വിജയവാഡ: പ്ലീസ് ഡാഡീ…പ്ലീസ് ഡാഡീ…ആ വീടു വിറ്റിട്ടായാലും എന്നെ ചികിത്സിക്കൂ ഡാഡീ…ഇല്ലെങ്കില്‍ ഞാന്‍ ജീവിക്കില്ല ഡാഡീ…എനിക്കു സ്‌കൂളില്‍ പോകണം ഡാഡീ…കൂട്ടുകാര്‍ക്കൊപ്പം കളിക്കണം ഡാഡീ…ആ വാട്‌സ്ആപ് സന്ദേശത്തിലെ സായി ശ്രീ എന്ന പതിമൂന്നുകാരിയുടെ വിലാപം എത്ര നാള്‍ കഴിഞ്ഞാലും മനസില്‍ നിന്നു മായില്ല.
പക്ഷേ, സായിയുടെ അച്ഛന്‍ മാത്രം അതു കേട്ടില്ല, ആ മനസ് അലിഞ്ഞില്ല. അച്ഛന്‍ കേള്‍ക്കാന്‍ ഈ സന്ദേശം അയച്ച് മൂന്നാം നാള്‍ അവള്‍ ഈ ലോകത്തോടു വിടപറഞ്ഞു.
അസ്ഥി മജ്ജയില്‍ അര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു സായി ശ്രീ. അച്ഛനും തെലുങ്കു ദേശം പാര്‍ട്ടിയുടെ പ്രാദേശിക നേതാവുമായ ശിവകുമാറിനോടു ചികിത്സക്കു സഹായം അഭ്യര്‍ഥിച്ച് ഈ കുരുന്നു പെണ്‍കുട്ടി അയച്ച സന്ദേശമാണ് ഒരു നൊമ്പരമായി നാടറിഞ്ഞത്.
അമ്മ സുമയാണ് ഇതു റെക്കോഡു ചെയ്തത്. സുമയുടെ ഫോണില്‍ നിന്ന് ശിവകുമാറിന് അയച്ചു. പ്രതികരണമൊന്നുമുണ്ടായില്ല. മൂന്നാം നാള്‍, കഴിഞ്ഞ ഞായറാഴ്ച, പിതൃത്വത്തിന്റെ ദയാരാഹിത്യം നിറഞ്ഞ ഈ ലോകത്തു നിന്ന് ആ പെണ്‍കുട്ടി യാത്രയായി.
തെലുങ്കുദേശം എംഎല്‍എ ബൊണ്ട ഉമാമഹേശ്വര റാവുവിന്റെ അടുത്ത അനുയായിയാണ് ശിവകുമാര്‍. സുമ നല്‍കിയ പരാതിയില്‍ വിജയവാഡ പൊലീസ് കേസെടുത്തിട്ടുണ്ട്. നടപടിയെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഗൗതം സവാങ് ഉറപ്പു കൊടുത്തു. സംസ്ഥാന മനുഷ്യവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്.
സായിക്കു രണ്ടു വയസുള്ളപ്പോള്‍ അമ്മയും അച്ഛനും വിവാഹ ബന്ധം വേര്‍പെടുത്തി. അന്നത്തെ ധാരണ അനുസരിച്ച് വിജയവാഡയിലെ അവരുടെ വീട് സായിയുടെ പേര്‍ക്ക് എഴുതി വച്ചു.
2016 ആഗസ്റ്റിലാണ് സായിക്ക് അസ്ഥി മജ്ജയില്‍ അര്‍ബുദം ആണെന്നു കണ്ടെത്തിയത്. ശസ്ത്രക്രിയ അല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് ഹൈദരാബാദിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചു. മുപ്പതു ലക്ഷം രൂപയെങ്കിലും വേണ്ടി വരും. അമ്മ സുമയുടെ പക്കല്‍ പണമില്ല. മരുന്നിനു മാത്രം മാസം മുപ്പതിനായിരമോ നാല്‍പ്പതിനായിരമോ വേണം.
തന്റെ പേരില്‍ മുമ്പ് എഴുതിവെച്ച വീട് വിറ്റിട്ടായാലും തന്നെ ചികിത്സിക്കൂ എന്നാണ് സായി അച്ഛനോട് കരഞ്ഞപേക്ഷിക്കുന്നത്. ഒരിക്കല്‍ സ്‌നേഹ നിമിഷങ്ങളിലൊന്നില്‍ അച്ഛന്റെ അമ്മയെപ്പോലെയാണ് ഞാന്‍ എന്നു പറഞ്ഞില്ലേ, ഡാഡീ. അമ്മമ്മയ്‌ക്ക് അസുഖം വന്നാല്‍ ചികിത്സിക്കില്ലേ…കണ്ണീരോടെ സായി ചോദിക്കുന്നുണ്ട്.
സായി മൈനറായതു കൊണ്ട് വീടിന്റെ കാര്യത്തില്‍ സുമയ്‌ക്ക് തീരുമാനമെടുക്കാന്‍ കഴിയുന്നില്ല. ശിവകുമാറിന്റെ ആളുകള്‍ ആ വീട്ടില്‍ക്കയറി താമസിക്കുകയാണെന്നും സുമ പറയുന്നു.
കുറച്ചു നാളുകള്‍ക്കു മുമ്പ് സായിയെ ശിവകുമാറിന്റെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ചു. എന്നാല്‍ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലും തയാറാവാത്തതിനെത്തുടര്‍ന്ന് തിരിച്ചു കൊണ്ടുപോന്നു. കുറച്ചു ദിവസം മുമ്പ് സായിയുടെ നില അതീവ ഗുരുതരമായി. അവസാന ശ്രമം എന്ന നിലയ്‌ക്കാണ് വാട്‌സ് ആപ് സന്ദേശം അയച്ചതെന്നു പറയുന്നു സുമ.
ശിവ കുമാര്‍ ഒന്നും ചെയ്തില്ല.
അച്ഛനില്ലാത്ത ദയ വിധിക്കു തോന്നേണ്ടതില്ലല്ലോ? ആ കുരുന്നു കോശങ്ങളില്‍ തീരാ വേദനയുടെ തീമഴ പെയ്യിക്കേണ്ടതില്ല ഇനിയും എന്ന ദയയെങ്കിലും കാട്ടി വിധി. ഇനി അവളെക്കുറിച്ച് ഓര്‍ക്കാന്‍ വൈറല്‍ എന്ന ഓമനപ്പേരില്‍ വിളിക്കാവുന്ന ഒരു വാട്‌സ് ആപ് സന്ദേശം മാത്രം.
















