നിലമ്പൂര്‍: നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ യുഡിഎഫും ബിജെപിയും നിലമ്പൂരില്‍ നടത്തിയ ഹര്‍ത്താല്‍ സമാധാനപരം.
വടപുറം പാലം മുതല്‍ വഴിക്കടവ് വരെ അപൂര്‍വ്വം സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. സ്വകാര്യ ബസുകളും ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല.
കല്‍പ്പറ്റ, ഗൂഡല്ലൂര്‍, ഊട്ടി, പെരിന്തല്‍മണ്ണ തുടങ്ങി നിലമ്പൂരിലെ കടന്നുപോകുന്ന എല്ലാ സര്‍വീസുകളും കെഎസ്ആര്‍ടിസിയും നിര്‍ത്തിവെച്ചിരുന്നു.
മലയോരമേഖലയിലെ എല്ലാ പഞ്ചായത്തുകളിലെ ജനങ്ങള്‍ ഒരേ മനസ്സോടെയാണ് ഹര്‍ത്താലിനെ സ്വീകരിച്ചത്.
നിലമ്പൂരിന്റെ ചിരകാലസ്വപ്നമായ റെയില്‍പാതയോട് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കാത്തതിനെതിരെയായിരുന്നു ഈ ജനകീയ പ്രക്ഷോഭം. യുഡിഎഫിനും ബിജെപിക്കുമൊപ്പം എല്ലാ വിഭാഗം ജനങ്ങളും അണിനിരന്നതോടെ പ്രതിഷേധം ശക്തമായി. അനിഷ്ട സംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തില്ല. ഹര്‍ത്താലിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ടൗണില്‍ പ്രകടനം നടത്തി.
ഇതേ ആവശ്യം ഉന്നയിച്ച് ഇന്നലെ വയനാട് ജില്ലയിലും ഹര്‍ത്താല്‍ നടന്നു. വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമാണ് നിലമ്പൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: