വള്ളിക്കുന്ന്: കുടിവെള്ളമെന്ന പേരില്‍ നല്കുന്ന ഉപ്പുവെള്ളത്തിന് വില നൂറുരൂപ.
വള്ളിക്കുന്ന് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സമഗ്ര ശുദ്ധജല പദ്ധതിയിലൂടെയാണ് ഉപ്പുവെള്ളം വിതരണം ചെയ്യുന്നത്. ഇതുമൂലം പഞ്ചായത്തിലെ ബാലാതിരുത്തിയിലെ 130 ഓളം കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. നാലുഭാഗവും ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപ് നിവാസികള്‍ക്ക് ശുദ്ധജലം ലഭിക്കാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല.
ഈ പദ്ധതി ആരംഭിച്ചിട്ട് വര്‍ഷങ്ങളായി, വേനല്‍കാലത്ത് ഉപ്പുവെള്ളവും മഴക്കാലത്ത് ചെളിവെള്ളവുമാണ് ഇതിലൂടെ വിതരണം ചെയ്യുന്നത്. ഇപ്പോള്‍ ആഴ്ചയില്‍ നാല് തവണയാണ് വെള്ളം ലഭിക്കുന്നത്. പക്ഷേ ഇത് എല്ലാ ഗുണഭോക്താക്കള്‍ക്കും കിട്ടില്ല. മാത്രമല്ല ഇതിനായി മാസം നൂറുരൂപ വീതം ഈടാക്കുന്നു.
ഗ്രാമസഭകളിലടക്കം നിരവധി തവണ പരാതി നല്‍കിയെങ്കിലും അധികൃതര്‍ അനുകൂലമായ നടപടി സ്വീകരിച്ചിട്ടില്ല. മണ്ണാട്ടാംപാറ അണക്കെട്ടിന്റെ ചോര്‍ച്ചയാണ് ഉപ്പുവെള്ളം കലരാന്‍ കാരണമെന്നാണ് അധികൃതരുടെ വാദം.
പറ്റുമെങ്കില്‍ വെള്ളമെടുത്താല്‍ മതി അല്ലെങ്കില്‍ കണക്ഷന് ഒഴിവാക്കിക്കോളൂയെന്ന ദാര്‍ഷ്ട്യം നിറഞ്ഞ മറുപടിയാണ് ജലവകുപ്പ് പരാതി ഉന്നയിക്കുന്നവരോട് പറയുന്നത്. ഈ അവഗണനക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകായണ് ദ്വീപ് നിവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: