എന്താണ് ദേശീയത, ദേശീയ പതാക, ദേശീയ ബോധം എന്നതൊക്കയാണല്ലോ ഇപ്പോൾ താത്വിക അവലോകനങ്ങളുടെ വിഷയം. ഞാൻ രാജ്യദ്രോഹിയാണ് എന്ന് അഭിമാനത്തോടെ പറയുന്ന ഒരു തലമുറ ഇവിടെ വാഴുന്നു എന്ന തിരിച്ചറിവിന്റെ ഭീതിയിൽ നിൽക്കുമ്പോൾ കാൽ നൂറ്റാണ്ട് മുൻപത്തെ ഒരു രോമാഞ്ചദായകമായ സംഭവത്തിലേക്ക് മനസ്സ് പായുകയാണ്.
1990ല് ബിജെപിയുടെയും ഇടത് പക്ഷത്തിന്റെയും പുറമേ നിന്നുള്ള പിന്തുണയിൽ വിപി സിംഗ് ആണ് പ്രധാനമന്ത്രി. കശ്മീരിൽ ഭീകരപ്രവർത്തനം അതിന്റെ മൂർധന്യത്തിൽ നിൽക്കുന്നു. ഗവർണർ ഭരണത്തിലുള്ള സംസ്ഥാനത്തിന്റെ താഴ്വര പ്രദേശം മുഴുവൻ ഭീകരരുടെ വിളയാട്ടം. ജനിച്ച മണ്ണും സ്വപ്നം കണ്ടു വളർന്ന വിണ്ണും കൈവെടിഞ്ഞ് ലക്ഷക്കണക്കിന് പണ്ഡിറ്റുകൾ തങ്ങളുടെ പ്രിയപ്പെട്ട താഴ്വരയെ കൈവെടിഞ്ഞതും അക്കാലത്ത് തന്നെ. ശ്രീനഗറിന്റെ ഹൃദയമായ ലാൽ ചൗക്കിൽ ഒരു ദേശീയ പതാക ഉയർത്താൻ പോലും കഴിയാത്ത അവസ്ഥ.
അപ്പോൾ എബിവിപി അതിന്റെ ചരിത്രത്തിലെ എറ്റവും ഐതിഹാസികമായ ഒരു തീരുമാനമെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒത്തുകൂടുന്ന പതിനായിരം വിദ്യാർഥികൾ ശ്രീനഗറിലേക്ക് മാർച്ച് ചെയ്ത് ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തുക എന്നതായിരുന്നു അത്. അതിൽ കേരളത്തിൽ നിന്ന് കശ്മീരിലേക്ക് പോകാൻ തെരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഈയുള്ളവനുമുണ്ടായിരുന്നു. അന്നുവരെ കേരളത്തിനു പുറത്തേക്ക് പോയിട്ടില്ലാത്ത ഞാൻ കാശ്മീരിലേക്ക്. സ്വപ്നസമാനമായ ഈ അവസരം വീട്ടിലും നാട്ടിലും വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കി. പക്ഷെ തീരുമാനത്തിൽ നിന്നും അണുവിട മാറാൻ അന്നത്തെ തിളക്കുന്ന യൗവ്വനം തയ്യാറല്ലായിരുന്നു. പോകാനുള്ള പണം ഉണ്ടാക്കണം എബിവിപിക്ക് ശക്തിയുണ്ടായിരുന്ന കോളേജുകളിൽ ഒന്നായിരുന്നത് കൊണ്ട് ടീമിനാവശ്യമായ പണത്തിൽ നല്ലൊരു പങ്ക് കണ്ടെത്തേണ്ട ചുമതല കൂടി പന്തളം എന്എസ്എസ് കോളേജ് യൂണിറ്റിന്റെ ചുമലിലായി. ഞാനും ജയശ്രീയും (വി മുരളിയേട്ടന്റെ ഭാര്യ ) ശമ്പളം കിട്ടുന്ന ദിവസം ഓരോ അധ്യാപകരെയും നേരിൽ കണ്ടു. സംഘടനാ കാര്യത്തിനൊപ്പം പഠനത്തിലും മോശമല്ലാതിരുന്നത് കൊണ്ട് മിക്ക അധ്യാപകരും ഒരു ബഹുമാനം തന്നിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങളുടെ ആവശ്യം അവർക്ക് തള്ളിക്കളയാൻ കഴിയില്ലായിരുന്നു. അക്കാലത്ത് കോളേജ് അധ്യാപകരിൽ നിന്ന് മാത്രം പതിനായിരം രൂപയാണ് പിരിച്ചത്.
അങ്ങനെ ,1990 സെപ്റ്റംബർ ഒമ്പതിന് സംസ്ഥാന സെക്രട്ടറി സനൽജിയുടെ നേതൃത്വത്തിൽ കേരള സംഘം പാലക്കാട് നിന്ന് ഹിമസാഗർ എക്സ്പ്രസ്സിന്റെ ലോക്കൽ കമ്പാർട്ടുമെന്റിൽ 219 രൂപയുടെ സാധാരണ ടിക്കറ്റുമെടുത്ത് കയറി. ഇന്ന് എല്ലാവർക്കും സുപരിചിതനായ കെ സുരേന്ദ്രനും അക്കൂട്ടത്തിലുണ്ടായിരുന്നു. ന്യൂസ് പേപ്പർ വിരിച്ച് തറയിൽ കിടന്നുറങ്ങിയും പ്ലാറ്റ് ഫോമുകളിലെ ടാപ്പ് വെള്ളം കുടിച്ചും തീവണ്ടിയുടെ മുഴക്കം ഹൃദയതാളമാക്കി ഞങ്ങൾ ഒരു ചരിത്രത്തിന്റെ ചൂളം വിളിയുടെ ആവേശത്തിൽ ദിവസങ്ങൾ പിന്നിട്ടു. കൃഷ്ണയുടെ തീരത്ത് മയങ്ങുന്ന വിജയവാഡയും നാഗപ്പൂരിലെ ഓറഞ്ച് തോട്ടങ്ങളും കടുകെണ്ണ മണക്കുന്ന ഝാൻസിയും കുളമ്പടികളും ആർത്തനാദങ്ങളും തങ്ങിനിൽക്കുന്ന പാനിപ്പത്തും ഭാരതത്തിന്റെ കഴുത്തിലെ ജൂഗ്ലർ വെയിൻ പോലെ കിടക്കുന്ന പത്താകോട്ടും പിന്നിട്ട് നാലാം ദിവസം ഞങ്ങൾ താവി നദിയുടെ ഇരുകരകളിലായി നീണ്ടുനിവർന്നു കിടക്കുന്ന മനോഹരിയായ ജമ്മുവിൽ തീവണ്ടിയിറങ്ങി. സംഘാടകരുടെ കണക്കിനെ അമ്പരപ്പിച്ച് കൊണ്ട് രാജ്യത്തിന്റെ ഭാഗത്ത് നിന്നും വൻ ജനക്കൂട്ടമാണ് അന്ന് ജമ്മുവിൽ തമ്പടിച്ചത്. ഭാരതമാതാവിന്റെ പാദസര ഭൂമിയിൽ നിന്ന് വന്ന കേരള സംഘത്തെ അത്ഭുതാരവങ്ങളോടെയാണ് ജമ്മു നിവാസികൾ എതിരേറ്റത്. ഇക്കണ്ട ദൂരം മുഴുവൻ താണ്ടി തങ്ങളെ അന്വേഷിച്ച് വന്ന സഹോദരങ്ങളെ പൂമലയിട്ടും കുങ്കുമം ചാർത്തിയും അവർ സ്വീകരിച്ചു.
ആദ്യ ദിവസത്തെ താമസം അറോറ ഭവൻ എന്ന വലിയ കെട്ടിടത്തിൽ. യാത്രാക്ഷീണമോ അപരിചിതത്വമോ പ്രശ്നമാക്കാതെ ഞങ്ങൾ നഗരം കാണാനിറങ്ങി. പ്രക്ഷോഭത്തിനു വന്ന മദ്രാസി ബാബുമാർ ആതിഥ്യം കൊണ്ട് വീർപ്പ് മുട്ടി. ഒരു വിധം രക്ഷപെട്ട് താമസസ്ഥലത്തെത്തിയപ്പോഴേക്കും വയറ്റിലെത്തിയത് പത്ത് ചായ, എഴ് ലെസ്സി, പതിനഞ്ച് ലഡ്ഡു പിന്നെ പേരറിയാത്ത എന്തൊക്കയോ. ദോഷം പറയരുതല്ലോ ഒരാൾ സമ്മാനിച്ചത് ഒന്നാന്തരമൊരു കാശ്മീരി ഷാൾ.
പിറ്റേ ദിവസം ഡിഎവി കോളേജ് ഗ്രൗണ്ടിൽ നിന്നാണ് മാർച്ച് ആരംഭിക്കുന്നത്. ആവേശം കൊടുമുടികയറിയ പതിനായിരം യുവാക്കൾ. ബിജെപി എംപി കേദാർ നാഥ് സാഹ്നിയുടെ ഉജ്വലമായ പ്രസംഗം കഴിഞ്ഞപ്പോൾ എല്ലാവരും അനുവദിക്കപ്പെട്ട ബസുകളിൽ കയറി. 285 കിലൊമീറ്ററാണ് ശ്രീനഗറിലേക്ക്. മുഴുവൻ പ്രക്ഷോഭ കാരികളെയും കൊണ്ടുപോകാനാവശ്യമായ 300 ബസുകളും സംഭാവനയാണ്. ബസ് ജമ്മു വിട്ട് അധികം കഴിയുന്നതിനു മുൻപ് കശ്മീരിന്റെ സ്വപ്നസൗന്ദര്യം കണ്ണുകളിലേക്ക് അരിച്ച് കയറി. ഞങ്ങൾ കുറച്ചു പേർ ഡ്രൈവറെ മണിയടിച്ച് ബസിന്റെ മുകളിൽ കയറി. അവിടെ നിന്ന്, താഴ്വരയിലെക്കുള്ള കവാടമായ ഉധംപൂർ വരെ ബസിന്റെ മുകളിൽ. തന്റെ അംഗലാവണ്യം മുഴുവൻ കാട്ടി വിലാസലാലസയായ പ്രകൃതി, ഒരു വെള്ളിയരഞ്ഞാണം പോലെ പുളഞ്ഞൊഴുകുന്ന താവി നദി, ഒരു സ്വപ്നലോകത്തിലെന്നവണ്ണം ഒഴുകി നീങ്ങുന്ന ഞങ്ങൾ. ആ മലനിരകിലെവിടെയോക്കയോ മരണം ഹിമപ്പുലിയെപ്പോലെ പതിയിരിക്കുന്നു. എപ്പോഴാണ് ഈ സൗന്ദര്യത്തിന്റെ വിരിമാറിലൂടെ വെറുപ്പിന്റെ വെടിയൊച്ചകൾ മുഴങ്ങുന്നത് എന്ന് പറയാനാവില്ല. വഴിയിൽ ചില പോസ്റ്ററുകൾ. ഇംഗ്ലീഷിലും ഉറുദുവിലും. ഇന്ത്യക്കാർക്ക് ഇവിടെന്ത് കാര്യം. മടങ്ങിപ്പോവുക അല്ലങ്കിൽ അനുഭവിക്കുക.
ആദ്യ ദിവസത്തെ ക്യാമ്പ് ഉധംപൂരിൽ. ഭക്ഷണം നാട്ടുകാരുടെ വക. നാല് ചപ്പാത്തിയും കടുകെണ്ണയിൽ ഉണ്ടാക്കിയ ഉരുളക്കിഴങ്ങ് കറിയും. വിശപ്പും ക്ഷീണവും കൂടിയായപ്പോൾ കടുകെണ്ണയുടെ ചവർപ്പിനു അമൃതിന്റെ രുചി. എറ്റവും സ്വാദേറിയ കറി വിശപ്പാണ് എന്നതെത്ര ശരി. രാത്രിയായതോടെ ഒരു ഭീതിയുടെ അന്തരീക്ഷം. ഇവിടം മുതൽ ഭീകരരുടെ ശക്തികേന്ദ്രമാണ്. ക്ഷീണമുണ്ടങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല. വെളുപ്പിനെപ്പോഴോ ഒന്ന് കണ്ണടച്ചു.
