്നത്തെ അന്തരീക്ഷം. ഈ സംസ്ഥാനത്തെ മുഴുവന്‍ പാര്‍ലമെന്റ് സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ച ഒരു കാലം ഉണ്ടായിരുന്നു. സംസ്ഥാനം ബഹുഭൂരിപക്ഷത്തോടെ ഒറ്റക്ക് ഭരിച്ചകാലവും ഇന്ന് സ്വപ്നം മാത്രം. യുപി ആര് ഭരിക്കുന്നുവോ അവരോടൊപ്പമാണ് കേന്ദ്രം എന്നതാണ് ചരിത്രം.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 71 സീറ്റുകളില്‍ വിജയിച്ച് മുന്നേറിയപ്പോള്‍ (സഖ്യകക്ഷികള്‍ക്ക് രണ്ട് സീറ്റും അങ്ങനെ 73) കോണ്‍ഗ്രസിന് സോണിയഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും മണ്ഡലങ്ങളില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. ഇന്നും ആ ഞെട്ടലില്‍ നിന്നും പാര്‍ട്ടി വിമുക്തമായിട്ടില്ല. യുപിയുടെ ഭരണം കോണ്‍ഗ്രസില്‍ നിന്നും വിട്ടകന്നിട്ട് പതിറ്റാണ്ടുകളായി. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ബിജെപിയുമാണ് അവിടത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതിനെ മറികടന്ന് കോണ്‍ഗ്രസിന് അധികാരത്തിലെത്തുക എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല.
2017 ലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണായകമാണ്. പ്രിയങ്കാവാദ്രയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് പോരാട്ടം നടത്താനാണ് ഇപ്പോഴത്തെ ആലോചന. എന്നാല്‍ കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളില്‍ അമേത്തിയിലും റായ്ബറേലിയിലും മാത്രമേ അവര്‍ പ്രചാരണ രംഗത്തിറങ്ങാറുള്ളൂ. എന്നാല്‍ ഇത്തവണ അവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി പോരാടണമെന്നാണ് കിട്ടിയ ഉപദേശം. സോണിയയാണ് ഇക്കാര്യത്തില്‍ അവസാനത്തെ തീരുമാനം എടുക്കേണ്ടത്.
കഴിഞ്ഞ ഒന്നരപതിറ്റാണ്ടോളമായി കോണ്‍ഗ്രസിന്റെ തലപ്പത്തുള്ള രാഹുല്‍ ഗാന്ധിയുടെ കഴിവുകേടിനെക്കൂടി ചിത്രീകരിക്കുന്നതാണ് ഇത്തരം ഒരു നീക്കം. എഐസിസി പ്രസിഡന്റ് ആകുന്നതിനുള്ള കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുകയാണ് രാഹുല്‍. രാഹുല്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം ഒരു സംസ്ഥാനത്തും പാര്‍ട്ടിക്ക് വിജയിക്കാനോ ഭരണത്തിലെത്താനോ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കേവലം ആറു സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇന്ന് കോണ്‍ഗ്രസ് ഭരണത്തിലുള്ളത്. അതില്‍ കര്‍ണ്ണാടക മാത്രമാണ് എടുത്തുപറയാവുന്ന ഒരു സംസ്ഥാനം. മറ്റെല്ലാ സംസ്ഥാനങ്ങളിലും കൂടി 40 ല്‍ താഴെ പാര്‍ലമെന്റ് സീറ്റുകളാണ് ഉള്ളത്. ഇവിടെയും തെരഞ്ഞെടുപ്പ് നടക്കുന്നതോടെ കോണ്‍ഗ്രസ് കളത്തിനു പുറത്താകുമെന്നതാണ് റിപ്പോര്‍ട്ട്. ഈയൊരവസ്ഥയില്‍ രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ കുറച്ചുകാലങ്ങളായി കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാറില്ലെന്നതാണ് വാദം. ഇതിന് പല കാരണങ്ങളും ഉണ്ട്. സാധാരണയായി അവര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്നില്‍ നിര്‍ത്തിയാണ് തെരഞ്ഞെടപ്പ് പോരാട്ടത്തിന് ഇറങ്ങാറുള്ളത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും അമരീന്ദര്സിങ്ങായിരിക്കും നയിക്കുകയെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല മുന്‍ കാശ്മീര്‍ മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിനാണ് നല്‍കിയിട്ടുള്ളത്. ഇത് എത്രത്തോളം പ്രായോഗികമാവുമെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത്തവണയും യുപിയില്‍ കോണ്‍ഗ്രസ് നാമാവശേഷമാവുകയാണെങ്കില് അതിന് ഇനി ഒരിക്കലും ഉയര്ത്തെഴുന്നേല്ക്കാന് കഴിയില്ല. ഇതിനെ മറിടക്കുന്നതിനാണ് പ്രിയങ്കയെ മുന്നില്‍ നിര്ത്തിപോരാടുകയെന്ന തന്ത്രത്തിന് ഇത്തവണ രൂപം നല്‍കിയിട്ടുള്ളത്. എന്നാല്‍ അത് പ്രായോഗികമാവുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: