തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രിയുടെ മിന്നല്‍ പരിശോധന. രാവിലെ എട്ടേകാലോടെ ആശുപത്രിയിലെത്തിയ മന്ത്രി ഒന്നര മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചു.
പരിശോധനയില്‍ മാലിന്യകൂമ്പരത്തിനിടയില്‍ ബിയര്‍, മദ്യ കുപ്പികള്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ജീവനക്കാരെ പരസ്യമായി ശകാരിച്ചു മന്ത്രി, ശുചീകരിച്ച് ഇതൊരു ആശുപത്രിയാക്കി മാറ്റിയില്ലെങ്കില്‍ നാളെ മുതല്‍ പണിയുണ്ടാകില്ലെന്ന് മന്ത്രി ജീവനക്കാര്‍ക്ക് താക്കീത് നല്‍കി.
വാര്‍ഡുകളിലും മുറികളിലും രക്തം പുരണ്ട പഞ്ഞിയും മറ്റ് അവശിഷ്ടങ്ങളും നിലത്ത് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. ഇതേ കുറിച്ച് ആശുപത്രി സൂപ്രണ്ടിനേയും ജീവനക്കാരേയും പരസ്യമായി ശാസിക്കാനും മന്ത്രി മടികാട്ടിയില്ല. ആശുപത്രിയുടെ ശുചീകരണ വിഭാഗം ജീവനക്കാരോട് നിരന്തരം ശുചിയാക്കണമെന്ന നിര്‍ദ്ദേശവും മന്ത്രി നല്‍കി.
മന്ത്രി പരിശോധനക്കെത്തിയപ്പോള്‍ ആശുപത്രി സൂപ്രണ്ടടക്കം ഭൂരിഭാഗം ഡോക്ടര്‍മാരും ഡ്യൂട്ടിക്കെത്തിയിരുന്നില്ല. ഹാജര്‍ നില പരിശോധിച്ച മന്ത്രി ജീവനക്കാര്‍ വൈകി ജോലിക്ക് എത്തുന്നതിനെ കുറിച്ച് ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം ചോദിച്ചു.
രാവിലെ ഏഴ് മണിക്ക് ജോലിക്കെത്തേണ്ടവര്‍ വൈകി എത്തുന്നതിനെ കുറിച്ച് ചോദിച്ച ശേഷം എല്ലാവരും രാവിലെ കൃത്യസമയത്ത് ജോലിക്കെത്തുന്ന കാര്യം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു. ആശുപത്രിയിലെ പോരായ്‌മകള്‍ സംബന്ധിച്ച പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി സൂപ്രണ്ടിനോട് നിര്‍ദ്ദേശിച്ചു.
