പ്രഭാതത്തിൽ കുളിച്ച് തയ്യാറെടുത്തപ്പോഴാണറിഞ്ഞത് എല്ലാവരും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. മൗലാന അബ്ദുൾ കലാം ആസാദ് കോളേജ് താത്കാലിക ജയിലാക്കി മുഴുവൻ പേരും അവിടേക്ക്. അറസ്റ്റ് ചെയ്ത പോലീസും സിആർപിഎഫും എല്ലാം വളരെ സൗഹൃദപരമായാണ് പെരുമാറിയത്. ഞങ്ങളെത്തിയത് അതുപോലൊരു ലക്ഷ്യത്തിനു വേണ്ടിയാണല്ലോ. ഭക്ഷണം കൃത്യമായി എത്തി. ഒരു ഉല്ലാസ യാത്ര പോലെ മൂന്ന് ദിവസം കസ്റ്റഡിയില്. ആർമിയുടെയും സർക്കാരിന്റെയും ഉന്നത പ്രതിനിധികൾ ദൽഹിയിലും ജമ്മുവിലും എബിവിപി നേതൃത്വത്തോട് സംസാരിച്ച് കൊണ്ടിരുന്നു. ഒടുവിൽ പതിനായിരം യുവാക്കളുടെ ജീവൻ വെച്ച് കളിക്കരുത് എന്ന സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി തിരിച്ച് പോകാൻ തീരുമാനിച്ചു. പക്ഷെ, ശ്രീനഗറിൽ ഉയർത്താൻ കൊണ്ടുവന്ന പതാക ദൽഹിയിൽ പ്രധാനമന്ത്രിയെ ഏൽപ്പിച്ചേ ഞങ്ങൾ മടങ്ങൂ എന്ന ആവശ്യം അംഗീകരിക്കപ്പെട്ടു.
അങ്ങനെ ഞങ്ങൾ ദൽഹിയിലേക്ക്. കാതോർത്തു നിന്നാൽ കുതിരക്കുളമ്പടികൾ കേൾക്കുന്ന ദൽഹിയിലെ വിശാലമായ ബോട്ട്ക്ലബ് മൈതാനത്ത് പ്രക്ഷോഭകാരികൾ ഒത്ത് കൂടി. ഞങ്ങളിൽ ചിലർ അവിടെ നിന്ന് മുങ്ങി അശോക റോഡിലെ ബിജെപി ഓഫീസിലെത്തി അവിടെ ഒരു പത്രസമ്മേളനത്തിനുള്ള തയ്യാറെടുപ്പാണ്. സമൃദ്ധമായ കറുത്ത താടിയുള്ള ഗംഭീരനായ ഒരു മനുഷ്യൻ ശ്രദ്ധയോടെ കസേരകൾ നിരത്തുന്നു. ഞങ്ങളെ കണ്ട മാത്രയിൽ എന്താ ഇവിടെ എന്ന ചോദ്യം. വിദ്യാർഥി പരിഷത്തിന്റെ പ്രവർത്തകരാണ് വെറുതെ വന്നതാണ് എന്ന് പറഞ്ഞപ്പോൾ ഒരു ചെറിയ ചിരി. ചായ കുടിച്ചിട്ട് പെട്ടന്ന് ഗ്രൗണ്ടിലേക്ക് പോകാൻ ശാസിച്ചു.
വിപി സിംഗിന്റെ വീട്ടിലേക്ക് മാർച്ച് ചെയ്ത സമരക്കാർ ഗേറ്റിൽ തടയപ്പെട്ടു. കുറച്ച് സമയത്തെ കാത്തിരിപ്പിനു ശേഷം പരിഷത്തിന്റെ ഏഴംഗ പ്രതിനിധി സംഘം ഉള്ളിൽ കടന്ന് തങ്ങൾ കൊണ്ടുവന്ന ദേശീയ പതാക പ്രധാനമന്ത്രിക്ക് കൈമാറി. ഈ പതാക ഞാൻ ശ്രീനഗറിൽ ഉയർത്തും എന്ന് ഞങ്ങൾക്ക് തന്ന വാക്ക് സിംഗ് പാലിച്ചില്ല. അത് തൊട്ടടുത്ത കൊല്ലം ഇന്ത്യ കണ്ട എറ്റവും വലിയ ഒരു ജനകീയ യാത്രക്ക് ബീജമെകി. കന്യാകുമാരിയിൽ നിന്നാരംഭിച്ച് ശ്രീനഗറിൽ ദേശീയ പതാകയുയർത്തലൊടെ സമാപിച്ച 15000 കിലോമീറ്റർ നീണ്ട മുരളീ മനോഹർ ജോഷിയുടെ ഏകതാ യാത്രയായിരുന്നു അത്. ആ യാത്രക്ക് ചുക്കാൻ പിടിച്ച് മുരളീ മനോഹർ ജോഷിയുടെ നിഴൽ പറ്റി ദൽഹി അശോകാ റോഡ് ഓഫീസിൽ ഞങ്ങളെ ശാസിച്ച ആ ഗംഭീരനായ മനുഷ്യനുണ്ടായിരുന്നു. അത് മറ്റാരുമായിരുന്നില്ല. ഈ മഹാരാജ്യത്തിനു വേണ്ടി നിയതി കാത്തു വെച്ച മഹാനിധിയായ നരേന്ദ്ര മോദി.
പിന്നീടൊരു ദിവസം ഞങ്ങൾ ഫ്രീയായിരുന്നു. ദൽഹിയിൽ കശ്മീർ അഭയാർഥികൾ താമസിക്കുന്ന ക്യാമ്പുകളിലേക്ക്. താഴ്വരയിൽ ഉയർന്ന നിലയിൽ കഴിഞ്ഞിരുന്ന സാംസ്കാരിക സമ്പന്നരായ പണ്ഡിറ്റുകൾ പഴയ ദൽഹിയിലെ മനുഷ്യ വിസർജ്യം മണക്കുന്ന ചുറ്റുപാടുകളിൽ. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുട്ടികൾ അപരിചിതരെ ഭീതിയോടെ നോക്കുന്ന പെൺകിടാങ്ങൾ. നാല് ചുവരുകളുടെയും നികുതിദായകന്റെ വിയർപ്പിന്റെയും സുരക്ഷിതത്വത്തിൽ വിപ്ലവം പ്രസംഗിക്കുന്ന പരാന്ന ഭോജികളോട് അന്ന് തുടങ്ങിയതാണ് വെറുപ്പും അവജ്ഞയും.
കേരള എക്സ്പ്രസ്സിന്റെ ലോക്കൽ കമ്പാർട്ട്മെന്റിൽ കയറി അകന്നകന്ന് പോകുന്ന ദൽഹിയെ ഒന്നുകൂടി തിരിഞ്ഞു നോക്കി. കടന്നുവന്ന സഹസ്രാബ്ദങ്ങളിൽ ഈ നഗരം എന്തിനെല്ലാം സാക്ഷിയായിട്ടുണ്ടാകും. രാജസൂയം ജയിച്ച യുധിഷ്ഠിരന്റെ രാജധാനി. പിന്നീട് അധിനിവേശങ്ങളുടെയും കൈയേറ്റങ്ങളുടെയും ചോരവീണ മൺതരികൾ പകയുടെയും ചതിയുടെയും നൂറ്റാണ്ടുകൾ. എല്ലാം കണ്ട കണ്ണന്റെ പ്രിയസഖി യമുന അപ്പോഴും ശാന്തമായി ഒഴുകി.
ആദ്യത്തെ ദീർഘയാത്ര സമ്മാനിച്ച അറിവുകളും അനുഭവങ്ങളും രൂപപ്പെടുത്തിയ മാനസികാവസ്ഥ കശ്മീരിന്റെ ഹിമാശുദ്ധിയോടെ കാൽ നൂറ്റാണ്ടിനിപ്പുറവും സൂക്ഷിക്കാൻ കഴിയുന്നത് പുണ്യം. ഭാരതാംബയുടെ അനുഗ്രഹം. ദേശീയപതാക അപമാനിക്കപ്പെടുന്നത് കണ്ട് ജനറൽ ബക്ഷി ടിവി ക്യാമറകൾക്ക് മുൻപിൽ വിതുമ്പിയപ്പോൾ ആ മഹാദുഖം നെഞ്ചേറ്റാന് കഴിയുന്നത് മഹാഭാഗ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: