കാക്കനാട്: പാഠപുസ്തകം അച്ചടിക്കാന്‍ കടലാസ് വാങ്ങിയതുമായി ബന്ധപ്പെട്ട് കൃത്യമായ കണക്ക് നല്‍കാത്തതിനാല്‍ കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെ.ബി.പി.എസ്)ക്ക് നല്‍കേണ്ട 65 കോടി രൂപ സര്‍ക്കാര്‍ തടഞ്ഞു. ഇതോടെ രണ്ടാം ഘട്ട പാഠപുസ്തകം അച്ചടി പ്രതിസന്ധിയിലായി.
പുസ്തകം അച്ചടിക്കായി ഇതുവരെ വാങ്ങിയ കടലാസ്, അച്ചടിക്കായി ഉപയോഗിച്ചത്, മിച്ചം വന്നത് തുടങ്ങിയവയുടെ കണക്കാണ് കെബിപിഎസ് നല്‍കാതിരുന്നത്. കണക്ക് കൃത്യമായി നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന സംശയം ബലപ്പെട്ടു. എന്നാല്‍, പുസ്തക അച്ചടി സമയത്ത് കണക്ക് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പ്രതിസന്ധിയുണ്ടാക്കുകയാണെന്നാണ് ആരോപണം.
പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി വകുപ്പായിരുന്നു മുന്‍പ് പാഠപുസ്തക അച്ചടിക്ക് കടലാസ് വാങ്ങി നല്‍കിയിരുന്നത്. എന്നാല്‍ അടുത്തകാലത്ത് പാഠപുസ്തക വിതരണത്തോടൊപ്പം കടലാസ് വാങ്ങി ഉപയോഗിക്കാനുള്ള അനുവാദവും സര്‍ക്കാര്‍ കെബിപിഎസിന് നല്‍കി.
കഴിഞ്ഞ വര്‍ഷം പാഠപുസ്തകം അച്ചടിക്കാന്‍ 24.82 കോടിക്കാണ് കടലാസ് വാങ്ങിയത്. ഈ വര്‍ഷം പുസ്തകങ്ങളുടെ ഒന്നാം വാല്യം അച്ചടിക്കാന്‍ 25 കോടിയുടെ കടലാസ് വാങ്ങി.
സ്വന്തം നിലയില്‍ കെ.ബി.പി.എസ് രണ്ട് വര്‍ഷം കടലാസ് വാങ്ങിയതില്‍ മാത്രം 49.82 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. ടെക്സ്റ്റ് ബുക് ഡിപ്പോയില്‍ നിന്ന് പാഠപുസ്തകളുടെ വിതരണം ഏറ്റെടുത്തതും കെ.ബി.പി.എസ്സിന് നഷ്ടക്കച്ചവടമായി. 2011-12 മുതല്‍ പാഠപുസ്തക വിതരണത്തില്‍ മാത്രം 15.85 കോടി രൂപ സര്‍ക്കാറില്‍ നിന്ന് കെ.ബി.പി.എസ്സിന് കിട്ടാനുണ്ട്. കടലാസിന്റെ കണക്ക് ബോധിപ്പിക്കാന്‍ കഴിയാത്തിനാല്‍ അച്ചടി വകയില്‍ സര്‍ക്കാര്‍ നല്‍കാനുള്ള കോടികളുടെ കുടിശ്ശികയും ലഭിച്ചിട്ടില്ല.
പ്ലിന്റിങ് ആന്‍ഡ് സ്റ്റേഷനറി വകുപ്പിന്റെ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കടലാസ് വാങ്ങിയതെന്നും കെ.ബി.പി.എസ് മാനേജ്മെന്റിനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കടലാസിന്റെ ഗുണനിലവാരം സംബന്ധിച്ച് തൊഴിലാളികളും സംശയം ഉന്നയിച്ചിരുന്നു. റീലുകള്‍ പലപ്പോഴും തുടരെ പൊട്ടി. ഇതു മൂലം അച്ചടിയും വൈകി.
പണം കിട്ടിയില്ലെങ്കില്‍ പുസ്തക അച്ചടി വൈകും-ടോമിന്‍ തച്ചങ്കരി
കൊച്ചി: കെബിപിഎസിന് നല്‍കാനുള്ള കുടിശിക തുക മുഴുവന്‍ കിട്ടിയില്ലെങ്കില്‍ രണ്ടാംഘട്ട പാഠപുസ്‌കങ്ങളുടെ അച്ചടി വൈകുമെന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി.
ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. കടലാസ് വാങ്ങിയതിന്റെ ബില്ലുകള്‍ ഹാജരാക്കും. വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന കാര്യങ്ങള്‍ കെബിപിഎസ് ഒറ്റയ്‌ക്ക് ചെയ്യുന്നതില്‍ ചില വകുപ്പുകള്‍ക്ക് നീരസമുണ്ടെന്നും ഇതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
















