മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍
കുത്തിയിരുപ്പ് സമരം നടത്തിയ പത്ര പ്രവര്‍ത്തകരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി
കെ. സുരേന്ദ്രന് അഭിസംബോധന ചെയ്യുന്നു
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ സമരം താല്‍ക്കാലികമായി ഒത്തുതിര്പ്പിലെത്തിയെങ്കിലും ടൗണ്‍ എസ്ഐയും സംഘവും ഏഷ്യാനെറ്റ് മാധ്യമ സംഘത്തിന് നേരെ വീണ്ടും അതിക്രമം നടത്തിയത് നഗരത്തെ ഞെട്ടിച്ചു.
ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പ്രകാരം ടൗണ്‍ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ എടുത്ത ഡിഎന്ജിസി വാഹനം എടുക്കാനെത്തിയ ബിനുരാജിനെയും സഹപ്രവര്‍ത്തകരെയും എസ്ഐയുടെ നേതൃത്വത്തില്‍ വലിച്ചിഴച്ച് കൊണ്ട് ടൗണ്‍ സ്റ്റേഷനിനുള്ളിലാക്കിയതാണ് വീണ്ടും നഗരത്തില്‍ പ്രതിഷേധമുയര്‍ത്തിയത്. മാധ്യമ പ്രവര്‍ത്തകരെയും പുറത്തുവിടണമെന്നാവശ്യപ്പെട്ട് എത്തിയ മറ്റ് മാധ്യമ പ്രവര്‍ത്തകരെ പോലീസ് നേരിടുകയായിരുന്നു
. എസ്ഐ വിമോദിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം പോലീസുകാര്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. കേട്ടാല്‍ അറക്കുന്ന ഭാഷയിലാണ് അവര്‍ നേരിട്ടത്. ആറ് മാസം ജാമ്യമില്ലാതെ ജയിലില്‍ കിടക്കാനുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്ന ഭീഷണിയാണ് വിമോദ് ഉയര്‍ത്തിയത്. മാറ്റി നിര്‍ത്തിയെന്ന് കമ്മീഷണര്‍ ഉറപ്പു നല്കിയ വിമോദിന്റെ നേതൃത്വത്തില്‍ വീണ്ടും പോലീസ് സംഘം അതിക്രമം കാണിച്ചതില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിനിടയില്‍ ടൗണ്‍ സ്റ്റേഷന്റെ ഗ്രില്ലുകള്‍ പൂട്ടി മാധ്യമ പ്രവര്‍ത്തകരെ സ്റ്റേഷനുള്ളില്‍ അടച്ചിട്ടു.
പോലീസിന്റെ പ്രകോപനങ്ങള്‍ ശാന്തമായി നേരിട്ട മാധ്യമ പ്രവര്‍ത്തകരെ വീണ്ടും കയ്യേറ്റം ചെയ്ത പോലീസ് നടപടിക്കെതിരെ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് നഗരത്തിലെ വ്യത്യസ്ത തുറകളില്‍പെട്ട പൊതു പ്രവര്‍ത്തകരും തൊഴിലാളികളും നാട്ടുകാരും എത്തി. എസ്ഐയെ സസ്പെന്റ് ചെയ്യാതെ ഒത്തുതീര്പ്പില്ലന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഉറപ്പിച്ചതോടെ ടൗണ്‍ പോലീസ് സ്റ്റേഷന് പരിസരം പ്രക്ഷുബ്ധ രംഗങ്ങള്ക്ക്സാക്ഷ്യം വഹിച്ചു.
എംഎല്‍എ എ പ്രദീപ്കുമാര്‍, കെ.സുരേന്ദ്രന്, കെ.സി. അബു, പി. രഘുനാഥ്, പ്രസ്സ് ക്ലബ് ഭാരവാഹികളായ കമാല്‍ വരദൂര്‍, റസല്‍ ഷാഹുല്‍ എന്നിവര്‍ ടൗണ്‍ സ്റ്റേഷനില്‍ എത്തിയ കമ്മീഷണറുമായി ചര്‍ച്ച നടത്തി. എസ്ഐയെ സസ്പെന്റ് ചെയ്യുമെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ എസ്ഐയ്ക്കെതിരെ തുടര്‍ നടപടികള്‍ എടുക്കുമെന്നും കമ്മീഷണര്‍ ഉറപ്പു നല്കി. മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ കേസുകള്‍ ഉണ്ടാവില്ലെന്നും അവര്‍ അറിയിച്ചു. എസ്ഐയെ സസ്പെന്റ് ചെയ്തു ഡിജിപിയുടെ ഉത്തരവും വന്നു.
തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ അടച്ചിട്ട മാധ്യമ പ്രവര്‍ത്തകരെ പുറത്തു വിട്ടതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.
എസ്ഐക്കെതിരെ പരാതി കിട്ടിയാല്‍ കര്‍ശന നടപടി: ഡിജിപി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ അകാരണമായി കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പരാതി ലഭിച്ചാല്‍ എസ്ഐക്കെതിരെ അറസ്റ്റ് അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. പ്രാഥമിക നടപടി എന്ന നിലയ്ക്കാണ് എസ്ഐയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതെന്നും ഡിജിപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ടൗണ്‍ സ്റ്റേഷനിലുണ്ടായ സംഭവത്തില്‍ എസ്ഐ വിമോദിന് വീഴ്ച വന്നിട്ടുള്ളതായാണ് റിപ്പോര്‍ട്ട് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐയെ സസ്പെന്‍ഡ് ചെയ്തത്. ക്രിമിനല്‍ കേസ് എസ്ഐക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
അതിനാലാണ് അറസ്റ്റ് ചെയ്യാത്തത്. എന്നാല്‍ പരാതി ലഭിച്ചാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കുമെന്നും ബഹ്റ വ്യക്തമാക്കി. മാധ്യമ-അഭിഭാഷക പ്രശ്നം ഒരുവിധം പരിഹരിച്ചുവരികയായിരുന്നു. അതിനിടയിലാണ് ഈ സംഭവം. എസ്ഐയുടെ നടപടി ഒരുതരത്തിലും നീതീകരിക്കാന്‍ കഴിയുന്നതല്ലെന്നും ബഹ്റ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: